എറണാകുളം: കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർ എൽസിസി) 46-ാംജനറൽ അസംബ്ലിക്ക് എറണാകുളത്ത് ആശിർഭവനിൽ ആരംഭം.
രാവിലെ 10:0 ന് കെആർഎൽസിസി പ്രസിഡന്റ് ആർച്ച്ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കൊച്ചി കോർപ്പറേഷൻ മേയർ വി കെ മിനിമോൾ വിശിഷ്ടാതിഥിയും ഉദ്ഘാടകയും ആയി. നെയ്യാറ്റിൻകര, കൊച്ചി രൂപതകളുടെ മെത്രാന്മാരായി ചുമതലയേറ്റ ബിഷപ്പ് സെൽവരാജൻ ഡി., ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിൽ എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ എന്നിവർ സദസ്സിനെ അഭിസംബോധനചെയ്തു സംസാരിച്ചു.
സമുദായ ശക്തികരണത്തിൽ സംഘാത മുന്നേറ്റങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ ബിഷപ്പ് ഡോ. ജസ്റ്റിൻ മഠത്തിൽപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ലത്തീൻ സഭയിലെ വിവിധ സംഘടനകളുടെ അദ്ധ്യക്ഷന്മാരായ അഡ്വ. ഷെറി ജെ. തോമസ്, ഷേർളി സ്റ്റാൻലി . ബെന്നി പാപ്പച്ചൻ, പോൾ ജോസ് , പ്രബല്ലദാസ്, ബാബു തണ്ണിക്കോട്, രാജേഷ് പി. എം എന്നിവർ വിവിധ സാമൂഹ്യ-സമുദായ- രാഷ്ട്രീയ സംഘടനകളെ സംബന്ധിച്ച ദശവൽസര പദ്ധതിരേഖകൾ അവതരിപ്പിക്കും.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ വിശകലനം ചെയ്യുന്ന അസംബ്ളി ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ലത്തീൻസമുദായം സ്വീകരിക്കേണ്ട രാഷ്ട്രീയ സമീപനം ചർച്ച ചെയ്യും. തുടർന്ന് വാർഷിക റിപ്പോർട്ടുകൾ ചർച്ചചെയ്ത് അംഗീകരിക്കും.
ഞായറാഴ്ച രാവിലെ 11:00 ന് നടക്കുന്ന സമാപന സമ്മേളനത്തിൽവച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലേക്ക് നിയമിക്കപ്പെട്ടവർക്ക് ആദരം നല്കും. കേരളത്തിലെ പന്ത്രണ്ട് ലത്തീൻ രൂപതകളിലെയും മെത്രാന്മാരും വൈദീക, സന്ന്യസ്ത അല്മായ പ്രതിനിധികളും ഉൾപ്പെടെ 205 പേർ സമ്മേളനത്തിൽ പങ്കെടുക്കും. കെആർഎൽസിസി ഭാരവാഹികളായ സി. ജൂഡി വർഗീസ് ബിജു ജോസി, പാട്രിക് മൈക്കിൾ , മെറ്റിൽഡ മൈക്കിൾ, പ്രബലദാസ് എന്നിവർ അസംബ്ലിക്ക് നേതൃത്വം നല്കും

