പരിയാരം: പ്രത്യാശ നമ്മുടെ ജീവിതത്തിലെ അണയാത്ത പുണ്യമായിരിക്കണമെന്ന് കോഴിക്കോട് അതിരൂപത മെത്രാന് ഡോ. വര്‍ഗീസ് ചക്കാലക്കല്‍.
കണ്ണൂര്‍ രൂപതയില്‍ ഒരുവര്‍ഷമായി വിവിധ പരിപാടികളോടെ നടത്തിവന്ന മഹാജൂബിലിയുടേയും ദൈവദാസന് ലീനസ് മരിയ സുക്കോളിന്റെ 12-ാമത് സ്വര്‍ഗീയ പ്രവേശന വാര്‍ഷികത്തിന്റേയും ഭാഗമായി മരിയപുരം നിത്യസഹായമാതാ പള്ളിയില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ് ചക്കാലക്കല്‍.
ലോകത്ത് സമാധാനം വേണമെങ്കിൽ മനുഷ്യൻ സ്വയം ചെറുതാകണമെന്നും ശൂന്യവൽക്കരിക്കണമെന്നുമാണ് ബെദ് ലഹേം നൽകുന്ന സന്ദേശം. ഇത്തരത്തിൽ എളിമയുള്ള ജീവിതമായിരുന്നതിനാലാണ് സുക്കോളച്ചന് മലബാറിലെ ജനങ്ങളുടെ രക്ഷകനായി മാറാൻ കഴിഞ്ഞതെന്നും ആർച്ച് ബിഷപ് ചക്കാലക്കൽ പറഞ്ഞു.
കണ്ണൂര്‍ രൂപത മെത്രാന് ഡോ.അലക്സ് വടക്കുംതല, സഹായ മെത്രാന് ഡോ.ഡെന്നീസ് കുറുപ്പശേരി, മോൺസിഞ്ഞോർ ഡോ. ക്ലാരൻസ് പാലിയത്ത്, പ്രൊക്യുറേറ്റർ ഡോ. ജോയി പൈനാടത്ത്, കേരള ജസ്യൂട്ട് പൊവിൻഷ്യാൾ ഡോ. ഹെൻറി പട്ടരുമടത്തിൽ, ദീനസേവന സഭ സുപ്പീരിയർ സിസ്റ്റർ ആൻസി, രൂപതാ വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരായി. രൂപതയിലെ വിവിധ ഇടവകകളില്‍നിന്നെത്തിയ വിശ്വാസ സമൂഹം തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.
2024 ഡിസംബര്‍ 24-ന് റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പ തുറന്നതോടെയാണ് കണ്ണൂര്‍ രൂപതയിലും ആത്മീയ നവീകരണം ലക്ഷ്യമാക്കിയുള്ള മഹാജൂബിലി പരിപാടികള്‍ തുടങ്ങിയത്. ഒരു വർഷത്തെ വിവിധ ആദ്ധ്യാത്മിക പരിപാടികൾക്ക് ശേഷം ഇന്നലെയായിരുന്നു മഹാജൂബിലി സമാപനം. ജൂബിലി സമാപനത്തിന്റെ ഭാഗമായി ആറ് മേഖലകളില്നിന്നെത്തിച്ച ജൂബിലി കുരിശുകളെ സ്വീകരിച്ച ശേഷം ദിവ്യ കാരുണ്യ ആരാധനയും നടന്നു. സുക്കോളച്ചന്റെ ഖബറിടത്തില്‍ നടന്ന അനുസ്മരണ പ്രാര്‍ഥനക്ക് ആർച് ബിഷപ് ചക്കാലക്കൽ നേതൃത്വം നൽകി.
മഹാജൂബിലി വർഷത്തിൽ ബൈബിൾ മുഴുവനായി പകർത്തിയെഴുതിയ ഒൻപത് പേരേയും ബൈബിൾ മുഴുവനായി വായിച്ചു തീർത്ത 40 ഇടവകകളിൽ നിന്നുള്ള 400 പേരേയും അനുമോദിക്കുകയും സർട്ടിഫിക്കറ്റ് നൽകി.
കണ്ണൂർ രൂപതയുടെ മാസികയായ ‘കണ്ണും കണ്ണാടി’യുമാണ് ജൂബിലി വർഷത്തിൽ ഈ പരിപാടി സംഘടിപ്പിച്ചത്. ഓരോ ദിവസത്തേയും പാരായണ ഭാഗങ്ങൾ മാസികയിലൂടെ പ്രസിദ്ധീകരിച്ച് ഈ പദ്ധതിക്ക് നേതൃത്വം നൽകിയത് ഫാ. ജോയി പൈനാടത്തും ഫാ. വിക്ടർ വിപിനും ചേർന്നായിരുന്നു. അനുമോദന ചടങ്ങിന് ശേഷം സ്നേഹവിരുന്നോടെയാണ് ചടങ്ങുകള്‍ സമാപിച്ചത്.

