ഖാർത്തൂം: സായുധ സംഘര്‍ഷം രൂക്ഷമായ തെക്കൻ സുഡാനിൽ നാല് വൈദികരും ആറ് ഡീക്കന്മാരും അഭിഷിക്തരായി. തൊമ്പൂറ-യാമ്പിയോ രൂപതയ്ക്കാണ് നവവൈദികരെയും ഡീക്കന്മാരെയും ലഭിച്ചിരിക്കുന്നത്.
പ്രാദേശികസഭയുടെ വളർച്ചയിലെ ഒരു നാഴികക്കല്ലാണിതെന്ന് രൂപതാ മെത്രാൻ എഡ്വേർഡ് ഹീബോറോ കുസ്സാല തിരുക്കര്‍മ്മങ്ങള്‍ക്കിടെ പറഞ്ഞു. നിരവധി സംഘർഷങ്ങളും പ്രതിസന്ധികളും മൂലം ബുദ്ധിമുട്ടുന്ന തെക്കൻ സുഡാനിലെ കത്തോലിക്കാസഭയ്ക്കു പ്രതീക്ഷ പകരുന്നതാണ് തിരുപ്പട്ട സ്വീകരണം.
സഭയിൽ വിശ്വസ്തതാപൂർവ്വം ശുശ്രൂഷ ചെയ്യാനും, രാജ്യത്ത് സമാധാനത്തിന്റെ സൃഷ്ടാക്കളാകാനും നവാഭിഷിക്തരോട് ബിഷപ്പ് ഹീബോറോ ആഹ്വാനം ചെയ്തു. രൂപതയ്ക്കു ഇത് നവീകരണത്തിന്റെയും പ്രത്യാശയുടെയും നിമിഷമാണെന്നും, ഇവരിലൂടെ സഭ തന്റെ അജപാലനശുശ്രൂഷ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ബിഷപ്പ് പറഞ്ഞു. നിരവധി പ്രാദേശിക സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന മേഖലയാണിത്. സര്‍ക്കാര്‍ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തത് സന്തോഷം പകരുന്നുണ്ടെന്നും പൊതുനന്മ ലക്ഷ്യമാക്കി സഭയും രാഷ്ട്രവും തമ്മിൽ തുടരുന്ന മാതൃകാപരമായ സഹകരണത്തിന്റെ അടയാളമായി കാണുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഏകദേശം 13 ദശലക്ഷം ആളുകൾ കുടിയിറക്കപ്പെട്ട സുഡാനില്‍, 30 ദശലക്ഷം പുരുഷന്മാരും സ്ത്രീകളും, പ്രായമായവരും, കുട്ടികളും അടങ്ങിയവർക്ക് അടിയന്തര മാനുഷിക സഹായവും ആവശ്യമുണ്ടെന്നു റിപ്പോർട്ടുകളുണ്ടായിരിന്നു. കൂട്ടക്കൊലകൾ, വംശീയ ആക്രമണങ്ങൾ, വിവിധ തരത്തിലുള്ള ക്രൂരതകൾ എന്നിവ വടക്കൻ ഡാർഫറിന്റെ തലസ്ഥാനമായ എൽ ഫാഷറിന്റെ പതനത്തെത്തുടർന്ന് രാജ്യത്തെ സ്ഥിതികൾ കൂടുതൽ സങ്കീർണ്ണമായിരിന്നു.

