ഹിസ്റ്റോറിയ / ജെന്സന് സി. ജോസ് (കവി, ചിത്രകാരന്)
1609ല്‍ പ്രശസ്ത ഇറ്റാലിയന്‍ ചിത്രകാരനായ കാര്‍വാജിയോ വരച്ച ‘നാറ്റിവിറ്റി’ ഇരുട്ടും വെളിച്ചവും ഉപയോഗിച്ച് ചിത്രീകരിച്ച അതിമനോഹര ചിത്രമായിരുന്നു. യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള ഒരു ചിത്രമാണ് ‘ദി നേറ്റിവിറ്റി വിത്ത് സെന്റ് ഫ്രാന്‍സിസ് ആന്‍ഡ് സെന്റ് ലോറന്‍സ്’. ആത്മീയതയും ലാളിത്യവും നിറഞ്ഞ വര്ണ്ണപ്രയോഗമാണിതില് ഉപയോഗിച്ചിരിക്കുന്നത്. മറിയത്തെ ഒരു സാധാരണ സ്ത്രീയായി ചിത്രീകരിച്ചു. 1969-ല്‍ പലെര്‍മോയിലെ ഓറട്ടറി ഓഫ് സെന്റ് ലോറന്സില് നിന്ന് ഇത് മോഷ്ടിക്കപ്പെട്ടു.

കാര്‍വാജിയോയുടെ പ്രശസ്ത ചിത്രമായ ‘ദി നേറ്റിവിറ്റി വിത്ത് സെന്റ് ഫ്രാന്‍സിസ് ആന്‍ഡ് സെന്റ് ലോറന്‍സ്’
ക്രിസ്മസിനോട് അനുബന്ധിച്ച പെയിന്റിങ്ങുകള്‍ക്ക് വളരെ ദീര്‍ഘവും സമൃദ്ധവുമായ ചരിത്രവും പാരമ്പര്യവും ഉണ്ട്. വിശുദ്ധ ഫ്രാന്‍സിസ് അസീസിയാണ് (1223) ആദ്യമായി ജീവനുള്ള മനുഷ്യരേയും മൃഗങ്ങളേയും കൊണ്ടുള്ള പുല്‍ക്കൂട് അവതരിപ്പിച്ചത്. അത് പിന്നീട് ചിത്രകലക്കും ശില്പകലയ്ക്കും പ്രചോദനമായി. ക്രിസ്മസ് പെയിന്റിങ്ങുകള്‍ വെറും ദൈവജനനകഥയല്ല, പ്രതീക്ഷ, സമത്വം, ദൈവം മനുഷ്യരിലേക്കിറങ്ങിവന്ന സംഭവം എന്നിവയുടെ ദൃശ്യരൂപങ്ങളാണ്.
ക്രിസ്തീയ കലയുടെ ഹൃദയഭാഗമാണ് ക്രിസ്മസ് വിഷയങ്ങള്‍. ആദ്യ ക്രിസ്ത്യന്‍ നൂറ്റാണ്ടുകളില്‍ തന്നെ ക്രിസ്മസിനെ ആസ്പദമാക്കിയ കലാസൃഷ്ടികള്‍ ആരംഭിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ ജനനസൂചനകള് (മറിയം, ഉണ്ണിയേശു, നക്ഷത്രം) ആദ്യമായി പ്രത്യക്ഷപ്പെട്ടത് റോമിലെ കാറ്റകോംബുകളിലാണ് (Catacombs). റോമിലെ ഭൂഗര്ഭശ്മശാനങ്ങളേയും ആരാധനയ്ക്കായി ഉപയോഗിച്ചിരുന്ന സ്ഥലങ്ങളേയുമാണ് കാറ്റകോംബുകള്‍ എന്നു പറയുന്നത്.
ബൈസന്റൈന്‍ കാലഘട്ടത്തില്‍ ഐക്കണുകള്‍ (Icons) വഴി ക്രിസ്മസ് ദൃശ്യങ്ങള്‍ വിശുദ്ധവും ദൈവീകവുമായ രീതിയില്‍ അവതരിപ്പിച്ചു. മധ്യകാലഘട്ടത്തിലാണ് ക്രിസ്ത്യന്‍-ക്രിസ്മസ് രചനകള്‍ സമ്പുഷ്ടമായത്. ദേവാലയങ്ങളുടെ ചുമരുകളില്‍ ഫ്രെസ്കോകളായും സ്റ്റെയിന്‍ഡ് ഗ്ലാസ് ചിത്രങ്ങളായും ക്രിസ്മസ് രംഗങ്ങള്‍ വ്യാപിച്ചു.
നവോത്ഥാന (റിനൈസന്‍സ്) കാലഘട്ടത്തിലാകട്ടെ ക്രിസ്മസ് കല മനുഷ്യവികാരങ്ങളോടും യാഥാര്‍ത്ഥ്യബോധത്തോടും കൂടിചേര്‍ന്നു.
പ്രധാന ക്രിസ്മസ് പെയിന്റിങ്ങുകളും ആര്‍ട്ടിസ്റ്റുകളും
1305ല്‍ ജിയോട്ടോ ഡെ ബോണ്ടോനെ വരച്ച ‘ക്രിസ്തുവിന്റെ ജനനം’ എന്ന ചിത്രം മനുഷ്യസ്നേഹവും സ്നേഹസ്പര്‍ശവും നിറഞ്ഞ ദൃശ്യമായി ആദ്യമായി അവതരിപ്പിച്ചു. മധ്യകാല ദൈവീക ശൈലിയില്‍ നിന്ന് മനുഷ്യകേന്ദ്ര കലയിലേക്കുള്ള വഴിത്തിരിവാണെന്നതാണ് അതിന്റെ ചരിത്രപ്രാധാന്യം. 1475ല്‍ സാന്‍ഡ്രോ ബോട്ടിച്ചെല്ലി രചിച്ച അഡോര്ഷന് ഓഫ് ദി മാജി എന്ന ചിത്രത്തില്‍ മൂന്നു പൂജ്യരാജാക്കന്മാരെ ഫ്ളോറന്‍സിലെ മെഡിച്ചി രാജകുടുംബാംഗങ്ങളുടെ മുഖസാദൃശ്യത്തോടെ ചിത്രീകരിച്ചു. ഈ ചിത്രം രാഷ്ട്രീയവും മതവും കലയും ചേര്‍ന്നൊരു സൃഷ്ടിയായി മാറി.

ജിയോട്ടോ ഡെ ബോണ്ടോനെ വരച്ച ‘ക്രിസ്തുവിന്റെ ജനനം’ എന്ന ചിത്രം
1609ല്‍ പ്രശസ്ത ഇറ്റാലിയന്‍ ചിത്രകാരനായ കാര്‍വാജിയോ വരച്ച ‘നാറ്റിവിറ്റി’ ഇരുട്ടും വെളിച്ചവും ഉപയോഗിച്ച് ചിത്രീകരിച്ച അതിമനോഹര ചിത്രമായിരുന്നു. യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള ഒരു ചിത്രമാണ് ‘ദി നേറ്റിവിറ്റി വിത്ത് സെന്റ് ഫ്രാന്‍സിസ് ആന്‍ഡ് സെന്റ് ലോറന്‍സ്’. ആത്മീയതയും ലാളിത്യവും നിറഞ്ഞ വര്ണ്ണപ്രയോഗമാണിതില് ഉപയോഗിച്ചിരിക്കുന്നത്. മറിയത്തെ ഒരു സാധാരണ സ്ത്രീയായി ചിത്രീകരിച്ചു.
1969-ല്‍ പലെര്‍മോയിലെ ഓറട്ടറി ഓഫ് സെന്റ് ലോറന്സില് നിന്ന് ഇത് മോഷ്ടിക്കപ്പെട്ടു. കവര്‍ച്ചയ്ക്ക് ശേഷമുള്ള ദശകങ്ങളില്‍ സിസിലിയന് മാഫിയകള്‍ക്കിടയില്‍ ഈ ചിത്രം കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് അന്വേഷകര്‍ വിശ്വസിക്കുന്നത്. 2015-ല്‍ ഒരു ഡിജിറ്റല്‍ പകര്‍പ്പ് കമ്മീഷന് ചെയ്തു, ഇപ്പോള്‍ അത് അള്‍ത്താരയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കാര്‍വാജിയോയുടെ ക്രിസ്മസ് ചിത്രീകരണത്തിനു ശേഷം ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ധാരാളം രചനകളുണ്ടായി. ക്രിസ്മസ് ചിത്രങ്ങള്‍ ”അധിക മനുഷ്യവല്‍ക്കരണം” എന്ന് ആരോപിച്ച് വിമര്‍ശിക്കപ്പെടാനും കാരണമായി.

