മുണ്ടക്കയം: ക്രൈസ്തവ സമൂഹത്തിൻ്റെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹരിക്കുന്നതിനായി ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ തയാറാക്കി നൽകിയ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാകണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ജോസ് പുളിക്കൽ. മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ സംഘടിപ്പിച്ച സീറോമലബാർ സഭാ സമുദായശക്തീകരണ വർഷത്തിന്റെ കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരവധി കാര്യങ്ങൾ സംസ്ഥാന സർക്കാർ നടപ്പിലാക്കിയെന്നു പറയുമ്പോഴും അത് എന്തൊക്കെയാണെന്ന് ഇതുവരെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാകുമെന്ന വിശ്വാസമാണുള്ളതെന്നും ബിഷപ്പ് പുളിക്കൽ കൂട്ടിച്ചേർത്തു. എകെസിസിക്ക് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും ചായ്വില്ലെന്നും സമുദായത്തിന്റെ നിലനിൽപ്പാണ് അതിൻ്റെ രാഷ്ട്രീയമെന്നും മുഖ്യപ്രഭാഷണം നടത്തിയ ഗ്ലോബൽ പ്രസിഡൻ്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.
സമുദായത്തിൻ്റെ വേദന സ്വന്തം വേദനയാണെന്ന ബോധ്യം അംഗങ്ങൾക്കുണ്ടാകണമെന്നും അതാണ് സമുദായശക്തീകരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ മുണ്ടക്കയം വ്യാകുലമാതാ ഫൊറോനാ വികാരി ഫാ. ജെയിംസ് മുത്തനാട്ട് സ്വാഗതവും എകെസിസി രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് ആമുഖ സന്ദേശവും നൽകി. വികാരി ജനറാൾ മോൺ. സെബാസറ്റ്യൻ കൊല്ലംകുന്നേൽ അനുഗ്രഹപ്രഭാഷണവും നടത്തി.
കാഞ്ഞിരപ്പള്ളി രൂപത പ്രോട്ടോ സിഞ്ചല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം, എകെസിസി രൂപത പ്രസിഡൻ്റ് കെ.കെ. ബേബി കണ്ടത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ബിനോ പി. ജോസ്, ജോയിൻ്റ് സെക്രട്ടറി അഡ്വ. ഷാൻസി ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി. പിന്നീട് നസ്രാണി പാരമ്പര്യത്തിലുള്ള വിവിധ കലാപരിപാടികളുടെ അവതരണവും നടത്തി.

