വത്തിക്കാൻ : വിശ്വാസികൾക്ക് വേണ്ടിയുള്ള അജപാലന സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി, ടോംബുര-യാമ്പിയോ രൂപതയിൽ പുതിയ ഒരു അജപാലന കേന്ദ്രം ഉദ്ഘാടനം ചെയ്യപ്പെട്ടു. രൂപതയുടെ മെത്രാൻ എഡ്വേർഡോ ഹിബോറോ കുസ്സാലയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കഷ്ടപ്പാടുകൾക്കിടയിലും, ആന്തരിക ആത്മീയ ശക്തി കാത്തുസൂക്ഷിച്ച വിശ്വാസികളെ അഭിനന്ദിച്ച അദ്ദേഹം, ഇത് സമാധാനത്തിന്റെ അടിസ്ഥാനമായ മാറട്ടെയെന്നും ആശംസിച്ചു.
അഞ്ച് വർഷത്തിലേറെയായി, അക്രമത്തിന്റെയും, കുടിയിറക്കത്തിന്റെയും ദുരിതമനുഭവിക്കുന്ന ദക്ഷിണ സുഡാനിലെ ജനതയ്ക്ക്, ഈ അജപാലന കേന്ദ്രം ശക്തി പകരുമെന്നും, അതിനായി സഭയുടെ തുടർച്ചയായ വളർച്ചയ്ക്കും ദൗത്യത്തിനും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ സഭാ നേതാക്കളെയും ആഹ്വാനം ചെയ്യുകയും ചെയ്തു. ഇത് സംബന്ധിച്ച വിവരണങ്ങൾ ഫീദെസ് വാർത്താ ഏജൻസിയാണ് പ്രസിദ്ധീകരിച്ചത്.
ടോംബുറയിലെയും ചുറ്റുമുള്ള ഇടവകകളിലെയും വിശ്വാസികൾക്ക് സേവനങ്ങൾ നൽകുന്നതിനെ പിന്തുണയ്ക്കുക, അജപാലന ഭരണം മെച്ചപ്പെടുത്തുക എന്നിവയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ദൈവജനത്തിന്റെ സേവനത്തിൽ അജപാലന കേന്ദ്രത്തെ ഫലപ്രദമായി ഉപയോഗിക്കാൻ വൈദികരെയും, സമർപ്പിതരെയും, മതാധ്യാപകരെയും രൂപതാധ്യക്ഷൻ ആഹ്വാനം ചെയ്തു.
