ഗാസ: സമാധാനചര്‍ച്ചകളും കരാറുകളും കാറ്റില്‍പറത്തി ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു. ഗാസയിലെ കത്തോലിക്ക ദേവാലയം ഇസ്രായേലി വ്യോമാക്രമണത്തിൽ പ്രകമ്പനം കൊള്ളുന്നതിന്റെ വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. പാലസ്തീൻ ക്രിസ്ത്യൻ ആക്ടിവിസ്റ്റ് ഇഹാബ് ഹസ്സൻ പങ്കിട്ട വീഡിയോയിലാണ് സ്ഫോടനത്തിന്റെ തീവ്രത വ്യക്തമാകുന്ന ദൃശ്യങ്ങളുള്ളത്. ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ വിശ്വാസികള്‍ പ്രാർത്ഥിക്കുമ്പോള്‍ പുറത്തു വലിയ സ്ഫോടനം ഉണ്ടാകുന്നതും കെട്ടിടം കുലുങ്ങുന്നതും ജനാലകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതും ദൃശ്യമാണ്. ജനുവരി 4 ഞായറാഴ്ചത്തെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
“ഭയാനകം ഗാസ സിറ്റിയിലെ തിരുകുടുംബ കത്തോലിക്ക ദേവാലയത്തിലെ ദിവ്യബലിക്കിടെ ഇസ്രായേലി വ്യോമാക്രമണ സ്ഫോടനങ്ങളില്‍ ദേവാലയം നടുങ്ങി, അവർക്കുവേണ്ടി പ്രാർത്ഥിക്കുക” എന്ന അടിക്കുറിപ്പോടെയാണ് ഹസ്സൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യുഎസ് മധ്യസ്ഥതയിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാർ മറികടന്നു കഴിഞ്ഞ ദിവസങ്ങളിൽ, ഇസ്രായേൽ ഗാസയിൽ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾക്ക് പുറത്തുള്ള നിരവധി ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടു പുറത്തുവന്നിരിന്നു.

