കെആര്‍എല്‍സിസി 46-ാമത് ജനറല്‍ അസംബ്ലി ആരംഭിച്ചു
ജീവനാദം ന്യൂസ് സര്‍വീസ്
എറണാകുളം: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നതാധികാരസമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 46-ാമത് ജനറല്‍ അസംബ്ലിയ്ക്ക് എറണാകുളം ആശീര്‍ഭവനില്‍ തുടക്കമായി. ലത്തീന്‍ സമുദായത്തിന്റെ ശക്തി തിരിച്ചറിയുന്ന ഒരു ദിവസമുണ്ടാകുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കൊച്ചി കോര്‍പറേഷന്റെ പുതിയ മേയര്‍ അഡ്വ. വി.കെ. മിനിമോള്‍ വ്യക്തമാക്കി.
ലത്തീന്‍ സമുദായം വളരെ വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. എന്നാല്‍ ഇനിയും കൂടുതല്‍ മുന്നോട്ടു പോകേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് എല്ലാ ബിഷപ്പുമാരും ചേര്‍ന്ന് സമുദായത്തിന് നല്കിക്കൊണ്ടിരിക്കുന്ന നിര്‍ദേശങ്ങള്‍. അതിന്റെ ഭാഗമാകാന്‍ കൊച്ചിയിലെ മേയര്‍ എന്ന നിലയില്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ലത്തീന്‍ കത്തോലിക്കരാണെന്ന് അഭിമാനത്തോടെ പറയാന്‍ സമുദായംഗങ്ങള്‍ ധൈര്യം കാണിക്കണമെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കെസിബിസി, കെആര്‍എല്‍സിബിസി-കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആവശ്യപ്പെട്ടു. 12 രൂപതകളിലായി 20 ലക്ഷത്തോളം അംഗങ്ങളും 22 മെത്രന്മാരുമടങ്ങുന്ന ലത്തീന്‍ സമൂഹം ഇന്ന് കേരളത്തിലെ വലിയൊരു ശക്തിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജെ. ബി. കോശി കമ്മീഷന്റെ ശുപാര്‍ശകളില്‍ സര്‍ക്കാര്‍ എന്തു നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണം. ശുപാര്‍ശകള്‍ എത്രയും വേഗം പ്രസിദ്ധീകരിക്കുകയും നടപ്പിലാക്കുകയും വേണമെന്നും ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു.
കെആർഎൽസിബി സി , കെആർഎൽസി സി, കെസിബിസി സംഘടനകളുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, കൊച്ചി രൂപതയുടെ മെത്രാനായി ചുമതലയേറ്റ ബിഷപ് ഡോ.ആൻ്റണി കാട്ടിപ്പറമ്പിൽ,നെയ്യാറ്റിൻകര രൂപതയുടെ മെത്രാനായി ചുമതലയേറ്റ ബിഷപ് ഡോ. സെൽവരാജൻ ഡി, എന്നിവരെ ലത്തീൻ സംഘടനകളുടെ പ്രതിനിധികൾ ഒരുമിച്ചു ചേർന്ന് ആദരമർപ്പിക്കുന്നു.
കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും സമുദായവക്താവുമായ ജോസഫ് ജൂഡ് സ്വാഗതവും സെക്രട്ടറി മെറ്റില്‍ഡ മൈക്കിള്‍ നന്ദിയും പറഞ്ഞു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, ഭാരവാഹികളായ ബിജു ജോസി, പാട്രിക് മൈക്കിള്‍ എന്നിവര്‍ സമ്മേളന പരിപാടികള്‍ക്ക് നേതൃത്വം നല്കി.
‘സംഘടനകളുടെ ശക്തീകരണവും സാമുദായിക മുന്നേറ്റവും’ എന്നതാണ് ഇത്തവണത്തെ മുഖ്യവിഷയം. ബിഷപ് ഡോ. ജസ്റ്റിന് മഠത്തില്‍പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ.തോമസ്, കെഎല്‍സിഡബ്ല്യുഎ പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി, കെസിവൈഎം ലാറ്റിന്‍ പ്രസിഡന്റ് പോള്‍ ജോസ്, സിഎസ്എസിനെ പ്രതിനിധീകരിച്ച് ബെന്നി പാപ്പച്ചന്, ഡിസിഎംഎസ് പ്രതിനിധി പ്രബലദാസ്, കെഎല്‍എം പ്രതിനിധി ബാബു തണ്ണിക്കോട്ട്, ഭക്തസംഘടനകളെ പ്രതിനിധീകരിച്ച് പി.എം. രാജേഷ് എന്നിവര്‍ സംസാരിച്ചു.ഉച്ചകഴിഞ്ഞ് 3.20ന് ഗ്രൂപ്പ് ചര്‍ച്ച. വൈകീട്ട് 5.15ന് കെആര്‍എല്‍സിസി ജൂബിലി ചര്‍ച്ച. 6.15ന് ഗ്രൂപ്പ് റിപ്പോര്‍ട്ട് അവതരണവും, ചര്‍ച്ചയും. രാത്രി 9ന് ഓപ്പണ്‍ ഫോറം.
ജനുവരി 11, ഞായറാഴ്ച 9 മണിക്ക് രൂപതാതല രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനം. 10മണിക്ക് കെആര്‍എല്‍സിസി പ്രവര്‍ത്തനറിപ്പോര്‍ട്ട് കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഡോ. ജിജു ജോര്‍ജ് അറക്കത്തറ അവതരിപ്പിക്കും. 10.45ന് ജനറല്‍ അസംബ്ലി പ്രസ്താവനയുടെ അവതരണവും പൊതുചര്‍ച്ചയും. ജോസഫ് ജൂഡ് മോഡറേറ്ററായിരിക്കും. 11.15ന് മുന്‍ അസംബ്ലി റിപ്പോര്‍ട്ട് അവതരണം കെആര്‍എല്‍സിസി സെക്രട്ടറി പ്രബലദാസ്. 11.30ന് ജനപ്രതിനിധികള്‍ക്ക് സ്വീകരണവും സമാപനസമ്മേളനവും.

