അബൂജ: കഴിഞ്ഞ നവംബറിൽ നൈജീരിയയിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വൈദികന് രണ്ട് മാസത്തെ തടവിന് ശേഷം മോചനം. കടുണ അതിരൂപതയിൽ സെന്റ് സ്റ്റീഫൻ ഇടവകയിൽ സേവനം ചെയ്തിരുന്ന ഫാ. ബോബ്ബോ പാസ്ചലിനാണ് കഴിഞ്ഞ ആഴ്ച മോചനം ലഭിച്ചിരിക്കുന്നത്. ഫാ. പാസ്ചലിനെ ജനുവരി 17ന് മോചിപ്പിച്ചതായും വൈദികന്റെ മോചനത്തിനായി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും അഗാധമായ നന്ദി അറിയിക്കുന്നതായും കടൂണ അതിരൂപത പ്രസ്താവനയിൽ കുറിച്ചു.
ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ വിവിധ ആക്രമണങ്ങളുമായി തീവ്രവാദികളും സായുധ സംഘങ്ങളും സജീവമായ രാജ്യമാണ് നൈജീരിയ. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയെ 2009 മുതൽ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ബൊക്കോഹറാം ശ്രമം തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സാമ്പത്തിക നേട്ടം ലക്ഷ്യംവെച്ചു വൈദികരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളെന്ന് നിരീക്ഷകർ പറയുന്നു. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാൽ കുപ്രസിദ്ധമായ നൈജീരിയായിൽ ഒരു പതിറ്റാണ്ടിനിടെ ആയിരകണക്കിന് നിരപരാധികളായ ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്.

