നെയ്റോബി: പിതാവും, മാതാവും, രണ്ടു സഹോദരന്മാരും, ഒരു സഹോദരിയും അടങ്ങുന്ന സ്വന്തം കുടുംബാംഗങ്ങളെ കൺമുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയ കൊലപാതകിയോട് ക്ഷമിച്ച റുവാണ്ടൻ കത്തോലിക്ക വൈദികൻ ക്രൈസ്തവ വിശ്വാസത്തിന്റെ ഉദാത്തമായ മാതൃകയാകുന്നു. 1994-ൽ ഗോത്രവർഗ്ഗങ്ങളായ ടുട്സികളും, ഹുടുക്കളും തമ്മിൽ നടന്ന ആഭ്യന്തരയുദ്ധത്തിനിടയിലാണ് ഫാ. മാർസെൽ ഉവിനേസായുടെ കുടുംബം കൊലചെയ്യപ്പെട്ടത്. അന്ന് വെറും 14 വയസ്സ് മാത്രം പ്രായമുള്ള മാർസെൽ ഈ കൊലപാതകങ്ങളുടെ ദൃക്സാക്ഷിയായിരുന്നു. അന്ന് അനാഥനായ ആ കത്തോലിക്കാ ബാലൻ ക്രിസ്തുവിൽ സമാശ്വാസം കണ്ടെത്തുകയും പിന്നീട് ജെസ്യൂട്ട് സമൂഹത്തിൽ ചേരുകയുമായിരിന്നു.
“റൈസൺ ഫ്രം ദി ആഷസ്: തിയോളജി ആസ് ഓട്ടോബയോഗ്രാഫി ഇൻ പോസ്റ്റ് – ജിനോസൈഡ് റുവാണ്ട” എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് കാത്തലിക് ന്യൂസ് ഏജൻസി’ക്ക് നൽകിയ അഭിമുഖത്തിൽ വംശഹത്യയുടെ വേദനകളെ വിശ്വാസത്തിന്റെ കണ്ണിലൂടെ അതിജീവിച്ച തന്റെ ജീവിതകഥ ഫാ. മാർസെൽ വിവരിക്കുകയായിരിന്നു. 2003-ൽ സഭ ചുമതലപ്പെടുത്തിയതനുസരിച്ച് വിദേശത്ത് പഠിക്കുവാൻ പോകുന്നതിനു മുൻപായി തന്റെ പ്രിയപ്പെട്ടവരുടെ കല്ലറയ്ക്കരികെ എത്തി പ്രാർത്ഥിക്കുമ്പോഴാണ് തന്റെ മാതാപിതാക്കളുടെയും, സഹോദരങ്ങളുടെയും കൊലപാതകിയെ ഫാ. മാർസൽ കണ്ടുമുട്ടുന്നത്.

ഫാ. മാർസെലിനെ കണ്ട മാത്രയിൽ മുട്ടുകുത്തി നിന്ന്, ജയിൽ മോചിതനായ ആ കൊലപാതകി ചോദിച്ചതു ഇങ്ങനെ, “മാർസെൽ ഞാൻ ചെയ്തതെന്തെന്ന് നിനക്കറിയുമോ? എന്നോട് ക്ഷമിക്കുവാൻ നിന്റെ ഹൃദയത്തിൽ ഇടമുണ്ടാകുമോ”. താൻ ആ വ്യക്തിയോട് എഴുന്നേൽക്കുവാൻ പറഞ്ഞെന്നും അതിന് ശേഷം അദ്ദേഹത്തെ ആശ്ലേഷിക്കുകയും ചെയ്തെന്നും ഫാ. മാർസെൽ വിവരിച്ചു. ഇക്കഴിഞ്ഞ ജനുവരി 15-ന് പ്രകാശനം ചെയ്ത പുസ്തകത്തിന്റെ രചനയുടെ പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ടെന്ന് പറഞ്ഞ ഫാ. മാർസെൽ, തന്റെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ വ്യക്തിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ‘ക്ഷമ’ എന്ന അത്ഭുതത്തിന്റെ പ്രാധാന്യം തനിക്ക് മനസ്സിലായതെന്നും കൂട്ടിച്ചേർത്തു.
ക്ഷമയ്ക്കു ഒരുപാട് അർത്ഥതലങ്ങൾ ഉണ്ട്, എന്നെ സംബന്ധിച്ചിടത്തോളം അതൊരു അത്ഭുതമാണ്. പണ്ഡിത ഭാഷയിൽ പറഞ്ഞാൽ സങ്കൽപ്പിക്കുവാൻ പോലും കഴിയാത്ത കാര്യങ്ങൾ ക്ഷമ ചെയ്യും. ഭൂതകാലത്തിന്റെ തടവുകാരനാകാതിരിക്കുവാനുള്ള ഒരു തീരുമാനമാണ് ക്ഷമയെന്നും ഫാ. മാർസെൽ വിവരിച്ചു. മറക്കുവാനും, പൊറുക്കുവാനും കഴിയുന്നില്ലെങ്കിൽ നാം ഭൂതകാലത്തിന്റെ ഒരു തടവുകാരനാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജെസ്യൂട്ട് സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ വിശുദ്ധമായ ജീവിത മാതൃകയാണ് ക്ഷമിക്കുവാൻ തനിക്ക് പ്രചോദനമായതെന്നും ഫാ മാർസെൽ പറയുന്നു. റുവാണ്ടൻ വംശഹത്യയിൽ മരിച്ചവരുടെയും, ശബ്ദിക്കുവാൻ കഴിയാത്തവരുടെയും ശബ്ദമായാണ് താൻ ഈ പുസ്തകം എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ൻ കെനിയയിലെ ഹെക്കിമ സർവ്വകലാശാല കോളേജിന്റെ പ്രിൻസിപ്പാളായ ഫാ. മാർസെലിന്റെ ഗവേഷണ വിഷയങ്ങളാണ് ക്ഷമയും, അനുരജ്ഞനവും.

