കോഴിക്കോട്: കോഴിക്കോട് അതിരൂപതയുടെ നേതൃത്വത്തിൽ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം നൽകിക്കൊണ്ട് “ഫെലിക്സ് നതാലിസ്” മെഗാ ക്രിസ്തുമസ് ഘോഷയാത്ര നഗരത്തിൽ നടന്നു. ചുവപ്പ് വസ്ത്രധാരികളായ ആയിരക്കണക്കിന് ക്രിസ്തുമസ് പാപ്പമാർ അണിനിരന്ന ഘോഷയാത്രയിൽ ജാതിമത ഭേദമന്യേ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.
ഡിസംബർ 28-ന് വൈകുന്നേരം 4 മണിക്ക് സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ നിന്ന് ആരംഭിച്ച പരിപാടിയിൽ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ ഡോ. ജെൻസൺ പുത്തൻവീട്ടിൽ ഫെലിക്സ് നതാലിസ് പരിപാടിയുടെ ലക്ഷ്യവും സന്ദേശവും വിശദീകരിച്ചു. തുടർന്ന് കോഴിക്കോട് അതിരൂപതാധ്യക്ഷൻ ഡോ. വർഗ്ഗീസ് ചക്കാലക്കൽ പിതാവ് ഫ്ലാഗ് ഓഫ് നിർവഹിച്ച് ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.

വയനാട് റോഡ് വഴി സി.എച്ച്. ഓവർബ്രിഡ്ജ് കടന്ന് മുന്നേറിയ ഘോഷയാത്ര വൈകുന്നേരം 6 മണിയോടെ നഗരത്തിലെ പ്രധാന വേദിയായ കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ കോഴിക്കോട് അതിരൂപത മെത്രാൻ ഡോ. വർഗ്ഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. ഫെലിക്സ് നതാലിസ് എന്നാൽ ഹാപ്പി ക്രിസ്തുമസ് എന്നാണെന്നും ക്രിസ്തുമസിന്റെ സന്ദേശം സ്നേഹം, കരുണ, സമാധാനം, സന്തോഷം, പരസ്പരം പങ്കുവെക്കൽ എന്നിവയാണെന്നും ഇവയുൾക്കൊണ്ട് ജീവിക്കുമ്പോൾ ഒരു ക്രിസ്തുമസ് സംസ്കാരം നമ്മുടെ നാട്ടിൽ കൊണ്ടുവരുവാൻ കഴിയുമെന്നും സന്ദേശത്തിൽ പറഞ്ഞു.
നോർത്ത് വയനാട് ഫൊറോന വികാരി ജനറൽ ഫാ. ഡോ. ജെറോം ചിങ്ങംതറ സ്വാഗതം ആശംസിക്കുകയും കോഴിക്കോട് മദർ ഓഫ് കത്തീഡ്രൽ വികാരി ഫാ. ഡോ. അലോഷ്യസ് കുളങ്ങര നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
തുടർന്ന് പാക്സ് കമ്മ്യൂണിക്കേഷൻസിന്റെ തീം സോങ് പ്രസന്റേഷനോടുകൂടി ആരംഭിച്ച കലാവിരുന്നിൽ മാഹി ബസിലിക്കാ ടീമിന്റെ സ്കിറ്റ് ഡാൻസ്, വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾ ചർച്ച് ടീമിന്റെ ഫ്യൂഷൻ ഡാൻസ്, പൊതുവായുള്ള ഡി.ജെ. പരിപാടികൾ എന്നിവ അരങ്ങേറി. നഗരവാസികൾ വലിയ ആവേശത്തോടെയാണ് പരിപാടികളെ ഏറ്റെടുത്തത്.

