കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ റിക്രൂട്ടിങ് ഏജൻസിയായ ഓവർസീസ് ഡെവലപ്മെന്റ് എംപ്ലോയ്മെന്റ് പ്രമോഷൻ കണ്‍സൾട്ടൻസി ലിമിറ്റഡും (ഒഡെപെക്) എറണാകുളം ലൂർദ് ആശുപത്രിയും ചേർന്ന് ബെൽജിയത്തിൽ നിന്നുള്ള ഡിഗ്നിറ്റാസ് കൺസോർഷ്യവുമായി നടപ്പിലാക്കുന്ന ‘അറോറ’ പദ്ധതിയുടെ 5-മത്തെ ബാച്ചിൽ 73 നഴ്സുമാർ ഡച്ച് ഭാഷാ പരിശീലനം സൗജന്യമായി പൂർത്തിയാക്കി ജനുവരി 13ാം തീയതി ബെൽജിയത്തിലേക്ക് തിരിക്കും. യാത്രയയപ്പ് ചടങ്ങ് ജില്ലാ ലേബർ ഓഫീസർ ജോവിൻ എം ഉദ്ഘാടനം ചെയ്തു. വിജയകരമായി പരിശീലനം പൂർത്തിയാക്കിയ 73 നേഴ്സുമാർക്കുള്ള പാസ്പോർട്ടും വിസയും അദ്ദേഹം ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.
ഒഡെപെക് റിക്രൂട്ട്മെൻ്റ് ഹെഡ് സ്വപ്ന അനിൽദാസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അറോറ പ്രോജക്ട് മാനേജർ ജോൺ ബാപ്റ്റിസ്റ്റ് ബെൽജിയത്തിൽ നിന്ന് ഓൺലൈനിലൂടെ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൂർദ് ആശുപത്രി എച്ച്. ആർ മനേജറും അറോറ പ്രോജക്ട് മാനേജറുമായ അന്ന സിജി ജോർജ്, ബെൽജിയത്തിൽ നിന്ന് പരിശീലനത്തിന് നേതൃത്വം കൊടുത്ത ക്രിസ്റ്റ ഡി ബാർ ബെൻ്റർ എന്നിവർ സംസാരിച്ചു.
ഈ പദ്ധതിയിൽ യോഗ്യതനേടിയവർക്ക് പ്രതിമാസ സ്റ്റൈപൻ്റോടെ ഡച്ച് ഭാഷ സൗജന്യമായി പഠിച്ച് ബെൽജിയത്തിൽ ജോലി പ്രവേശിക്കാൻ കഴിയും. ഇതിനായി ആറു മാസം ദൈർഘ്യമുളള ഡച്ച് ഭാഷാ പരിശീലനം ലൂർദ് ആശുപത്രിയിൽ സൗജന്യമായി സ്റ്റൈപൻ്റോടെ നല്‍കും.
പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ഉടൻ ആരംഭിക്കും.

