ബാഗ്ദാദ്: മധ്യപൂർവ്വേഷ്യയിൽ ഉടനീളം ആഭ്യന്തര കലഹങ്ങൾ, സാമൂഹിക വിവേചനം, വിദ്വേഷ പ്രസംഗം, ദീർഘകാല സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ മധ്യപൂർവ്വേഷ്യയിലെ വിവിധ രാജ്യങ്ങളിൽ തല ഉയർത്തുമ്പോൾ ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നടന്നുവരുന്ന പുനരുദ്ധാരണം, തീർത്ഥാടന ടൂറിസം, പൊതു ഇടങ്ങളിലെ ക്രിസ്ത്യൻ ആഘോഷങ്ങൾ എന്നിവയ്ക്കുള്ള സർക്കാർ പിന്തുണ വർദ്ധിച്ചത് പ്രതീക്ഷ പകരുകയാണ്. സമാനതകളില്ലാതെ പ്രതിസന്ധികളും വെല്ലുവിളികളും നേരിടുമ്പോഴും പുതുവർഷം സമാധാനപൂർണ്ണമാകുന്ന പ്രതീക്ഷയോടെയാണ് ക്രൈസ്തവർ.
ലെബനോനിലും സിറിയയിലും സ്ഥിതി ഇപ്പോഴും ദുർബലമാണ്. രാജ്യങ്ങളിലെ ക്രിസ്ത്യൻ സമൂഹം ദീർഘകാല രാഷ്ട്രീയ വിവേചനവും സാമ്പത്തിക തകർച്ചയും മൂലം ഭാരപ്പെടുന്നുണ്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിറിയയിൽ ക്രൈസ്തവർ നേരിടുന്ന അരക്ഷിതാവസ്ഥ, ദേവാലയങ്ങൾക്ക് നേരെയുള്ള ആക്രമണം, ന്യൂനപക്ഷ വിരോധം, അക്രമം എന്നിവ വെല്ലുവിളിയാകുമ്പോൾ ചില മേഖലകളിൽ ഭരണകൂടം നടത്തുന്ന ക്രിയാത്മക നടപടികൾ ക്രൈസ്തവർക്ക് പ്രതീക്ഷ പകരുകയാണ്. ലെബനോനിൽ ലെയോ പാപ്പ നടത്തിയ സന്ദർശനം ക്രൈസ്തവർക്ക് പുതിയ ഊർജ്ജം പ്രദാനം ചെയ്തിരിന്നു.
കൂട്ടപലായനത്തെ തുടർന്നു ക്രൈസ്തവ ജനസംഖ്യ സമാനതകളില്ലാത്ത വിധത്തിൽ കുറഞ്ഞ ഇറാഖിലും സ്ഥിതിഗതികൾ ആശങ്കാജനകമാണ്. ഇന്നു ജനസംഖ്യയുടെ ഏകദേശം 1% മാത്രമാണ് ക്രൈസ്തവർ. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളും ആഭ്യന്തര യുദ്ധങ്ങളും ഏല്പിച്ച കനത്ത മുറിവുകളിൽ നിന്നു കരകയറുവാൻ ശ്രമിക്കുന്ന ഇറാഖി ക്രൈസ്തവർ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പലായനം ചെയ്യുന്നതാണ് യാഥാർത്ഥ്യം. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘർഷങ്ങൾ രാജ്യത്തെ ക്രിസ്ത്യൻ സാന്നിധ്യത്തെ തകർക്കുകയായിരിന്നു.
ദേവാലയങ്ങളും ആശ്രമങ്ങളും പുനർനിർമ്മിക്കപ്പെടുന്നുണ്ടെങ്കിലും, ദീർഘകാല നിലനിൽപ്പ് അനിശ്ചിതത്വത്തിലാക്കുകയാണ്. എങ്കിലും പ്രതീക്ഷയോടെ ജീവിതത്തെ കരുപിടിപ്പിക്കാൻ ഇറാഖി ക്രൈസ്തവരിൽ ഒരു ഭാഗം ശ്രമിക്കുന്നുണ്ടെന്നതും പ്രതീക്ഷ പകരുന്നുണ്ട്. കൊടിയ പീഡനം അരങ്ങേറിയ മധ്യപൂർവ്വേഷ്യയിൽ ക്രൈസ്തവർക്ക് ഇടയിൽ സഹായവുമായി പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് ഉൾപ്പെടെയുള്ള സംഘടനകളും സജീവമാണ്. പുതുവർഷത്തിൽ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് മധ്യപൂർവ്വേഷ്യയിലെ ക്രൈസ്തവർ.

