മനാഗ്വേ: നിക്കരാഗ്വേയില്‍ ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ കടുപ്പിച്ച് പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗ. ഏകാധിപത്യഭരണകൂടമുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഇനി രാജ്യത്തേക്ക് ബൈബിളുകൾ കൊണ്ടുവരാൻ അനുവാദമില്ലെന്ന് പ്രസിഡന്റ് ഉത്തരവിട്ടെന്ന് മതസ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകള്‍ വെളിപ്പെടുത്തി. സമാനമായ ക്രൈസ്തവ വിരുദ്ധ ഉത്തരവുകള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച രാജ്യമാണ് നിക്കരാഗ്വേ.
നിക്കരാഗ്വേയുടെ തലസ്ഥാനമായ മനാഗ്വേയിലേക്ക് സർവീസ് നടത്തുന്ന രാജ്യത്തെ കോസ്റ്റാറിക്കയിലെ ടിക്ക ബസ് ടെർമിനലുകളിൽ ബൈബിൾ, മാസികകൾ, പത്രങ്ങൾ, ക്യാമറകൾ, പുസ്തകങ്ങൾ എന്നിവയുമായി പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്ന നോട്ടീസുകൾ നല്‍കുന്നുണ്ടെന്ന് യുകെ ആസ്ഥാനമായുള്ള അഭിഭാഷക ഗ്രൂപ്പായ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ്വൈഡ് (CSW) ഈ മാസം റിപ്പോർട്ട് ചെയ്തു.
ഏകദേശം ആറ് മാസമായി നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് സംഘടനയുടെ ഹോണ്ടുറാസിലെ പ്രതിനിധി സിഎസ്ഡബ്ല്യുയോട് വെളിപ്പെടുത്തി. കടുത്ത ജനാധിപത്യ വിരുദ്ധ നയമാണ് രാജ്യം ഭരിക്കുന്ന ഡാനിയേല്‍ ഒര്‍ട്ടേഗ പിന്തുടരുന്നത്.
ഇതിനെതിരെ ശക്തമായ വിയോജിപ്പുമായി കത്തോലിക്ക സഭ രംഗത്തുണ്ട്. ഈ സമീപനമാണ് ഭരണകൂടത്തെ കത്തോലിക്ക സഭയെ ശത്രുവാക്കി മാറ്റിയത്. സഭയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയും മെത്രാന്മാരെയും വൈദികരെയും തടങ്കലിലാക്കിയും സന്യാസ സമൂഹങ്ങളെ പുറത്താക്കിയും ഭരണകൂടം വേട്ടയാടല്‍ രാജ്യത്തു തുടരുകയായിരിന്നു.

