കവർ സ്റ്റോറി / ബിജോ സില്‍വേരി
കേരളത്തിന്റെ ചരിത്ര-സാമൂഹിക-സാംസ്കാരിക മേഖലയ്ക്ക് വിലപ്പെട്ട വിവരങ്ങള്‍ നല്കിയവരാണ് കേരളം സന്ദര്‍ശിച്ച വിദേശസഞ്ചാരികള്‍. വെനീസുകാരനായ മാര്‍ക്കോപോളോ, റോമാക്കാരനായ പ്ലീനി, ലോകസഞ്ചാരിയായ ഇബിന്‍ബത്തൂത്ത, പോര്‍ട്ടുഗീസുകാരനായ ദുവാര്‍ത്തേ ബര്‍ബോസ, ലിസ്ബണിലെ ഗ്രന്ഥശേഖരത്തിലുള്ള മലബാറിന്റെ ചരിത്രം എഴുതിയ ഡയാഗോ ഗാര്‍ഷ്യ എന്ന പുരോഹിതന്, ഷേക് സൈനുദ്ദീന്‍, ഡച്ച് ക്യാപ്റ്റനായിരുന്ന ജോണ്‍ ന്യൂഹാഫ്, വില്യം ലോഗന്, കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് എഴുതിയ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയന് വാന്‍ റീഡ് തുടങ്ങിയവരുടെ വിവരണങ്ങള്‍ ഉദാഹരണമാണ്.

കൊച്ചിയിലെ ഡച്ച് സെമിത്തേരി
ഡച്ച് വാഴ്ചക്കാലത്തെ കേരളത്തെ കുറിച്ച് സൂക്ഷ്മമായ വിവരങ്ങള്‍ നല്‍കുന്നതാണ് ഡച്ച് പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലെ (കാല്വനിസ്റ്റ്) പുരോഹിതനായിരുന്ന ജേക്കബ് കാന്റര്‍ വിഷറുടെ വിവരണങ്ങള്‍. എഡി 1717 മുതല്‍ 1732 വരെ കേരളത്തിലെ മത, സാമൂഹിക, രാഷ്ട്രീയ, സസ്യ-ജീവജാല സമ്പത്ത് അടക്കമുള്ള കാര്യങ്ങളെ കുറിച്ചാണ് നെതര്‍ലന്‍ഡ്സിലെ (ഡച്ച്) പലര്‍ക്കുമയച്ച കത്തുകളിലെ ഉള്ളടക്കം. കാന്റര്‍ വിഷറുടെ കത്തുകളെ അടിസ്ഥാനമാക്കിയാണ് കെ.പി. പത്മനാഭമേനോന്‍ ‘കേരളചരിത്രം’ എന്ന ബൃഹദ്ഗ്രന്ഥം രചിച്ചിട്ടുള്ളത്.
കെ. ശിവശങ്കരന് നായര്‍ പരിഭാഷപ്പെടുത്തി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘കേരളം ഡച്ചുകാരുടെ ദൃഷ്ടിയില്’ എന്ന കൃതിയില്‍ ഈ കത്തുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിലെ ‘മലബാറിലെ റോമാസഭ’ എന്ന അധ്യായം അക്കാലത്തെ കത്തോലിക്ക സഭയെയും കാല്വനിസ്റ്റ് സഭാപ്രവര്ത്തനങ്ങളേയും കുറിച്ചുള്ള പല വിവരങ്ങളും നല്‍കുന്നുണ്ട്. ഈ ലേഖനം ഇവിടെ പങ്കുവയ്ക്കുന്നു. കേരള സ്റ്റേറ്റ് ഗസറ്റിയേഴ്സിലെ സ്റ്റേറ്റ് എഡിറ്ററുടെ ചുമതല വഹിച്ചിരുന്ന ഡോ. എസ്. റെയ്മണ്‍ കാണിച്ച പ്രത്യേക താല്പര്യമില്ലായിരുന്നെങ്കില് ഒരുപക്ഷേ, ഈ ഗ്രന്ഥം ഇപ്പോഴെങ്ങും വെളിച്ചം കാണില്ലായിരുന്നുവെന്നും ഗസറ്റിയേഴ്സ് പ്രസിദ്ധീകരിച്ച ആദ്യത്തെ മലയാളഗ്രന്ഥമാണിതെന്നും പുസ്തകത്തിന്റെ ആമുഖത്തില്‍ കെ. ശിവശങ്കരന്‍നായര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിഒസി ഗേറ്റ് : ഡച്ചുകാരുടെയും അവരുടെ പ്രവര്‍ത്തനങ്ങളുടെയും സാക്ഷ്യമായി നിലകൊള്ളുന്നു
1600കളുടെ തുടക്കത്തില്‍, ആംസ്റ്റര്‍ഡാമില്‍ നിന്ന് പ്രൊട്ടസ്റ്റന്റ് (കാല്‍വിനിസ്റ്റ്-ജോണ്‍ കാല്വിന്റെ പാത പിന്തുടര്ന്നതിനാലാണ് ഡച്ച് റിഫോംഡ് ചര്‍ച്ചിലെ പുരോഹിതന്മാരെ കാല്വിനിസ്റ്റുകള് എന്നു വിളിച്ചിരുന്നത്) പാസ്റ്റര്‍മാരും ചാപ്ലിന്മാരും യുണൈറ്റഡ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ (വിഒസി) ഉദ്യോഗസ്ഥരോടൊപ്പം അവര്‍ പോകുന്ന രാജ്യങ്ങളിലേക്ക് അവരോടൊപ്പം സഞ്ചരിക്കാന്‍ തുടങ്ങി. കമ്പനി ജീവനക്കാര്‍ വ്യാജമതങ്ങളുടെ ഇരകളാകുന്നത് തടയാനും ‘വിജാതീയരെ’യും ‘മൂറുകളെ’യും (മുസ് ലിംകളെ) പ്രൊട്ടസ്റ്റന്റ് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യലുമായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. 1799 ഡിസംബറില്‍ വിഒസി, മിഷണിമാരുടെ വരവ് വിലക്കിയപ്പോഴേക്കും കാല്‍വനിസ്റ്റുകള്‍ അനേകം പള്ളികളും നൂറുകണക്കിന് സ്കൂളുകളും സ്ഥാപിക്കുകയും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് തദ്ദേശീയരെ മതപരിവര്‍ത്തനം ചെയ്യുകയും ചെയ്തിരുന്നു.
ഒരു കത്തില്‍, തന്റെ കൂട്ടാളികളായ പട്ടാളക്കാരോട്, അവര്‍ കൊള്ളയടിച്ച ഒരു ക്ഷേത്രത്തില്‍ നിന്ന് കൊള്ളയടിച്ചതിന്റെ ഒരു ഭാഗം പങ്കിടാന്‍ അപേക്ഷിച്ച ഒരു വിചിത്ര സംഭവം ജേക്കബ് കാന്റര്‍ വിഷര്‍ വിവരിക്കുന്നുണ്ട് (ഈ ലേഖനത്തിലല്ല). അദ്ദേഹം എഴുതി: ”ഞാന്‍ പടയാളികളില്‍ നിന്ന് ക്ഷേത്രത്തില്‍ നിന്ന് പുറത്തെടുത്ത നിരവധി പുറജാതീയ വിഗ്രഹങ്ങള്‍ ശേഖരിച്ചു, അവ ഞാന്‍ ഒരു സ്മാരകമായി സൂക്ഷിക്കുന്നു.” ഒരുപക്ഷേ, സ്വന്തം നാട്ടിലുള്ളവരെ കാണിക്കാനും, മിഷന് രംഗത്ത് താന്‍ മറ്റുള്ളവരുടെ മതം മാറ്റുന്നതിനെക്കുറിച്ച് പറയാനുമുള്ള ഒരു സ്മാരകമായിട്ടായിരിക്കാം വിഷര്‍ ഈ വിഗ്രഹങ്ങളെ കണ്ടത്. കാല്‍വിനിസ്റ്റ് മിഷനറിമാര്‍ പതിവായി ഉച്ചത്തില്‍ അപലപിച്ചിരുന്ന പൈശാചിക വിഗ്രഹങ്ങള്‍ ജേക്കബ് കാന്റര്‍ വിഷറിന് ഒരു വിചിത്ര സംസ്കാരത്തിന്റെ സ്മാരകങ്ങളായി മാറി എന്നത് ശ്രദ്ധേയമാണ്. ഈ ലേഖനത്തില്‍ (കത്തില്‍) കത്തോലിക്ക സഭയെയും പുരോഹിതരെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. കാല്‍വനിസ്റ്റുകള്‍ പരിഷ്കൃതരാണെന്നും കത്തോലിക്കര്‍ അങ്ങനെയല്ലെന്നും വിഗ്രഹാരാധാകരാണെന്നും ആരോപിക്കുന്നു. മതപരിവര്‍ത്തന രംഗത്ത് കത്തോലിക്കര്‍ മുന്നേറിയതിനെകുറിച്ചും പറയുന്നു.
ജേക്കബ് കാന്റര്‍ വിഷറിന്റെ
മലബാറിലെ റോമാസഭ എന്ന ലേഖനം

ഡച്ച് കാലത്തെ കേരളത്തിന്റെ മാപ്
മലാക്ക, ചോളമണ്ഡലം, മലബാര്‍ എന്നിവിടങ്ങളിലെ ക്രിസ്ത്യാനികള്‍ മിക്കവാറും റോമാസഭക്കാരാണ്. നമ്മുടെ മതത്തില്‍പ്പെട്ടവര്‍ (പ്രൊട്ടസ്റ്റന്റ്) വെറും ന്യൂനപക്ഷമാണ്. അവര്‍ കൂടുതലും, ഡച്ചുകാരോ മിശ്രജാതികളോ ആണ്. ഈ രാജ്യങ്ങളില്‍ നമ്മുടെ സഭയില്‍ ഒരു പുരോഹിതന് വീതമേയുള്ളൂ. എന്നാല്‍ റോമാസഭയില്‍, വെട്ടുകിളികളെപ്പോലെ ആയിരക്കണക്കിനു പുരോഹിതന്മാരാണ് തീരപ്രദേശത്തുള്ളത്. പൊതുവേ അവര്‍ ദരിദ്രരാണ്. സഭാംഗങ്ങള്‍ ഏഴകളായതുകൊണ്ട്, യൂറോപ്പിലെപ്പോലെ ഇവിടെ അവര്‍ക്ക് കാര്യമായ വരവില്ല. പുരോഹിതന്മാരില് നാട്ടുകാരും യൂറോപ്യന്മാരുമുണ്ട്. അവരില്‍ രണ്ടാമത്തെ കൂട്ടര് ഏറെ ബഹുമാനിക്കപ്പെടുന്നു.
മലബാറിനു മുഴുവന്‍ ഒരു ആര്‍ച്ച്ബിഷപ്പും രണ്ടു ബിഷപ്പന്മാരും മാത്രമേ ഉള്ളൂവെന്നറിയുമ്പോള് അവരുടെ അധികാരം എത്രമാത്രമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആര്‍ച്ച്ബിഷപ്പിനു മലമ്പ്രദേശത്തെ ക്രിസ്ത്യാനികള്ക്കുമേല് അധികാരമുണ്ട്.
അതില്‍ നിന്നാണദ്ദേഹത്തിന്റെ സ്ഥാനപ്പേരുണ്ടായത്. അദ്ദേഹത്തിന്റെ താമസം കൊച്ചിയില്‍നിന്നും ഏതാനും നാഴിക അകലെയുള്ള അമ്പെക്കാട്ട് (കോട്ടപ്പുറം രൂപതയിലെ അമ്പഴക്കാട്ട് ആയിരിക്കണം) ആണ്. ഇപ്പോഴത്തെ മുഖ്യപുരോഹിതന്‍ സ്പെയിന്‍കാരനായ അന്റോണിയോ പീമെന്റാല് എന്ന ജെസ്യൂട്ട് (ഈശോസഭ) ആണ്. കൊച്ചി ബിഷപ് എന്ന സ്ഥാനം വഹിക്കുന്ന മറ്റൊരാള്‍ ഇപ്പോള്‍ താമസം കൊല്ലത്താണ്. ഇവര്‍ രണ്ടുപേരും പോര്‍ട്ടുഗീസ് രാജാവില്‍നിന്നു പട്ടം കിട്ടിയവരാണ്. പാപ്പാ അവരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. കുടിലതയില്‍ അഗ്രേസരന്മാരായ ഇവര്‍ രണ്ടുപേരും പോര്‍ട്ടുഗീസ് രാജാവിനുവേണ്ടി ചാരപ്പണി നടത്തുകയും, കമ്പനിയെപ്പറ്റി വിവരങ്ങള്‍ ശേഖരിച്ച് നാട്ടുകാര്‍ക്കു നല്കി അവരെ കമ്പനിക്കെതിരെ തിരിച്ചുവിടുകയുമാണ്. അവരുടെ സ്ഥലത്തിനുമേല്‍ കമ്പനി അധികാരമില്ലാത്തതുകൊണ്ട് അവരെ ഓടിച്ചുകളയുവാന്‍ കമ്പനിക്കു സാധിക്കുകയില്ല. നമ്മുടെ മുന്‍ കമാന്‍ഡര്‍മാര്‍ ഈ ബിഷപ്പുമാര്‍ക്കു നല്കിയ ഉപചാരം കണ്ടാല്‍ വിസ്മയിക്കാതിരിക്കാനാവില്ല.

മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരം
രാജാക്കന്മാരെ എന്നപോലെ ആചാരവെടി പൊട്ടിച്ച് അവരെ ആദരിക്കുമ്പോള്‍ പ്രൊട്ടസ്റ്റന്റുകാര്ക്കു ദുഃഖിക്കാതിരിക്കാനാവില്ല. റോമാസഭക്കാര്ക്ക് അത് ആഹ്ലാദം പകരുന്നു. നമ്മുടെ മുഖ്യപുരോഹിതനേക്കാള് കൂടുതല്‍ ബഹുമതിയാണല്ലോ അവര്‍ക്കു നല്കപ്പെടുന്നത്. സ്വാര്‍ഥതയും ധനേച്ഛയും ആണ് ലോകത്തെ ഭരിക്കുന്നതെന്നു കണ്ടാല്‍ ഇതിന്റെയെല്ലാം അര്‍ഥം മനസ്സിലാകും. ജയില്‍പുള്ളികളും കുറ്റവാളികളുമായ റോമാസഭക്കാരനെ സന്ദര്‍ശിക്കാന്‍ അവരുടെ ബിഷപ്പിനെ അനുവദിക്കുന്നു എന്നു മാത്രല്ലേ അവരെ തൂക്കിലേറ്റുമ്പോള്‍ കൂടെപ്പോകാനും അനുവദിക്കുന്നു. കമാന്‍ഡര്‍ കേറ്റെലിന്റെ അധികാരദുര്വിനിയോഗമാണിത്. ഇപ്പോഴത്തെ കമാന്‍ഡര്‍ ഹെര്ട്ടെന്ബര്ഗ് ആഭിജാത്യമുള്ളവനും, ഇത്തരം കൊള്ളരുതായ്മകളോട് വളരെ എതിരുള്ളയാളും അവരുടെ അഹങ്കാരത്തിനു തടയിടുന്നവനുമാണ്.
ഇവര്‍ക്കു രണ്ടുപേര്ക്കുംപുറമേ കൊടുങ്ങല്ലൂര്‍ ബിഷപ് എന്ന് അവകാശപ്പെടുന്ന മറ്റൊരാളും ഉണ്ട്. കൊടുങ്ങല്ലൂരും സമീപപ്രദേശങ്ങളും അയാളുടെ കീഴിലാണ്.
പോപ്പ് നിയമിച്ച കര്‍മലീത്ത ബിഷപ്പായ അദ്ദേഹം കമ്പനിയുടെ സംരക്ഷണയിലാണ്. ഇത്തരം ഒരു മുഖ്യപുരോഹിതനെ നിയമിക്കാന്‍ സ്റ്റേറ്റ് ജനറല്‍ ചക്രവര്ത്തിക്കധികാരം നല്‍കിയിരുന്നു. ചക്രവര്‍ത്തി അധികാരം പാപ്പായ്ക്കു നല്കി. ഈ ബിഷപ് പോര്‍ട്ടുഗീസുകാരുമായി ഇണങ്ങിച്ചേരുമെന്നു ഭയപ്പെടേണ്ടതില്ല. നേരെമറിച്ച് ഈ ബിഷപ് പോര്‍ട്ടുഗീസുകാരുടെ ശത്രുവാണ്. എന്തെന്നാല്‍ പോര്‍ട്ടുഗീസ് രാജാവിന്റെ അംഗീകാരമില്ലാതെ പാപ്പാ നിയമിച്ച ഈ ബിഷപ്പിനെ അവര്ക്കിഷ്ടമാവുകയില്ലല്ലോ. തങ്ങളെയും തങ്ങളുടെ പുരോഹിതന്മാരെയും നാടുകടത്താന്‍ പോര്‍ട്ടുഗീസുകാര്‍ക്കു കഴിയില്ലെന്നറിയാമായിരുന്നതുകൊണ്ട് ഈ ബിഷപ്പും കൂട്ടരും പോര്‍ട്ടുഗീസുകാരെ ഒഴിവാക്കി. ഇവര്‍ക്ക് യൂറോപ്പിലേക്ക് അയക്കുന്ന കത്തുകളെയും, റോമില്‍നിന്ന് ഇവര്‍ അയക്കുന്ന പണവും പോര്‍ട്ടുഗീസുകാരും ജെസ്യൂട്സും ചേര്‍ന്നു പിടിച്ചെടുക്കുക പതിവായി.
ഇക്കാരണത്താല്‍ കൊടുങ്ങല്ലൂര്‍ പൗരോഹിത്യം പോര്‍ട്ടുഗീസ് ബിഷപ്പുമാര്ക്കെതിരാണ്. ഇവരെ പ്രയോജനപ്പെടുത്തിയാല്‍ കമാന്‍ഡര്‍ക്ക് പോര്‍ട്ടുഗീസ് പുരോഹിതന്മാരുടെ കൂടിലതകള് മനസ്സിലാക്കാന്‍ കഴിയും. ഈ ബിഷപ്പിന്റെയും പാതിരിമാരുടെയും വാസം കൊച്ചിയില്‍ നിന്ന് അമ്പതുനാഴിക അകലെയുള്ള വരാപ്പുഴയാണ്. അവിടെ അവര്‍ക്ക് ഒരു കോണ്‍വെന്റും നല്ലൊരു പള്ളിയുമുണ്ട്. അവര്‍ക്കു ധാരാളം അനുയായികളുണ്ടാവുമെന്നു കരുതാനാവില്ല. അവരുടെ ദാരിദ്ര്യംമൂലം നാടുവാഴികള്‍ക്ക് അവരോടു വലിയ ബഹുമാനമില്ല. അതേസമയം ജെസ്യൂട്ടുകള്‍ ധനികരും കഴിവുറ്റവരുമാണ്. അതുകൊണ്ട് പണക്കൊതിയന്മാര്ക്കിടയില് അവര്‍ക്കു വലിയ സ്വാധീനമാണ്.
ഈ വിവരണങ്ങളില്‍നിന്നു മലബാര്‍ ക്രിസ്ത്യാനികളെപ്പറ്റി അങ്ങേക്കു മതിയായ ധാരണ ഉണ്ടായിരിക്കുമല്ലോ. അന്ധവിശ്വാസം ഇവിടെ കൊടികുത്തി വാഴുകയാണ്. അതുകൊണ്ട് റോമാസഭക്കാരെ പരിഷ്കൃത സഭയിലേക്കു (കാല്വനിസ്റ്റ്) കൊണ്ടുവരിക മനുഷ്യസാധ്യമല്ല.
പ്രധാന കാരണം അവര്‍ മണ്ടന്മാരാണെന്നുള്ളതാണ്. മറ്റൊന്ന്, അവരുടെ മിഷണറിമാര്‍ നമ്മുടെ സഭയെപ്പറ്റി ആളുകളില്‍ വലിയ ഭയപ്പാടാണ് ഉളവാക്കിയിട്ടുള്ളത്. ക്രിസ്ത്യാനി എന്നു പറഞ്ഞാല്‍ റോമന്‍ കത്തോലിക്കര്‍ എന്നാണവര്‍ പഠിപ്പിച്ചിരിക്കുന്നത്. അവര്‍ നമ്മുടെ സഭയെപ്പറ്റി ആയിരം കള്ളത്തരങ്ങളാണ് പ്രചരിപ്പിച്ചിരിക്കുന്നത്; ഉദാഹരണമായി, ക്രിസ്തുവിന്റെ ദൈവികത്തെ നമ്മള് നിഷേധിക്കുന്നു എന്നവര്‍ പ്രചരിപ്പിക്കുന്നു. അറിവില്ലാത്തവരെ ഇത്തരം അനേകം കള്ളത്തരങ്ങള്‍ പറഞ്ഞു പഠിപ്പിക്കുന്നു. വാന്റ്റൈമര് എന്നുപേരുള്ള ഒരു പോര്‍ട്ടുഗീസ് ജനറല്‍ ബറ്റേവിയായില് വച്ചു തട്ടിവിട്ട ഒരു കഥ ഇതിനുദാഹരണമാണ്. അവിശ്വാസികളെ മതം മാറ്റാന്‍ അയാള്‍ പറഞ്ഞ അദ്ഭുതകഥ ഇപ്രകാരമാണ്. ‘റോമലക്കന്’ എന്ന സ്ഥലത്തെ ഒരു വീട്ടിലുള്ള ബഞ്ചില്‍ പെട്ടെന്നൊരു കല്‍കുരിശ് മുളച്ചു പൊങ്ങി. എത്ര പ്രാവശ്യം വെട്ടിമുറിച്ചാലും അതു വിണ്ടും മുളച്ചുപൊങ്ങും. ഇതൊരു പച്ചക്കള്ളമാണ്. ഞാനും ആയിരക്കണക്കിനു മറ്റുള്ളവരും ആ വഴിക്കു സഞ്ചരിച്ചുവെങ്കിലും അങ്ങനെയൊന്നും കണ്ടില്ല.
ഇത്തരം ഒരു കഥയാണ് ഹാംബര്ഗില്നിന്നു വന്ന ഒരു ലൂഥറന്‍ (ജര്‍മനിയിലെ മാര്ട്ടിന് ലൂഥറിന്റെ അനുയായി) വ്യാപാരിയില്‍ നിന്നു ഞാന്‍ കേട്ടത്. അയാള്‍ പോര്‍ട്ടുഗലില്‍ നിന്നു ഗോവയിലേക്കും അവിടെ നിന്നു തലശ്ശേരിയിലേക്കും എത്തി. പോര്‍ട്ടുഗലില്‍ അയാള്‍ കേട്ട കഥ ഇപ്രകാരമായിരുന്നു. കൊച്ചിയില്‍ ഒരു അദ്ഭുതകരമായ പോര്‍ട്ടുഗീസ് മന്ദിരം ഉണ്ടായിരുന്നു. ഡച്ച് കമാന്‍ഡര്‍ അതിനെ നശിപ്പിക്കാന്‍ അനേകം ഭടന്മാരെ അയച്ചിട്ടും സാധിച്ചില്ല. ഒടുവില്‍ അതിനെ പീരങ്കികള്‍ വച്ചു തകര്‍ക്കാന്‍ നോക്കി. എന്നിട്ടും ഒന്നും സംഭവിച്ചില്ല. ഇതു ശരിയാണോ എന്നയാള്‍ ചോദിച്ചപ്പോള്‍ ഞാനതിനെ പുച്ഛിച്ചുതള്ളി.
പോര്‍ട്ടുഗലിലെ അഭിജ്ഞര്‍ പോലും അതു വിശ്വസിക്കുന്നു എന്നയാള്‍ എന്നോടു പറഞ്ഞു.
ഇന്ത്യന്‍ സമുദ്രതീരത്തു റോമാസഭയ്ക്ക് വമ്പിച്ച സ്വാധീനം എങ്ങനെ ഉണ്ടായി എന്നും നമ്മുടെ പരിഷ്കൃതസഭയ്ക്ക് എന്തുകൊണ്ട് അവിടെ വേരുപിടിക്കാന്‍ കഴിഞ്ഞില്ല എന്നും അറിയാന്‍ അങ്ങേക്കു താല്‍പ്പര്യം കാണുമല്ലോ. ഞാന്‍ മുമ്പു പറഞ്ഞതുപോലെ റോമന്‍ പുരോഹിതന്മാരുടെ ബാഹുല്യമാണ് ഒരു കാരണം. ഇവിടത്തുകാരും ഗോവയില്‍നിന്നു വന്നവരും അതില്‍പ്പെടും. ഗോവയിലെ സെമിനാരിയാണ് ഇന്ത്യയിലെ കത്തോലിക്കാ പുരോഹിതന്മാരുടെ മാതൃസ്ഥാപനം. അവിടത്തെ ജനസംഖ്യയില്‍ പകുതിയും പുരോഹിതവര്‍ഗമാണ്. പട്ടാളക്കാരെക്കാള്‍ അവരാണ് വളരെയേറെ. യൂറോപ്പില്‍നിന്ന് ഓരോ കപ്പലില്‍ 40-ഉം 50-ഉം പുരോഹിതന്മാര് പല തരത്തിലുള്ളവര്‍ വന്നെത്തുന്നു. അതിനുപുറമേ ഗോവയില്‍ത്തന്നെ ധാരാളം പേര്‍ക്കു പട്ടം നല്കുന്നു.
അവര്‍ക്കെല്ലാം അവിടെ ജീവിക്കാന്‍ പ്രയാസമായതുകൊണ്ട് അവര്‍ നാട്ടില്‍ പലയിടത്തായി വ്യാപിക്കുന്നു. നേരെമറിച്ച്, ദ്വീപുകളില്‍ സമുദ്രതീരത്തു ഈസ്റ്റിന്ത്യാക്കമ്പനി അധികാരത്തിലിരിക്കുന്നതുകൊണ്ട് റോമാസഭക്കാര് മിക്കവാറും ഇല്ലെന്നുതന്നെ പറയാം. അവിടെ കമ്പനിക്കു അനേകം ചാപ്ളിന്മാരും സെമിനാരികളും ഉണ്ട്. സെമിനാരികളില്‍ ചെറുപ്പക്കാര്‍ക്കു പരിശീലനം നല്കുന്നു. ഇവിടെ അങ്ങനെയൊന്നും ഇല്ല.
മറ്റൊന്നുള്ളത്, പുതുതായി മതം മാറിവരുന്നവര്‍ക്ക് റോമന്‍ ആരാധനാക്രമമാണ് പരിഷ്കൃതസഭയുടെ ആരാധനാക്രമത്തേക്കാള് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. നമ്മുടെ സഭ ദൈവത്തെ സത്യത്തിലും ആത്മാവിലും ദര്‍ശിക്കാന്‍ പഠിപ്പിക്കുമ്പോള്‍ റോമാസഭ പലതരം അനുഷ്ഠാനങ്ങളിലും ചടങ്ങുകളിലും കൂടെയാണ് ആരാധന നടത്തുന്നത്. അവിശ്വാസികള്‍ക്ക് അതുമായിട്ടാണ് പരിചയം. ഇരുകൂട്ടരും വിഗ്രഹങ്ങളെ ആരാധിക്കുന്നു.
റോമാക്കാരുടെ വിഗ്രഹങ്ങള്‍ സുന്ദരമാണെങ്കില്‍ അവിശ്വാസികളുടെ വിഗ്രഹങ്ങള്‍ ഭയാനകങ്ങളും അറപ്പുണ്ടാക്കുന്നവയുമാണ് (ഭദ്രകാളി വിഗ്രഹങ്ങളെയാണ് വിഷര്‍ ഉദ്ദേശിക്കുന്നതെന്ന് ശിവശങ്കരന് നായര്‍ വ്യക്തമാക്കുന്നു). കത്തോലിക്കര്‍ക്ക് വിശുദ്ധന്മാരുള്ളതുപോലെ അവിശ്വാസികള്‍ക്ക് കുട്ടിദൈവങ്ങളുണ്ട്. രണ്ടുകൂട്ടര്‍ക്കും ദേവാലയങ്ങളില്‍ വിളക്കുകളുണ്ട്. രണ്ടു കൂട്ടരും വിഗ്രഹങ്ങള്‍ക്കു നേര്‍ച്ച നേരുകയും അവയെ പൂക്കള്‍ കൊണ്ടലങ്കരിക്കുകയും ചെയ്യുന്നു. ഈ സാദൃശ്യങ്ങള്‍ അവിശ്വാസികള്‍ക്കു കത്തോലിക്കാമതം കൂടുതല്‍ പ്രിയങ്കരമാക്കുന്നു.
ഇനിയൊന്നുള്ളത്, സെന്റ് തോമസ് ക്രിസ്ത്യാനികളല്ലാതെ റോമാസഭയിലേക്കു മതം മാറിയവര്‍ തൊപാസികളെപ്പോലെ അടിമക്രിസ്ത്യാനികളുടെ മക്കളോ അല്ലെങ്കില്‍ അവിശ്വാസികളില്‍ താണജാതിക്കാരോ ആണ്. ചോവന്മാര്ക്കു മുകളിലുള്ളവര്‍ റോമന്‍ കത്തോലിക്കനാകുന്നില്ല.
ബ്രാഹ്മണര്‍, ക്ഷത്രിയര്‍, ശൂദ്രര്‍ എന്നിവര്‍ വളരെ വിരളമായേ ആ മതത്തിലേക്കു മാറുന്നുള്ളൂ. മേല്‍ജാതിക്കാരില്‍ നിന്നുള്ള അവജ്ഞയില്‍ നിന്നു രക്ഷപ്പെടാനാണ് താണജാതിക്കാരായ അവിശ്വാസികള്‍ മതം മാറുന്നത്. മതം മാറിയാല്‍ അവര്‍ക്കു കൊട്ടാരത്തിനു സമീപംപോലും പോകാം; അതിനു മുമ്പവര്‍ക്ക് അതിനു കഴിയുകയില്ല. ജാതിഭ്രഷ്ടരായി സമൂഹത്തില്‍നിന്നു പുറംതള്ളിയവരും ഇങ്ങനെ മതം മാറുന്നുണ്ട്. അത്തരക്കാരെ നമുക്കു സ്വീകരിക്കാനാവില്ല. അവിശ്വാസികള്‍ ജ്ഞാന സ്നാനത്തിനര്ഹരാണോ എന്നവര്‍ പരിശോധിക്കുന്നില്ല. ക്രിസ്തുവിലും സഭയിലും വിശ്വാസമുണ്ടോ എന്നു ചോദിക്കും. അല്ലെങ്കില്‍ അപ്പോസ്തലന്മാരെപ്പറ്റിയും ചോദിച്ചെന്നു വരാം.
പിന്നീടു ജ്ഞാനസ്നാനം ചെയ്യുന്നു. നമ്മള് അങ്ങനെ ചെയ്യുകയില്ല എന്നവര്‍ക്കറിയാം.
ക്രിസ്തുമതം സ്വീകരിക്കാന്‍ കാരണം എന്തെന്നു നാം ചോദിക്കുകയും അവരെ മതതത്വങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണവര്‍ നമ്മുടെ അടുത്തേക്കുവരാത്തത്. കൂടാതെ കറുത്തവര്‍ഗക്കാര്‍ കൂടുതലും കത്തോലിക്കരാണെന്നതും അവിശ്വാസികളെ അങ്ങോട്ടാകര്‍ഷിക്കുന്നു. അവര്‍ക്കു ക്രിസ്ത്യാനിയാകണമെന്നു മാത്രമേ താല്‍പ്പര്യമുള്ളൂ. അടിമകളെയും അടിമകളുടെ മക്കളെയും റോമാസഭയിലേക്കു മതം മാറ്റുന്നു. എന്നാല്‍ നാമാകട്ടെ ക്രിസ്ത്യാനികളുടെ മക്കള്‍ക്കു മാത്രമേ ജ്ഞാനസ്നാനം നല്കുന്നുള്ളു. ഇതും നമ്മുടെ സഭയിലേക്കു മതം മാറിവരാന്‍ തടസമാവുന്നു.

