ആത്മീയം / ഡോ. ഗ്രിംബാള്‍ഡ് ലന്തപ്പറമ്പില്‍
ക്രിസ്മസ് ഒരു പുതിയ യുഗപിറവിയുടെ സ്നേഹകാഹളമാണ്. നവസൃഷ്ടി അഥവാ പുതിയ ഒരു സാമൂഹ്യക്രമം, അതാണ് ക്രിസ്മസ് മുന്നോട്ടുവയ്ക്കുന്ന, ‘കൃപ ലഭിച്ചവരുടെ’ കൂട്ടായ്മയുടെ സവിശേഷത. ഒറ്റ വാക്കില്‍, ഒരു പുതിയ ലോകക്രമത്തിലേക്കുള്ള പ്രവേശന കവാടമാണ് ക്രിസ്മസ്. ഈ പുതിയ ലോകക്രമത്തില്‍ വേട്ടക്കാരും, ഇരകളുമുണ്ടാകില്ല. നിന്ദിതരും പീഡിതരും ഉണ്ടാകില്ല. ചൂഷകരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും ഉണ്ടാകില്ല. അക്രമവും യുദ്ധവും ഉണ്ടാവില്ല. ഈ പുതിയ ജീവിതക്രമമാണ് ഏശയ്യാ പ്രവാചകന് ക്രിസ്തുവിന്റെ ആഗമനത്തില്‍ കാണുന്നത്.

വിശുദ്ധ ഓസ്ക്കര്‍ റോമേരോ
സങ്കടം നിറഞ്ഞ ജീവിതങ്ങളിലേക്ക് അനുപമമായ ഹൃദയാനന്ദം പകരുന്ന ഒരുകുഞ്ഞിന്റെ പുഞ്ചിരി പോലെ, അന്ധകാരാവൃതമായ ലോകത്തില്‍ സ്വര്‍ഗ്ഗീയപ്രകാശം ചൊരിഞ്ഞുകൊണ്ട് ഒരു സുവര്‍ണ്ണനക്ഷത്രം ഉദിച്ചുയരുന്നു. സര്‍വ്വമനുഷ്യര്‍ക്കും സമാധാനവും, രക്ഷയും, ആനന്ദവും, ധൈര്യവും, പ്രത്യാശയുംപ്രദാനം ചെയ്തുകൊണ്ട്, ആദിയിലെ വചനം, മാംസമാകുന്നു. ഭൂമിയില്‍ ദൈവപുത്രന് പിറക്കുന്നു. ഒന്നു കാതോര്‍ത്താല്‍ കേള്‍ക്കാം; മാലാഖമാര്‍ പാടുന്ന ദിവ്യഗീതം;
‘അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ കൃപ ലഭിച്ചവര്‍ക്ക് സമാധാനം’ ദാവീദിന്റെ കുടുംബത്തിലും, വംശത്തിലും പെട്ട ജോസഫ് ഗര്‍ഭിണിയായ തന്റെ ഭാര്യ മറിയത്തോടൊപ്പം പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന്ന്, യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബെദ്ലഹേമിലേക്ക് യാത്ര ചെയ്യുമ്പോള്‍ അവള്‍ക്ക് പ്രസവസമയമാവുകയും, തന്റെ കടിഞ്ഞൂല്‍ പുത്രനെ പ്രസവിക്കുകയും അവനെ പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്പുല്ത്തൊട്ടിയില് കിടത്തുകയും ചെയ്തു,
ഇത് ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ യേശുക്രിസ്തുവിന്റെ അദ്ഭുതകരമായ ജനനത്തെക്കുറിച്ച് വിശുദ്ധ ലൂക്ക സുവിശേഷകന് കുറിച്ച റിപ്പോര്‍ട്ട് (ലൂക്ക 2:1-7).’കുഞ്ഞാടിന്’ കിടക്കാന്‍ പറ്റിയ ഇടം: പുല്‍ത്തൊട്ടി. ഇത് ദൈവപുത്രന്
ലോകത്തെ പഠിപ്പിക്കുന്ന ക്രിസ്മസിന്റെ ആദ്യപാഠം, ‘ശൂന്യവത്ക്കരണം’ (ഫിലി.2:5-8)
അനുപമ സൗന്ദര്യമുള്ള ലാളിത്യത്തിന്റെ, വിനയത്തിന്റെ, ശുശ്രൂഷയുടെ ലളിത ജീവിതപാഠവും; പ്രയോഗവുമുണ്ട് വചനത്തിന്റെ ഈ ശൂന്യവത്ക്കരണത്തില്. അടയാളങ്ങളുടെ അര്ത്ഥമറിയുന്നവര്ക്കേ, ‘പുല്‍ത്തൊട്ടിയുടെ’ ആത്മീയതയുടെ ആഴവും, പരപ്പും, സൗന്ദര്യവും ഗ്രഹിക്കാനാവൂ.
ലോകരക്ഷയ്ക്കായി മനുഷ്യചരിത്രത്തിലേക്ക് പ്രവേശിച്ച ദൈവമാണ് ഭൂമിയില്‍ അവതരിച്ച യേശുക്രിസ്തു എന്ന പൂര്‍ണദൈവം; പൂര്‍ണ മനുഷ്യന്. ബെദ്ലഹേമില് പിറന്ന ദൈവപുത്രനിലൂടെ ദൈവഭരണം ചരിത്രത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
ജലത്താലും, പരിശുദ്ധാത്മാവിനാലും നവജന്മം പ്രാപിച്ചവര്‍ സ്നേഹത്തിലും, സമാധാനത്തിലും, നീതിയിലും ദൈവരാജ്യത്തില്‍ ജീവിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ പൗലോസ് പറയും: ‘ക്രിസ്തുവിനോട് ഐക്യപ്പെടാന്‍ വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. യഹൂദരെന്നോ, ഗ്രീക്കുകാരെന്നോ, അടിമയെന്നോ, സ്വതന്ത്രനെന്നോ, പുരുഷനെന്നോ, സ്ത്രീയെന്നോ വ്യത്യാസമില്ല. നിങ്ങളെല്ലാവരും ക്രിസ്തുവില്‍ ഒന്നാണ്’ (ഗലാ 3:27-28).
ക്രിസ്തുവില്‍ എല്ലാ മനുഷ്യരും വിശ്വാസത്തില്‍, പ്രത്യാശയില്‍, സ്നേഹത്തില്‍ ഒന്നാകാന്‍ മനഃപരിവര്ത്തനത്തിലേക്കും, മാനവികതയിലേക്കും, സ്വാതന്ത്ര്യത്തിലേക്കും, നീതിയിലേക്കും, സമത്വത്തിലേക്കും പുല്ത്തൊട്ടിയിലെ ഉണ്ണിയേശു നമ്മെ ക്ഷണിക്കുന്നു.

ഫ്രാന്‍സിസ് പാപ്പ
കാലം ചെയ്ത ഫ്രാന്‍സിസ് പാപ്പ ‘ഫ്രത്തേലി തൂത്തി’യില്‍ എഴുതിയ വാക്യം നാം ഓര്‍മ്മിക്കുന്നു. നാം, സോദരര്‍, നാം ദൈവരാജ്യത്തില്‍ ജീവിക്കാന്‍ ക്ഷണിക്കപ്പെട്ടവര്‍. നാം ദൈവപിതാവിന്റെ മക്കള്‍ ഈ ഭൂമിയില്‍ ആരംഭം കുറിക്കപ്പെട്ട ദൈവരാജ്യത്തിന്റെ ദിവ്യമായ ഓര്‍മ്മയാണ് ക്രിസ്മസ്. വിശുദ്ധ ഓസ്ക്കര്‍ റോമേരോ എഴുതി: ‘ദൈവം നമ്മോടൊപ്പം ചരിത്രത്തില്‍ യാത്രചെയ്യുകയാണെന്നും, നാം ഇവിടെ ഒറ്റയ്ക്കല്ല എന്നും, അവന്റെ ജനനം തീര്‍ത്തുപറയുകയാണ്. സമാധാനത്തിനായി, നീതിക്കായി, ദൈവികനിയമത്തിന്റെ പ്രാബല്യത്തിനായി, ഭൗതിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് മനുഷ്യര്‍ വ്യത്യസ്തമായ എന്തിനോ വേണ്ടി ദാഹിക്കുകയാണ്.
ദൈവവചനം പ്രഘോഷിക്കുന്ന അത്തരമൊരു സന്തോഷത്തിന്റെ തലം നമുക്കുതന്നെ പടുത്തുയര്‍ത്താന്‍ കഴിയുമെന്നതുകൊണ്ടല്ല, മറിച്ച് നീതിയുടെ, സ്നേഹത്തിന്റെ സമാധാനത്തിന്റെ ഭരണക്രമം നമ്മുടെ മധ്യേതന്നെ ഉണ്ട് എന്നതിനാല്‍ നമുക്ക് അത്തരമൊരു പ്രത്യാശ കാത്തുസൂക്ഷിക്കാന്‍ കഴിയും.'(സ്നേഹം കലാപമാണ് പേജ്. 34).
ക്രിസ്മസ് ഒരു പുതിയ യുഗപിറവിയുടെ സ്നേഹകാഹളമാണ്. നവസൃഷ്ടി അഥവാ പുതിയ ഒരു സാമൂഹ്യക്രമം, അതാണ് ക്രിസ്മസ് മുന്നോട്ടുവയ്ക്കുന്ന, ‘കൃപ ലഭിച്ചവരുടെ’ കൂട്ടായ്മയുടെ സവിശേഷത. ഒറ്റ വാക്കില്‍, ഒരു പുതിയ ലോകക്രമത്തിലേക്കുള്ള പ്രവേശന കവാടമാണ് ക്രിസ്മസ്. ഈ പുതിയ ലോകക്രമത്തില്‍ വേട്ടക്കാരും, ഇരകളുമുണ്ടാകില്ല. നിന്ദിതരും പീഡിതരും
ഉണ്ടാകില്ല. ചൂഷകരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും ഉണ്ടാകില്ല.
അക്രമവും യുദ്ധവും ഉണ്ടാവില്ല. ഈ പുതിയ ജീവിതക്രമമാണ് ഏശയ്യാ പ്രവാചകന് ക്രിസ്തുവിന്റെ ആഗമനത്തില്‍ കാണുന്നത്. ‘ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചുവസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍ കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചുമേയും. ഒരു ശിശു അവയെ നയിക്കും. എന്റെ വിശുദ്ധ ഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല’ (ഏശയ്യ 11:6-8). അവിടെ, ‘അവരുടെ വാള് കൊഴുവും, അവരുടെ
കുന്തം വാക്കത്തിയുമായി അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരെ വാളുയര്‍ത്തുകയില്ല. അവര്‍ ഇനിമേല്‍ യുദ്ധപരിശീലനം നടത്തുകയില്ല.'(ഏശയ്യ 2:4). സമാധാനപൂര്‍ണമായ ഒരു ലോകമാണ് ഏശയ്യാ പ്രവാചകന് ഇവിടെ വെളിപ്പെടുത്തുന്നത്. ‘വാള്’ ‘കൊഴുവും’ ‘കുന്തം’ വാക്കത്തിയുമായി രൂപാന്തരപ്പെടുന്നത് യുദ്ധോപകരണങ്ങള്‍, കാര്ഷീകോപകരണങ്ങളായി രൂപാന്തരപ്പെടും എന്നതിന്റെ അതിസുന്ദരമായ സൂചനയാണ്.
വലിയ തിരിച്ചറിവിന്റെ ആഴമുള്ള ആത്മീയ അനുഭവമാവട്ടെ ഈ ക്രിസ്മസ്. അപ്രധാനങ്ങളായ കാര്യങ്ങള്‍ക്ക് അമിതപ്രാധാന്യവും, അതിപ്രാധാന്യമുള്ളവയ്ക്ക് പ്രാധാന്യമേതും നല്‍കാതിരിക്കുകയും ചെയ്യുന്ന നമ്മുടെ ജീവിതശൈലികള്‍ക്ക് മാറ്റമുണ്ടാകട്ടെ. അറിവിന്റെ അര്‍ത്ഥത്തിന്റെ, ചരിത്രത്തിന്റെ, സത്യത്തിന്റെ, വിശ്വാസത്തിന്റെ മേഖലകളില്‍ കുഴമറിച്ചിലുകള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കണ്ണിന്റെയും കാതിന്റെയും മനസ്സിന്റെയും വ്യക്തതയാണ് പരമപ്രധാനം. ഓസ്ക്കര്‍ റോമേരോ പറയുന്നു:’നമ്മുടെ പുല്‍ക്കൂടുകളിലെ സുന്ദരമായ രൂപങ്ങളില്‍ നാം ഉണ്ണിയേശുവിനെ തേടരുത്. തിന്നാന്‍ ഒന്നുമില്ലാതെ, ഒഴിഞ്ഞ വയറോടെ ഈ രാത്രിയില്‍ ഉറങ്ങാന്പോകുന്ന ന്യൂനപോഷണമുള്ള കുഞ്ഞുങ്ങളിലും, പത്രക്കടലാസ് വിരിച്ചും, അതുകൊണ്ടുതന്നെ പുതച്ചും ഇടനാഴികളില്‍ ഉറങ്ങുന്ന പത്രം വില്‍ക്കുന്ന കുഞ്ഞുങ്ങളിലുമാണ് നാം ഉണ്ണിയേശുവിനെ തേടേണ്ടത്’ (സ്നേഹം കലാപമാണ് പേജ്. 161).
ക്രിസ്മസിന്റെ അന്തഃസത്ത ബാഹ്യമായ ആഘോഷങ്ങളിലും അനുഷ്ഠാനങ്ങളിലുമല്ല നിലനില്‍ക്കുന്നത്. ക്രിസ്മസ്, ഉത്കടമായ ദാഹത്തോടെ ദൈവരാജ്യത്തെ സമീപിക്കുന്നവരുടെ ഔന്നത്യമാര്‍ന്ന ചിന്താപദ്ധതിയും, ജീവിതശൈലിയും ആത്മീയാനുഭൂതിയുമാണ്. ചങ്കില് പുല്‍ത്തൊട്ടിയും, അതില്‍ ഉണ്ണിയേശുവിനേയും, മാതാവിനേയും, യൗസേപ്പിതാവിനേയും സംവഹിക്കുന്നവരുടെ ആഘോഷമാണ് ക്രിസ്മസ്.
എല്ലാവര്ക്കും ഹാപ്പി ക്രിസ്മസ്..

