എറണാകുളം: വരാപ്പുഴയിലെ കര്‍മലീത്ത മിഷനറിമാര്‍ മലയാളഭാഷയുടെയും സംസ്കാരത്തിന്റെയും സാമൂഹിക മുന്നേറ്റത്തിന്റെയും ആധ്യാത്മിക നവീകരണത്തിന്റെയും മേഖലകളില്‍ നല്‍കിയിട്ടുള്ള അനന്യ സംഭാവനകളുടെ ചരിത്രം ആര്‍ക്കും തമസ്കരിക്കാനാവാത്തതാണെന്ന് ടി.ജെ വിനോദ് എംഎല്‍എ അനുസ്മരിച്ചു.
മഞ്ഞുമ്മല്‍ കര്‍മലീത്താ സമൂഹം 1905ല്‍ കത്തോലിക്കാ പുതിയനിയമം മലയാളത്തിലേക്ക് ആദ്യമായി വ്യാഖ്യാനസമേതം പരിഭാഷപ്പെടുത്തിയത് തനതു രൂപത്തില്‍ 2020-2021 കാലത്ത് പുനഃപ്രകാശനം ചെയ്തതിന്റെ രണ്ടാം പതിപ്പ്, മഞ്ഞുമ്മല്‍ നിഷ്പാദുക കര്‍മലീത്താ സഭാ പ്രൊവിന്‍സിന്റെ സമ്പൂര്‍ണ ചരിത്രാഖ്യാനമായ ‘ദ് സ്റ്റോറി ഓഫ് എ മസ്റ്റാര്‍ഡ് സീഡ്’ എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിന്റെ പരിഷ്കരിച്ച പതിപ്പ്, ബ്രദര്‍ ലിയോപ്പോള്‍ഡ് ടിഒസിഡിയുടെ ‘കേരളത്തിലെ ലത്തീന്‍ ക്രിസ്ത്യാനികള്‍’ (1938) എന്ന വിഖ്യാത ചരിത്രഗ്രന്ഥത്തിന്റെ പുതിയ പതിപ്പ്, ആന്ധ്രപ്രദേശിലും തെലങ്കാനയിലും മഞ്ഞുമ്മല്‍ കര്‍മലീത്താ മിഷനറിമാര്‍ നടത്തിയ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ ചരിത്രം സമഗ്രമായി അവതരിപ്പിക്കുന്ന ഫാ. ആന്റണി അമ്പാടന്റെ ‘മിറക്കിള്‍ ഓഫ് ഗ്രെയ്സ്’ എന്ന ഇംഗ്ലീഷ് ഗ്രന്ഥം, മഞ്ഞുമ്മല്‍ പ്രോവിന്സിന്റെ കീഴിലുള്ള കളമശേരി ജ്യോതിര്‍ ധര്‍മ പബ്ലിക്കേഷന്‍സിന്റെ ‘വചന ജ്യോതി’ ബൈബിള്‍ ഡയറി 2026 എന്നിവയുടെ പ്രകാശന ചടങ്ങ് എറണാകുളം സെമിത്തേരിമുക്ക് കാര്‍മല്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ സാമൂഹ്യസാഹചര്യങ്ങളില്‍, ക്രൈസ്തവ സഭയ്ക്ക് സമൂഹത്തിന് നല്കാവുന്ന ഏറ്റവും മൂല്യവത്തായ വായനാസംസ്കാരത്തിലേക്കുള്ള കനപ്പെട്ട സംഭാവനകളാണ് ഈടുറ്റ ഈ ഗ്രന്ഥങ്ങള്‍. അച്ചടിമാധ്യമരംഗത്തും, ആധുനിക ചികിത്സ, സാമൂഹ്യശുശ്രൂഷ, വിദ്യാഭ്യാസ, ആധ്യാത്മിക നവീകരണധ്യാന മേഖലകളിലും മഞ്ഞുമ്മല്‍ കര്‍മലീത്താ സന്ന്യാസ സമൂഹം കേരളസഭയ്ക്ക് വഴികാട്ടികളാണെന്നും ടി.ജെ വിനോദ് എടുത്തുപറഞ്ഞു.ചിലരുടെ പ്രത്യേക താല്പര്യങ്ങള്ക്ക് അനുസൃതമായി ചരിത്രം വളച്ചൊടിക്കപ്പെടുകയും ചില ചരിത്രഭാഗങ്ങള്‍ വികലമായി ചിത്രീകരിക്കപ്പെടുകയും തമസ്കരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍, കേരളത്തിന്റെ നവോത്ഥാനചരിത്രത്തെയും കേരളസഭാചരിത്രത്തെയും വാസ്തവികമായും യാഥാര്ത്ഥികമായും തനിമയോടെയും രേഖപ്പെടുത്തേണ്ടത് നമ്മുടെ കടമയാണെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം ഓര്‍മപ്പെടുത്തി.
കര്‍മലീത്താ മിഷനറിമാരുടെ പ്രേഷിതചൈതന്യം കേരളസമൂഹത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. 120 വര്‍ഷം മുന്‍പ്, 1905-ല്‍ പുതിയനിയമ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിലൂടെ വിശുദ്ധഗ്രന്ഥത്തെ അടിസ്ഥാനമാക്കിയ ജീവിതത്തിലേക്ക് മലയാളികളുടെ ജീവിതം പരിവര്‍ത്തനം ചെയ്യപ്പെട്ടു. ബ്രദര്‍ ലിയോപ്പോള്‍ഡ് രചിച്ച ‘കേരളത്തിലെ ലത്തീന്‍ ക്രിസ്ത്യാനികള്‍’ എന്ന ആധികാരിക ചരിത്രാഖ്യാനം നമ്മുടെ ശ്രേഷ്ഠ പൈതൃകത്തിന്റെ വീണ്ടെടുപ്പിനുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണെന്ന് മോണ്‍. ഇലഞ്ഞിമിറ്റം പറഞ്ഞു.സ്വത്വത്തിന്റെ വേരുകള്‍ തിരിച്ചറിയാതെ പോവുകയും, പാരമ്പര്യത്തെ അവഗണിക്കുകയും ചെയ്യുന്ന നമുക്ക് പലതും തിരിച്ചുപിടിക്കാനുണ്ടെന്ന് ഈ ബൃഹദ്ഗ്രന്ഥങ്ങളുടെ പുനഃപ്രകാശനത്തിന് നേതൃത്വം വഹിച്ച മഞ്ഞുമ്മല്‍ നിഷ്പാദുക കര്‍മലീത്താ സമൂഹത്തിന്റെ പ്രൊവിന്‍ഷ്യല്‍ റവ. ഡോ. അഗസ്റ്റിന് മുല്ലൂര്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.
നവീന ഡിജിറ്റല്‍ യുഗത്തിലും വായനയുടെ അഭിരുചി വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ചരിത്രത്തെയും പൈതൃകപാരമ്പര്യത്തെയും പുനരടയാളപ്പെടുത്തുന്നതിനും, അറിവില്ലായ്മയിലൂടെ നാം അറിയാതെ പോകുന്ന കാര്യങ്ങള്‍ പുനരാഖ്യാനം ചെയ്യാനും പുസ്തകങ്ങളാണ് നമുക്ക് ആശ്രയം. ഗ്രന്ഥശാലയ്ക്കും ഗുരുഭൂതന്മാര്‍ക്കും പകരം വയ്ക്കാന്‍ നമുക്ക് മറ്റൊന്നുമില്ല. നാലു സുവിശേഷങ്ങളും അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളും, വെളിപാടിന്റെ പുസ്തകവും, ലേഖനങ്ങളും ഉള്‍പ്പെടെ മഞ്ഞുമ്മല്‍ ബൈബിളിന്റെ മൂന്നു വാല്യങ്ങളുടെയും ബ്രദര്‍ ലെയോപോള്‍ഡിന്റെ ചരിത്രഗ്രന്ഥത്തിന്റെയും പുനഃപ്രകാശനവും മഞ്ഞുമ്മല്‍ സഭയുടെ സമ്പൂര്‍ണ ചരിത്രത്തിന്റെ പരിഷ്കരിച്ച പതിപ്പും ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും കര്‍മലീത്താ മിഷന്റെ ചരിത്രഗ്രന്ഥത്തിന്റെ അവതരണവും നമ്മുടെ ചരിത്രം വീണ്ടെടുക്കുന്നതിനുള്ള മഹായജ്ഞത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ചരിത്രമില്ലാത്ത സമൂഹം ഓര്‍മയില്ലാത്ത മനുഷ്യരെപോലെയാണെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന് പ്രസിഡന്റ് ജോയ് ഗോതുരുത്ത് പറഞ്ഞു. കര്‍മലീത്താ മിഷനറിമാരുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമായി കേരളസമൂഹത്തിലുണ്ടായ മാറ്റങ്ങളുടെ യഥാര്‍ത്ഥ ചരിത്രം ആഴമായ ഉള്‍ക്കാഴ്ചയോടെ പൊതുസമൂഹത്തിന് കാണിച്ചുകൊടുക്കാന്‍ നമുക്കു കഴിയണം. ദൃശ്യവും അദൃശ്യവുമായ ചരിത്രമുണ്ട്. ദലിത, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക മുന്നേറ്റത്തിന് കേരളത്തില്‍ കര്‍മലീത്താ സമൂഹം വഹിച്ച പങ്കിനെക്കുറിച്ചുള്ള സാംസ്കാരിക പഠനങ്ങളില്‍ വാങ്മൊഴിക്ക് ഏറെ പ്രാധാന്യമുണ്ട്.
ജാതിവിവേചനത്തിനെതിരായ നവോത്ഥാന മുന്നേറ്റങ്ങളുടെ നായകരായി വാഴ്ത്തപ്പെടുന്ന സമുദായ നേതാക്കളുടെ ചരിത്രം നാം പഠിക്കുന്നുണ്ട്. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും അയ്യാസ്വാമിയും ചട്ടമ്പിസ്വാമിയും ഉള്‍പ്പെടെയുള്ള സാമൂഹ്യപരിഷ്കര്ത്താക്കളെക്കാള് വളരെ മുന്‍പ്, 1827-1837 കാലഘട്ടത്തില്‍ വരാപ്പുഴ വികാരി അപ്പസ്തോലിക്കയായിരുന്ന ഇറ്റാലിയന്‍ കര്‍മലീത്താ മെത്രാന് മൗറേലിയോ സ്തബെലീനി മനുഷ്യരെല്ലാം ഒരൊറ്റ ജാതിയാണെന്ന് ഇടയലേഖനം ഇറക്കിയ ചരിത്രം നാം വിസ്മരിക്കരുത്. സമര്‍പ്പിത സന്ന്യാസിനിമാര്‍ എന്ന ഒരു സ്പീഷീസിനെ കേരളസമൂഹത്തിനു പരിചയപ്പെടുത്തിയ നവോത്ഥാന നായികയായ വാഴ്ത്തപ്പെട്ട ഏലീശ്വാമ്മയുടെയുടെ ചരിത്രപ്രാധാന്യവും നാം തിരിച്ചറിയേണ്ടതുണ്ട്. സഭയുടെ ആധികാരിക ചരിത്രരേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സംരക്ഷിക്കാനും ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും ഇനിയും വൈകരുതെന്നും ജോയ് ഗോതുരുത്ത് പറഞ്ഞു.
മഞ്ഞുമ്മല്‍ പുതിയനിയമം വാല്യങ്ങളുടെ പുനഃപ്രകാശനം മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ എസ്. ഹരികൃഷ്ണനു നല്‍കിക്കൊണ്ട് ഷെവലിയര്‍ ഡോ. പ്രീമൂസ് പെരിഞ്ചേരി നിര്‍വഹിച്ചു. മലയാളത്തില്‍ ഗദ്യസാഹിത്യം അത്രകണ്ട് വികസിച്ചിട്ടില്ലാത്ത കാലത്ത്, മഞ്ഞുമ്മല്‍ കര്‍മലീത്താ സഭാംഗങ്ങളായ ഫാ. ലൂയിസ് വൈപ്പിശ്ശേരി, ഫാ. മൈക്കള്‍ പുത്തന്‍പറമ്പില്‍, ഫാ. പോളികാര്പ് കടേപറമ്പില്‍ എന്നീ സന്ന്യാസശ്രേഷ്ഠര് ശുദ്ധമായ ഭാഷയില്‍, സുന്ദരമായ ആഖ്യാനശൈലിയില്‍ നിര്‍വഹിച്ച വ്യാഖ്യാനങ്ങളുടെ ഹൃദ്യതയും വൈശദ്യവും വിസ്മയകരമാണെന്ന് അദ്ദേഹം പറഞ്ഞു. 1981ലാണ് കെസിബിസി ബൈബിള്‍ കമ്മിഷന് തയാറാക്കിയ കത്തോലിക്കാ സഭയുടെ സമ്പൂര്‍ണ ബൈബിള്‍ മലയാളം വിവര്‍ത്തനം വെളിച്ചം കാണുന്നത്. ബൈബിള്‍ വിജ്ഞാനീയ ശാഖയുടെ വളര്‍ച്ചയ്ക്ക് അടിസ്ഥാനമായ മഞ്ഞുമ്മല്‍ പുതിയനിയമ വ്യാഖ്യാനത്തിന്റെ മഹിത ചരിത്രം അപ്പോഴും തമസ്കരിക്കപ്പെട്ടു. 2008ലെ പിഒസി ബൈബിളിന്റെ പരിഷ്കരിച്ച പതിപ്പിന്റെ ആമുഖത്തിലാണ് 1905-ല്‍ പ്രസിദ്ധീകരിച്ച മഞ്ഞുമ്മല്‍ പുതിയനിയമത്തിന്റെ ചരിത്രപ്രാധാന്യം ആദ്യമായി അംഗീകരിക്കപ്പെട്ടത്.
ഒറിജിനല്‍ ടെക്സ്റ്റിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ട് മഞ്ഞുമ്മല്‍ സുവിശേഷം, നടപടി, വെളിപാടുഗ്രന്ഥം, ലേഖനങ്ങള്‍ എന്നിവ പുനഃപ്രകാശനം ചെയ്യുന്നതിന് ഫാ. അഗസ്റ്റിന് മുല്ലൂര്‍ ഒരു അത്യാധുനിക സ്കാനര്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതും ഡോ. പെരിഞ്ചേരി അനുസ്മരിച്ചു.അപ്പര്‍കുട്ടനാട്ടിലെ കാരിച്ചാല്‍ തറവാട്ടില്‍ തന്റെ മുത്തച്ഛന്റെ പുസ്തകശേഖരത്തിലുണ്ടായിരുന്ന മഞ്ഞുമ്മല്‍ ബൈബിള്‍, സംക്ഷേപ വേദാര്ഥത്തോടൊപ്പം സംരക്ഷിക്കപ്പെട്ടിരുന്നത് എസ്. ഹരികൃഷ്ണന് അനുസ്മരിച്ചു. ഗ്രന്ഥപ്പലകയില്‍ വച്ചിരുന്ന ആ വിശിഷ്ടഗ്രന്ഥം തന്റെ കുട്ടിക്കാലത്ത് കുളിക്കാതെ തൊടാന്‍ മുത്തച്ഛന് അനുവദിച്ചിരുന്നില്ല. പിന്നീട് നിലവറയിലേക്കു മാറ്റിയ ഗ്രന്ഥശേഖരം വലിയൊരു വെള്ളപ്പൊക്കത്തില്‍ നശിച്ചുപോയി.
നഷ്ടപ്പെട്ടുപോയ ഒരു കുടുംബസ്വത്ത് തിരിച്ചുകിട്ടുന്നതുപോലെയാണ് താന്‍ മഞ്ഞുമ്മല്‍ പുതിയനിയമത്തിന്റെ പുതിയ പതിപ്പ് ഏറ്റുവാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ കത്തോലിക്കാ സഭാ ഹയരാര്‍ക്കിയുടെ സുവര്‍ണ ജൂബിലിസ്മാരകമായി ബ്രദര്‍ ലിയോപ്പോള്‍ഡ് ടിഒസിഡി മഞ്ഞുമ്മല്‍ ചെറുപുഷ്പമുദ്രാലയത്തില് നിന്ന് 1938-ല്‍ പ്രസിദ്ധീകരിച്ച ‘കേരളത്തിലെ ലത്തീന്‍ ക്രിസ്ത്യാനികള്‍’ എന്ന ഗ്രന്ഥവും, ബ്രദര്‍ ലിയോപ്പോള്‍ഡ് തന്റെ കുടുംബത്തെക്കുറിച്ച് സ്വന്തം കൈപ്പടയില്‍ കുറിച്ചിരുന്ന ലഘുചരിത്രവും, പീറ്റര്‍ കുരിശിങ്കല്‍ എഴുതിയ അവലോകനവും ഫാ. ജോണ്‍ പള്ളത്ത് ബ്രദര്‍ ലിയോപ്പോള്ഡിനെക്കുറിച്ച് എഴുതിയ ലേഖനവും, ഇന്നത്തെ ലത്തീന്‍ സഭയും സംഭാവനകളും സമര്‍പ്പിതരും എന്ന രണ്ടാം ഭാഗവും ചേര്‍ത്ത് റവ. ഡോ. മാനുവല്‍ റിബെയ് രൊ ഒസിഡി എഡിറ്റ് ചെയ്ത പുസ്തകത്തിന്റെ പുനഃപ്രകാശനം സിഎസ്എസ്ടി സമൂഹത്തിന്റെ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ നീലിമയ്ക്ക് ആദ്യ പ്രതി നല്‍കിക്കൊണ്ട് ചര്‍ച്ച് ഹിസ്റ്ററി അസോസിയേഷന് ഓഫ് ഇന്ത്യ, കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന് എന്നിവയുടെ പ്രസിഡന്റ് ഡോ. ചാള്‍സ് ഡയസ് നിര്‍വഹിച്ചു.
പട്യാല സ്റ്റേറ്റ് പ്രിവി കൗണ്‍സില്‍ അംഗമായിരുന്ന മേജര്‍ സര്‍ദാര്‍ കെ.എം. പണിക്കരാണ് ബ്രദര്‍ ലിയോപ്പോള്‍ഡിന്റെ ഗ്രന്ഥത്തിന് ഇംഗ്ലീഷില്‍ അവതാരിക എഴുതിയത്. പോര്‍ച്ചുഗീസുകാരുടെ ആഗമനത്തോടെ, കേരളത്തിലുണ്ടായിരുന്ന തോമാ ക്രിസ്ത്യാനികള്‍ പോര്‍ച്ചുഗീസുകാരുടെ സംരക്ഷണം തേടിയതും സൈനിക സേവനത്തിലൂടെയും സിവില്‍ ഉദ്യോഗങ്ങളിലൂടെയും വ്യാപാരബന്ധങ്ങളിലൂടെയും മറ്റും പോര്‍ച്ചുഗീസുകാരുമായി അടുത്ത അവര്‍ വലിയ തോതില്‍ ലത്തീന്‍ റീത്തിലേക്ക് കടന്നുവന്നതും ബ്രദര്‍ ലിയോപ്പോള്‍ഡിന്റെ ചരിത്രാഖ്യാനത്തിലുണ്ട്. ലത്തീന്‍ കത്തോലിക്കരുടെ ചരിത്രത്തോടൊപ്പം കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ചരിത്രം കൂടി രേഖപ്പെടുത്തുന്നതിന് അദ്ദേഹം വിപുലമായ പഠനം നടത്തിയിരുന്നുവെന്ന് ഡോ. ചാള്‍ഡ് ഡയസ് അനുസ്മരിച്ചു. കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് സാധ്യതയുള്ള, കേരള സമൂഹവും കേരളസഭയുമായി ബന്ധപ്പെട്ട പോര്‍ച്ചുഗീസ്, ഡച്ച് കാലഘട്ടത്തിലെ ഒട്ടേറെ വിലപ്പെട്ട ചരിത്രരേഖകള്‍ ഇപ്പോഴും വേണ്ട രീതിയില്‍ പരിഭാഷപ്പെടുത്താതെയും വിശകലനം ചെയ്യപ്പെടാതെയും കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭാകേന്ദ്രങ്ങളിലെ പുരാരേഖകളില്‍ അവശേഷിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ അച്ചടിശാല, ആദ്യ വര്‍ത്തമാനപത്രം, ആദ്യത്തെ ആധുനിക ആശുപത്രി തുടങ്ങി ഒട്ടേറെ സംരംഭങ്ങള്‍ക്കു തുടക്കം കുറിച്ച മഞ്ഞുമ്മല്‍ കര്‍മലീത്താ സഭയുടെ സമ്പൂര്‍ണ ചരിത്രം, ഡോ. അഗസ്റ്റിന് മുല്ലൂര്‍, ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ്, റവ. ഡോ. ഫ്രാന്‍സിസ് പേരേപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ച ‘ദ് സ്റ്റോറി ഓഫ് എ മസ്റ്റാര്‍ഡ് സീഡ്’ എന്ന ഗ്രന്ഥത്തിന്റെ പരിഷ്കരിച്ച പതിപ്പ് കെഎല്‍സിഎ പ്രസിഡന്റ് ഷെറി ജെ. തോമസിനു നല്കി ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് പ്രകാശനം ചെയ്തു. ബ്രദര്‍ ലിയോപ്പോള്‍ഡിന്റെ കൈയെഴുത്തുപ്രതികളും ഫാ. ജോണ്‍ പള്ളത്തിന്റെ രചനകളും മഞ്ഞുമ്മല്‍ നിഷ്പാദുക കര്‍മലീത്താ സമൂഹത്തിന്റെ പുരാരേഖാലയത്തിലെ ആധികാരിക രേഖകളും പരിശോധിച്ചും വസ്തുനിഷ്ഠമായ രീതിയില്‍ വിശകലനം ചെയ്തും, മറുപക്ഷത്തിന്റെ നിലപാടുകളുടെ കാരണങ്ങള്‍ അന്വേഷിച്ചും കൊണ്ടാണ് ‘മസ്റ്റാര്‍ഡ് സീഡ്’ രചന നിര്‍വഹിച്ചതെന്ന് ഗൊണ്‍സാല്‍വസ് വിശദീകരിച്ചു.
യഥാര്‍ഥ ചരിത്രം വീണ്ടെടുക്കുന്നതോടൊപ്പം ഒട്ടേറെ കഥകള്‍ പൊളിച്ചെഴുതാനും പുതിയ ഉള്‍ക്കാഴ്ചകള്‍ അവതരിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.മഞ്ഞുമ്മല്‍ കര്‍മലീത്താ സമൂഹം അസ്തിത്വ പ്രതിസന്ധി നേരിട്ട കാലത്ത്, സഭയെ സഹായിക്കാന്‍ മുന്നോട്ടുവന്ന ഒരു നാട്ടുമെത്രാന്‍ ചങ്ങനാശേരി വികാര്‍ അപ്പസ്തോലിക്കയായിരുന്ന ക്നാനായ കത്തോലിക്കാ സഭയുടെ മെത്രാന് ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ ആയിരുന്നുവെന്നും അദ്ദേഹം വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്തയായിരുന്ന ഇറ്റാലിയന്‍ കര്‍മലീത്താ ആര്‍ച്ച്ബിഷപ് ലെയൊനാര്‍ദോ മെല്ലാനോയുടെ സെക്രട്ടറിയായിരുന്നുവെന്നും കണ്ടെത്തിയത് ഈ ചരിത്രരചനയിലാണ്. ജീവിതവിശുദ്ധിയിലും മിഷനറി തീക്ഷ്ണതയിലും ശ്രദ്ധേയനായ ആര്‍ച്ച്ബിഷപ് ബെര്‍ണാര്‍ഡ് ആര്ഗ്വിന്സോണിസിന്റെ മൈഗ്രെയ്ന് (ചെന്നികുത്ത്) പലപ്പോഴും അദ്ദേഹത്തിന്റെ പെരുമാറ്റത്തെ വല്ലാതെ ബാധിച്ചിരുന്നു.
അതിന്റെ തിക്തഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവന്നത് മഞ്ഞുമ്മല്‍ കര്മലീത്തര്ക്കാണ്. അതേസമയം, വരാപ്പുഴ അതിരൂപതയുടെ ആസ്ഥാനം വരാപ്പുഴ ദ്വീപില്‍ നിന്ന് എറണാകുളത്തേക്കു മാറ്റാനുള്ള ക്രാന്തദര്‍ശിത്വം അദ്ദേഹം കാണിച്ചത് അനുസ്മരിക്കേണ്ടതുണ്ട്. ലത്തീന്കാര്ക്കുവേണ്ടിയുള്ള സന്ന്യാസ സമൂഹത്തിന്റെ രൂപവത്കരണത്തില്‍ ആര്‍ച്ച്ബിഷപ് ബെര്‍ണര്‍ദീനോ ബച്ചിനെല്ലിക്ക് ആദ്യകാലത്ത് ശ്രദ്ധചെലുത്താന്‍ കഴിയാതെ വന്നത് അക്കാലത്ത് അദ്ദേഹം നേരിട്ട റോക്കോസ് ശീശ്മ ഉള്‍പ്പെടെയുള്ള നിരവധി പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍ – ഗൊണ്‍സാല്‍വസ് വിശദീകരിച്ചു.ആന്ധ്രപ്രദേശിലും തെലങ്കാനയിലും അരനൂറ്റാണ്ടുകാലം മഞ്ഞുമ്മല്‍ കര്‍മലീത്താ മിഷനറിമാര്‍ നടത്തിയ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ ദൈവകൃപയില്‍ ആശ്രയിച്ചുകൊണ്ടുള്ള ചൈതന്യവത്തായ സുവിശേഷ പ്രഘോഷണത്തിന്റെ ആത്മീയ യാത്രയായിരുന്നുവെന്ന് ‘മിറക്കിള്‍ ഓഫ് ഗ്രെയ്സ്’ എന്ന ഗ്രന്ഥം അഭിലാഷ് ഫ്രേസറിനു നല്കി പ്രകാശനം ചെയ്ത് ഗ്രന്ഥകാരന് ഫാ. ആന്റണി അമ്പാടന്‍ പറഞ്ഞു.
കര്‍മലീത്താ ആവൃതിമഠങ്ങളിലെ സന്ന്യാസിനിമാരുടെ രചനകളെ ആധാരമാക്കി ജ്യോതിര്‍ ധര്‍മ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന ‘വചന ജ്യോതി’ ബൈബിള്‍ ഡയറി പ്രകാശനം കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ ഫാ. തോമസ് തറയിലിനു നല്‍കിക്കൊണ്ട് ഡോ. അഗസ്റ്റിന് മുല്ലൂര്‍ നിര്‍വഹിച്ചു.കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും ലത്തീന്‍ കത്തോലിക്കാ സമുദായ വക്താവുമായ ജോസഫ് ജൂഡ്, തെരേസ്യന്‍ കര്‍മലീത്താ സമൂഹത്തിന്റെ സെന്റ് ജോസഫ് പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഡോ. സിസ്റ്റര്‍ പേര്സി എന്നിവര്‍ ആശംസ നേര്‍ന്നു. ജ്യോതിര്‍ ധര്‍മ പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ ഫാ. ആന്റണി ലാലു നന്ദി പറഞ്ഞു.——

