വാഷിംഗ്ടൺ ഡിസി: ലൈംഗീകതയെ ചുറ്റിപ്പറ്റിയുള്ള സാംസ്കാരിക യുദ്ധമാണ് ലോകത്ത് നടക്കുന്നതെന്നും എന്നാൽ നാം ക്രിസ്തുവിനൊപ്പമാണെങ്കിൽ വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കുന്നത് സാധ്യമാകുമെന്നും ഓർമ്മിപ്പിച്ച് മുൻ അശ്ലീല ചലച്ചിത്ര താരം ബ്രിറ്റ്നി ഡെ ലാ മോറ. വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കുന്നത് ഒരു വെല്ലുവിളി തന്നെയാണെന്ന് സമ്മതിച്ചുകൊണ്ട് ക്രിസ്തുവിൽ വിശ്വസിച്ചാൽ എല്ലാം സാധ്യമാണെന്നും അശ്ലീല സാഹിത്യവും, അതിരുവിട്ട ലൈംഗീകതയും ഒരുക്കിവെച്ചിരിക്കുന്ന ചതിക്കുഴികൾ നിരവധിയാണെന്നും ബ്രിറ്റ്നി ഡെ ലാ മോറയും അവരുടെ ഭർത്താവായ റിച്ചാർഡും ‘ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്ക്’നു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിശുദ്ധിയിൽ നടക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ശരീരം കൊണ്ട് ദൈവത്തെ ആദരിക്കുവാൻ തയ്യാറാകണമെന്നും അവർ കൂട്ടിച്ചേർത്തു.

അവിവാഹിതരോ, ഒറ്റക്കോ ആയിരിക്കുന്ന കാലം നമ്മുക്ക് ദൈവത്തെ മാത്രമല്ല നമ്മളെത്തന്നെ അടുത്തറിയുവാനുള്ള ഒരവസരമാണ്. പരാജയത്തിനല്ല വിജയത്തിനായി സ്വയം സജ്ജീകരിക്കേണ്ടത് ആവശ്യമാണ്. യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചതിന് ശേഷം വിവാഹം വരെ താൻ ലൈംഗീകതയിൽ ഏർപ്പെട്ടിട്ടില്ലെന്നും അവർ വെളിപ്പെടുത്തി. 2016 ഫെബ്രുവരി 20-നായിരുന്നു ബ്രിറ്റ്നിയുടേയും റിച്ചാർഡിന്റേയും വിവാഹം. താൻ ബ്രിറ്റ്നിയെ ആദ്യമായി കണ്ടപ്പോൾ അവൾ അശ്ലീല സിനിമാ താരമായിരിന്നെന്ന കാര്യം താൻ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നുവെന്ൻ റിച്ചാർഡ് പറയുന്നു. എന്നിരുന്നാലും അവളുടെ പൂർവ്വകാലം തനിക്കൊരു പ്രശ്നമല്ലെന്നും, ദൈവാനുഗ്രഹം ലഭിച്ച ഒരു വ്യക്തിയായിട്ടാണ് താൻ അവളെ ഇപ്പോൾ കാണുന്നതെന്നും റിച്ചാർഡ് പറഞ്ഞു.
ദൈവം ബ്രിറ്റ്നിയുടെ ജീവിതത്തിൽ നടത്തിയ ഇടപെടൽ അതിശയകരമാണെന്നും റിച്ചാർഡ് പറയുന്നു. മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നതിന് മുൻപ് അവിവാഹിതരായ ക്രൈസ്തവർ ശരിക്കും പുനർവിചിന്തനം നടത്തണമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. അമേരിക്കയുടെ അശ്ലീല അടിമത്വം ജനങ്ങൾ വിശ്വസിക്കുന്ന ഒരു നുണയുടെ പുറത്താണെന്നും “ലൈംഗീകത ഒരു പാപമായി കരുതുവാൻ കഴിയില്ല” എന്നതാണ് ആ നുണയെന്നും അദ്ദേഹം പറഞ്ഞു. യേശുക്രിസ്തുവിൽ വിശ്വസിക്കേണ്ട ആവശ്യകതയെ കുറിച്ചും അശ്ലീല സാഹിത്യത്തിന്റെ ദോഷങ്ങളെക്കുറിച്ചും, വിശുദ്ധിയിൽ ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്കരണം നടത്തിവരികയാണ് ഈ ദമ്പതികൾ ഇപ്പോൾ.

