കോട്ടപ്പുറം: ഈശോമിശിഹായുടെ മനുഷ്യാവതാര ജൂബിലി 2025 ൻ്റെ
കോട്ടപ്പുറം രൂപതാതല സമാപനം കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ നടന്നു . ജൂബിലി സമാപന പൊന്തിഫിക്കൽ ദിവ്യബലിക്ക് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. .രൂപതയിലെ എല്ലാ വൈദീകരും സഹകാർമ്മികരായി.
ഇതിന് മുന്നോടിയായി കൊടുങ്ങല്ലൂർ ബോയ്സ് സ്കൂൾ മൈതാനത്തു നിന്നും കൃഷ്ണൻകോട്ട ക്രിസ്തുരാജ ദേവാലയത്തിൽ നിന്നും തുരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ നിന്നുമായി കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിലേക്ക് ജൂബിലി തീർത്ഥാടന പദയാത്രകൾ നടന്നു. കൃഷ്ണൻകോട്ടയിൽ നിന്ന് ജൂബിലി കുരിശും കൊടുങ്ങല്ലൂരിൽ നിന്ന് ബൈബിളും ജൂബിലി പതാകയും തുരുത്തിപ്പുറത്തു നിന്ന് ജൂബിലി എംബ്ലവും വഹിച്ചായിരിന്നു പദയാത്ര. ക്രിസ്ത്രീയ കലാരൂപങ്ങളുടെ അകമ്പടിയും നിശ്ചല ദൃശ്യങ്ങളുമായി ഇടവകകളുടെ ബാനറിനു പിന്നിലായി പേപ്പൽ പതാകകളുമായി ആയിരങ്ങൾ അണിചേർന്ന പദയാത്രയിൽ ജപമാല ചൊല്ലി വിശ്വാസീ സമൂഹം പങ്കെടുത്തു.
ക്രിസ്തീയ വിശ്വാസത്തിൻ്റെ പിള്ളത്തൊട്ടിലായ കൊടുങ്ങല്ലൂർ – കോട്ടപ്പുറത്തെത്തിയ പദയാത്രകൾക്ക് കത്തീഡ്രൽ കവാടത്തിൽ കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ വരവേല്പ് നല്കി. രൂപത വിശ്വാസപരിശീലന കേന്ദ്രത്തിൻ്റെയും ബൈബിൾ അപ്പോസ്തലേറ്റിൻ്റെയും നേതൃത്വത്തിൽ ബൈബിളിലെ ഉൽപ്പത്തി പുസ്തകം പകർത്തിയെഴുതിയ രണ്ടായിരം പേരുടെ സംഗമം ഇതോടനുബന്ധിച്ച് നടന്നു.
കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലും, കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഡോ. ജോജു കോക്കാട്ടും, രൂപതാ വിശ്വാസ പരിശീലന കമ്മീഷൻ ഡയറക്ടർ ഫാ.സിജോ വേലിക്കകത്തൊട്ടും , രൂപതാ ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ടോണി കൈതത്തറയും ചേർന്ന് ബൈബിൾ പകർത്തിയെഴുതിയവരെ ആദരിച്ചു.
കെസിബിസി ബൈബിൾ മാസാചരണത്തിൻ്റെ സമാപനവും നടന്നതായി കോട്ടപ്പുറം രൂപത പിആർഒ ഫാ. ഷിബിൻ കൂളിയത്ത് അറിയിച്ചു.

