ഗാസ: ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസായ കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി ഇടവകയിൽ സന്ദര്‍ശനം നടത്തി. പ്രതിനിധി സംഘത്തിനോടൊപ്പം ലാറ്റിൻ പാത്രിയാർക്കൽ വികാരിയായ ഓക്സിലറി ബിഷപ്പ് വില്യം ഷോമാലിയോടും ഡിസംബർ 19നു കർദ്ദിനാൾ ഗാസ സിറ്റിയിലെത്തി ചേരുകയായിരിന്നു.

രണ്ട് വർഷത്തിലേറെയായി സംഘർഷവും കഠിനമായ ബുദ്ധിമുട്ടുകളും സഹിച്ച കത്തോലിക്ക സമൂഹത്തോടുള്ള ഐക്യദാർഢ്യത്തിന്റെ അടയാളമായിട്ടാണ് പാത്രിയാർക്കീസും സംഘവും ഗാസയിലെ ഏക കത്തോലിക്ക ഇടവകയില്‍ എത്തിയത്.2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിനുശേഷം, ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉൾപ്പെടെ നൂറുകണക്കിന് കുടിയിറക്കപ്പെട്ട ആളുകൾക്ക് ഇടവക അഭയം നൽകിയിട്ടുണ്ട്.
സാന്താ തൊപ്പികൾ ധരിച്ച കുട്ടികളും വയോധികര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്നവരും ചേര്‍ന്നാണ് കര്‍ദ്ദിനാള്‍ പിസബല്ലയെ സ്വീകരിച്ചത്. മിന്നുന്ന അലങ്കാര ദീപങ്ങള്‍, ക്രിസ്മസ് ട്രീകൾ, പുല്‍ക്കൂട് എന്നിവയുൾപ്പെടെയുള്ള അലങ്കരിച്ചിട്ടുണ്ടായിരിന്നു. പാത്രിയർക്കീസിന്റെ മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി മാനുഷിക സഹായ പ്രവർത്തനങ്ങൾ, നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ഭാവിയിലേക്കുള്ള പദ്ധതികൾ എന്നിവയുൾപ്പെടെ ഇടവകയുടെ നിലവിലെ സ്ഥിതി വിലയിരുത്താൻ പാത്രിയാര്‍ക്കീസ് ശ്രമിക്കുമെന്ന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് അറിയിച്ചു.
ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക വൈദികരുമായും, സമൂഹത്തിന്റെ ആവശ്യങ്ങളെ കുറിച്ച് നേരിട്ട് കേൾക്കാൻ ഇടവകാംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. നാളെ ഡിസംബർ 21 ഞായറാഴ്ച, കര്‍ദ്ദിനാള്‍ പിസ്സാബല്ല ഇടവകയിൽ ബലിയര്‍പ്പണം നടത്തും. വെടിനിർത്തൽ കരാർ പ്രകാരം അടുത്തിടെ സാഹചര്യങ്ങളിലുണ്ടായ മെച്ചപ്പെടുത്തലുകൾക്കിടയിലും മാനുഷിക സഹായത്തിന് നിയന്ത്രണങ്ങൾ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ ഇപ്പോഴും നേരിടുന്ന ഒരു സമൂഹത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നാളെ തുടക്കം കുറിക്കുമെന്ന് കർദ്ദിനാൾ പിയർബാറ്റിസ്റ്റ വ്യക്തമാക്കി.

