ചങ്ങനാശേരി: മാനേജ്മെൻ്റ് വിദ്യാഭ്യാസരംഗത്തെ ശ്രേഷ്ഠ വ്യക്തിത്വവും ചങ്ങനാശേരി അതിരൂപതാംഗവുമായ പ്രഫ. ജെ. ഫിലിപ്പിനെ ലെയോ പതിനാലാമൻ മാർപാപ്പ ഷെവലിയർ പദവി നൽകി ആദരിച്ചു. ചങ്ങനാശേരി അതിരൂപതയിലെ പുളിങ്കുന്ന് ഫൊറോനാ പുന്നക്കുന്നത്തുശേരി ഇടവകാംഗമാണ്. ക്രൈസ്തവ വിശ്വാസത്തിലും മൂല്യങ്ങളിലും അടിയുറച്ച സമഗ്രമായ വിദ്യാഭ്യാസദർശനം രൂപപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ സഹായിക്കുകയും തലമുറകൾക്കു മാർഗദർശനം നൽകുകയും ചെയ്ത വ്യക്തിയാണ് ഷെവലിയർ ജെ. ഫിലിപ്പ്.
ബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ മുൻ ഡയറക്ടർ, ഇന്ത്യൻ മാനേജ്മെൻ്റ് അസോസിയേഷൻ ദേശീയ സ്ഥാപക പ്രസിഡൻറ് തുടങ്ങിയ പദവികളിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് അദ്ദേഹം. സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എൻറർപ്രണർഷിപ്പ് (സൈം) ബംഗളൂർ, കൊച്ചി, ചെന്നൈ എന്നിവയുടെ സ്ഥാപകനാണ്. ചങ്ങനാശേരി അതിരൂപതയുമായി സഹകരിച്ച് ഏറ്റുമാനൂർ പള്ളിക്കുന്നിൽ സൈം ഇൻറർനാഷണൽ സ്കൂളും ആരംഭിച്ചു.

