അബൂജ: വടക്കൻ – മധ്യ നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന തട്ടിക്കൊണ്ടുപോകൽ, ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യം വയ്ക്കാനും അവരെ സാമ്പത്തികമായി കൊള്ളയടിക്കാനുമുള്ള ആസൂത്രിത തന്ത്രമാണെന്ന് വെളിപ്പെടുത്തല്‍.
ആഫ്രിക്കയിലെ മതസ്വാതന്ത്ര്യത്തെ കുറിച്ചു ഗവേഷണവും പഠനവും നടത്തുന്ന ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്കയുടെ (ORFA) പ്രതിനിധി ഉള്‍പ്പെടെയുള്ളവരാണ് അമേരിക്കന്‍ മാധ്യമമായ ഫോക്സ് ന്യൂസിനോട് ഇക്കാര്യം പങ്കുവെച്ചത്. മോചനദ്രവ്യം ലക്ഷ്യമിടുന്നതിലൂടെ ഭീകരതയ്ക്ക് ധനസഹായം സ്വരുക്കൂട്ടുന്നതിനും ക്രിസ്ത്യൻ സമൂഹത്തെ പാപ്പരാക്കാനും ഇവര്‍ ലക്ഷ്യമിടുന്നതായി ഗവേഷകനായ സ്റ്റീവൻ കെർഫാസ് ഫോക്സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞു.
നൈജീരിയയിലെ മധ്യസംസ്ഥാനങ്ങളിൽ, ഈ കൂട്ട തട്ടിക്കൊണ്ടുപോകലുകൾ ലക്ഷ്യമിടുന്നുണ്ട്. 100 ക്രൈസ്തവരെ ഉള്‍വനത്തിലേക്ക് നടത്തിക്കൊണ്ടുപോയി മാസങ്ങളോളം അവിടെ പാർപ്പിച്ച കേസുകളുണ്ട്. ഇവരെ മോചിപ്പിക്കുവാന്‍ തീവ്രവാദികള്‍ മോചന ദ്രവ്യം ആവശ്യപ്പെടുന്നു. ഭീമമായ തുക കണ്ടെത്താന്‍ അവര്‍ക്ക് തങ്ങളുടെ ഏകവരുമാന മാര്‍ഗ്ഗമായ കൃഷിയിടം ഉള്‍പ്പെടെയുള്ളവ വില്‍ക്കേണ്ടി വരുന്നു. ഇത്തരത്തില്‍ ക്രൈസ്തവര്‍ പാപ്പരാകുകയും ഇസ്ളാമിക തീവ്രവാദികള്‍ സമ്പന്നരാകുകയും ചെയ്യുന്ന കാഴ്ചയാണ് നൈജീരിയയില്‍ നിലനില്‍ക്കുന്നതെന്ന് സ്റ്റീവൻ കെർഫാസ് വെളിപ്പെടുത്തി.
വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ പിന്തുണയ്ക്കുന്ന ആഗോള ക്രിസ്ത്യൻ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസ് യുകെയുടെ സിഇഒ ഹെൻറിയേറ്റ ബ്ലൈത്തും ഇക്കാര്യം സ്ഥിരീകരിച്ചു. തട്ടിക്കൊണ്ടുപോകുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇരകളുടെ കുടുംബങ്ങളും സുഹൃത്തുക്കളും ഭൂമി, കന്നുകാലികൾ, സ്വത്ത് എന്നിവ വിൽക്കാൻ നിർബന്ധിതരാകുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 2020 നും 2025 നും ഇടയിൽ വടക്കൻ-മധ്യ മേഖലയിൽ 4,407 ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോയെന്നാണ് ഓപ്പൺ ഡോർസിന്റെ കണക്ക്.

