കൊടുങ്ങല്ലൂർ : ഈശോമിശിഹായുടെ മനുഷ്യാവതാര ജൂബിലി 2025 ൻ്റെ
കോട്ടപ്പുറം രൂപതാതല സമാപനം 28 ന് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ നടക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന ജൂബിലി സമാപന പൊന്തിഫിക്കൽ ദിവ്യബലിക്ക് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമ്മികത്വം വഹിക്കും.രൂപതയിലെ എല്ലാ വൈദീകരും സഹകാർമ്മികരാകും.
ഇതിന് മുന്നോടിയായി വൈകീട്ട് മൂന്നിന് കൊടുങ്ങല്ലൂർ ബോയ്സ് സ്കൂൾ പരിസരത്തു നിന്നും കൃഷ്ണൻകോട്ട ക്രിസ്തുരാജ ദേവാലയത്തിൽ നിന്നും തുരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ നിന്നുമായി കത്തീഡ്രലിലേക്ക് ജൂബിലി പദയാത്രകൾ നടക്കും. കൃഷ്ണൻകോട്ടയിൽ നിന്ന് ജൂബിലി കുരിശും കൊടുങ്ങല്ലൂരിൽ നിന്ന് ബൈബിളും ജൂബിലി പതാകയും തുരുത്തിപ്പുറത്തു നിന്ന് ജൂബിലി എംബ്ലവും വഹിച്ചായിരിക്കും പദയാത്ര. ക്രിസ്ത്രീയ കലാരൂപങ്ങളുടെ അകമ്പടിയും നിശ്ചല ദൃശ്യങ്ങളുമായി ഇടവകകളുടെ ബാനറിനു പിന്നിലായി പേപ്പൽ പതാകകളുമായി ആയിരങ്ങൾ അണിചേരുന്ന പദയാത്രയിൽ ജപമാല ചൊല്ലി വിശ്വാസീ സമൂഹം പങ്കെടുക്കും.
വൈകീട്ട് 4.30 ന് ക്രിസ്തീയ വിശ്വാസത്തിൻ്റെ പിള്ളത്തൊട്ടിലായ കൊടുങ്ങല്ലൂർ – കോട്ടപ്പുറത്തെത്തുന്ന പദയാത്രകൾക്ക് കത്തീഡ്രൽ കവാടത്തിൽ വരവേല്പ് നല്കും. വിശ്വാസപരിശീലന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ബൈബിളിലെ ഉൽപ്പത്തി പുസ്തകം പകർത്തിയെഴുതിയ രണ്ടായിരം പേരുടെ സംഗമം ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കെസിബിസി ബൈബിൾ മാസാചരണത്തിൻ്റെ സമാപനവും നടക്കും.
ജൂബിലി സമാപനവുമായി ബന്ധപ്പെട്ട് ജൂബിലി കോ-ഓർഡിനേറ്റർ ഫാ. നിമേഷ് കാട്ടാശ്ശേരിയുടെയും ഫൊറോന വികാരിമാരുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ഊർജ്ജിതമായി പ്രവർത്തിച്ചുവരുന്നതായി കോട്ടപ്പുറം രൂപത പിആർഒ ഫാ. ഷിബിൻ കൂളിയത്ത് അറിയിച്ചു .

