ജാലിസ്കോ: മെക്സിക്കൻ പട്ടണമായ ജാലിസ്കോയിലെ തിരുഹൃദയ ഭക്തി പ്രമേയമാക്കിയ ചലചിത്രം ജനുവരി 22നാണ് തീയേറ്ററുകളിലെത്തിയത്. യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി കേന്ദ്രമാക്കിയ ‘ബെൻഡിറ്റോ കൊറാസോൺ’ എന്ന ചിത്രം മെക്സിക്കൻ തീയേറ്ററുകളിൽ പ്രദർശനം തുടങ്ങി.മെക്സിക്കൻ വൈദികൻ ഫാ. ജോസ് അർതുറോ ലോപ്പസ് കോർനെജോ ഉൾപ്പെടെയുള്ളവർ സിനിമയിൽ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
തിരുഹൃദയ ഭക്തിയുടെ വിശ്വാസത്തിന്റെ അനുഭവത്തിലൂടെ സംഭവിക്കുന്ന മാറ്റങ്ങളാണ് സിനിമയിൽ പ്രമേയമാകുന്നത്. ഭർത്താവിന്റെ മദ്യപാനത്താൽ ദാമ്പത്യം തകർന്ന ഒരു ദമ്പതികളുടെ ജീവിതത്തിലൂടെയും ഭാര്യ പ്രാർത്ഥനയിൽ ഉറച്ചുനിൽക്കുന്നതിലൂടെയുമാണ് കഥ കടന്നുപോകുന്നത്. തെറ്റുകൾ അംഗീകരിക്കുന്നതിനെക്കുറിച്ചും മികച്ച വ്യക്തിയാകാൻ ശ്രമിക്കുന്നതിനെക്കുറിച്ചും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് സിനിമയെന്ന് നിർമ്മാതാവ് ഫ്രാൻസിസ്കോ പെരെസ് എസിഐ പ്രെൻസയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ന് ജീവിക്കുന്നവരുടെ ഹൃദയങ്ങളെ പരിവർത്തനം ചെയ്യുക എന്നതാണ് സിനിമയുടെ ലക്ഷ്യമെന്നും വിശ്വാസപരമായ ഉള്ളടക്കമുണ്ടെങ്കിലും, അത് കത്തോലിക്കാ പ്രേക്ഷകരെ മാത്രമല്ല എല്ലാവർക്കും ഉണ്ടായിരിക്കാവുന്ന മൂല്യത്തിന്റെയും പരിവർത്തനത്തിന്റെയും സന്ദേശമാണ് സിനിമ നൽകുന്നതെന്നും നിർമ്മാതാവ് കൂട്ടിച്ചേർത്തു. സുവിശേഷ പ്രഘോഷണത്തിനായി നവ മാധ്യമങ്ങൾ കൃത്യമായി ഉപയോഗിക്കുന്ന ഫാ. ജോസ് അർതുറോയുടെ സാന്നിധ്യം സിനിമയ്ക്കു ആവേശം നൽകുന്നുണ്ട്. യൂട്യൂബിൽ ഏകദേശം 3.3 ദശലക്ഷം ഫോളോവേഴ്സാണ് ഈ വൈദികനുള്ളത്.

