ഘോരഖ്പൂർ : ഗോരഖ്പൂർ സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ്പ് ഡോമിനിക് കൊക്കാട്ട് കാലം ചെയ്തു. ഇന്ന് രാവിലെ 10. 58ന് ഘോരഖ്പൂർ ഫാത്തിമ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും.
1984 മുതൽ 2006 വരെ 22 വർഷം രൂപതയെ നയിച്ച ബിഷപ്പ് പിന്നീട് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. നുമോണിയ ബാധിച്ചു ചികിത്സയിലിരിക്കുകയായിരുന്നു അന്ത്യം. 1922 ഫെബ്രുവരി 23ന് കേരളത്തിലെ വൈക്കത്തു ജനിച്ചു. 1953 ന് ലിറ്റിൽഫ്ലവർ സഭയിൽ ചേർന്നു ഡോമിനിക്ക് എന്ന പേര് സ്വീകരിച്ചു. ശ്രീലങ്കയിലെ കാൻഡിയിലെ പേപ്പൽ സെമിനാരിയിലും പുനയിലും വൈദീക പഠനം പൂർത്തീകരിച്ചു.
1960 ഒക്ടോബർ 4ന് പൗരോഹിത്യം സ്വീകരിച്ചു. ആലുവയിലെ സി എസ്സ് റ്റി സെമിനാരി വൈസ് റെക്റ്റർ, ടെക്നിക്കൽ സ്കൂളിന്റെ പ്രിൻസിപ്പൽ, പഞ്ചാബ് സി എസ്സ് റ്റി മിഷൻ സൂപ്പരിയർ തുടങ്ങി വിവിധ പദവികൾ വഹിച്ചു. 1978 മുതൽ 1982 വരെ അദ്ദേഹം സിബിസി ഐ യുടെ ഡെപ്യൂട്ടി സെക്രട്ടറിയായും സേവനം അനുഷ്ടിച്ചു. 1984ഇൽ പുതിയതായി രൂപീകൃതമായ ഘോരഖ്പൂർ ആദ്യ ബിഷപ്പായി അദ്ദേഹം നിയമിതനായി. 1988ഇൽ അദ്ദേഹം കോൺഗ്രിഗേഷൻ ഓഫ് ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ സ്ഥാപിച്ചു.

