എറണാകുളം: സത്യനാദകാഹളം മുഴക്കി കേരളത്തില്‍ ലക്ഷണമൊത്ത വര്‍ത്തമാന പത്രങ്ങള്‍ക്കു വഴിയൊരുക്കിയ മഞ്ഞുമ്മല്‍ കര്‍മ്മലീത്ത സഭ, അഥവാ ആഗോള നിഷ്പപാദുക കര്‍മലീത്ത സഭയുടെ വിശുദ്ധ പത്താം പീയൂസ് പ്രവിശ്യാ പ്രസാധകരംഗത്തു വീണ്ടും ചരിത്രം വിരചിക്കുന്നു.
ഭാഷയുടെയും സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും മേഖലകളില്‍ ബൃഹത്തും പ്രാമാണികവുമായ നാലു ഗ്രന്ഥങ്ങള്‍ ഒരേ ദിവസം ഒരേ വേദിയില്‍ പ്രകാശനം ചെയ്തുകൊണ്ടാണ് അക്ഷരശുശ്രൂഷയിലെ മൂപ്പന്പദവിയെ അവര്‍ പുനരടയാളപ്പെടുത്തുക.
എറണാകുളം സെമിത്തേരിമുക്ക് കാര്‍മല്‍ ഹാളില്‍ ശനിയാഴ്ച (ഡിസംബര്‍ 20) വൈകിട്ട് അഞ്ചിനാണ് ചടങ്ങ്. മലയാളത്തില്‍ ബൈബിള്‍ വിവര്‍ത്തനരംഗത്തെ ആദ്യ കത്തോലിക്ക സംരംഭമായ മഞ്ഞുമ്മല്‍ പുതിയ നിയമം (1905), ബഹുമുഖ പ്രതിഭയും സഭാചരിത്രകാരനുമായ ബ്രദര്‍ ലെയോപ്പോള്‍ഡ് ഒസിഡിയുടെ മാസ്റ്റര്‍ പീസ് ആയ കേരളത്തിലെ ലത്തീന്‍ ക്രിസ്ത്യാനികള്‍ (1938). ഡോ. അഗസ്റ്റിന് മുള്ളൂര്‍ ഒസിഡി, പ്രൊഫ. ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ്, ഡോ. ഫാന്‍സിസ് പേരേപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ ദ് സ്റ്റോറി ഓഫ് എ മസ്റ്റാഡ് സീഡ് (2021) എന്നീ ഗ്രന്ഥങ്ങളുടെ പുനഃപ്രകാശനവും, ഫാ. ആന്റണി അമ്പാടന്‍ ഒസിഡിയുടെ മിറക്കിള്‍ ഓഫ് ഗ്രേയ്സ് എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവുമാണ് നടക്കുക.
വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം അധ്യക്ഷത വഹിക്കും. വിനോദ് എംഎല്‍എ അധ്യക്ഷത വഹിക്കും. വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന് പ്രസിഡന്റ് ജോയ് ഗോതുരുത്ത് മുഖ്യപ്രഭാഷണം നടത്തും. കെ.ആര്.എല്‍.സി.സി. ഉപാധ്യക്ഷന്‍ ജോസഫ് ജൂഡ്, പ്രൊവിന്‍ഷ്യല്‍ ഡോ. സിസ്റ്റര്‍ പേഴ്സി സിടിസി എന്നിവര്‍ ആശംസ നേരും. പ്രൊവിന്‍ഷ്യല്‍ ഡോ. അഗസ്റ്റിന് മുള്ളൂര്‍ ഒസിഡി സ്വാഗതവും ജ്യോതിര്ധാര പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ ഫാ. ആന്റണി ലാലു ഒസിഡി നന്ദിയും പറയും.
മഞ്ഞുമ്മല്‍ പുതിയ നിയമം 115 വര്‍ഷങ്ങള്‍ക്കുശേഷം 2020-ല്‍ ഡോ. അഗസ്റ്റിന് മുള്ളൂര്‍ എഡിറ്റ് ചെയ്തു പുനഃപ്രസിദ്ധീകരിച്ചിരുന്നു. ‘കേരളത്തിലെ ലത്തീന്‍ ക്രിസ്ത്യാനികള്‍’ ആദ്യമായാണ് പുനഃപ്രസിദ്ധീകരിക്കുന്നത്. അനുബന്ധ പഠനങ്ങളും വ്യാഖ്യാനങ്ങളും ഉള്‍പ്പെടുത്തി ഡോ. മാനുവല്‍ റിബേരോ അതിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. ദ് സ്റ്റോറി ഓഫ് എ മസ്റ്റാഡ് സീഡ് പ്രഥമത മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചരിത്രമാണെങ്കിലും പൊതുചരിത്രത്തിന്റെ ഉള്ളറകളിലേക്കും കാണാക്കാഴ്ചകളിലേക്കും പൊളിച്ചെഴുത്തുകളിലേക്കും വായനക്കാരെ കൊണ്ടെത്തിക്കുന്നു. മഞ്ഞുമ്മല്‍ കര്‍മലീത്ത സഭിയുടെ ആന്ധ്ര മിഷന്റെ വളര്‍ച്ചയും വ്യാപനവും സ്വതന്ത്രപദവിയിലേക്കുള്ള ഉയര്‍ച്ചയും വിവരിക്കുന്ന മിറക്കിള്‍ ഓഫ് ഗ്രേയ്സ്. ഗ്രന്ഥകാരനായ ഫാ. ആന്റണി അമ്പാടന്‍ ഒസിഡി മൂന്നു പതിറ്റാണ്ട് അവിടെ മിഷണറിയായിരുന്നു.
ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി, ചര്‍ച്ച് ഹിസ്റ്ററി അസോസിയേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. ചാള്‍സ് ഡയസ്, പ്രൊഫ. ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ്, ഫാ. ആന്റണി അമ്പാടന്‍ ഒസിഡി എന്നിവര്‍ പുസ്തക പരിചയം നടത്തും. മലയാള മനോരമ അസി. എഡിറ്റര്‍ എസ്. ഹരികൃഷ്ണന്, സി.എസ്.എസ്.ടി. പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ നീലിമ, കെ.എല്‍.സി.എ. പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനുമായ അഭിലാഷ് ഫ്രെയ്സര്‍ എന്നിവര്‍ യഥാക്രമം ഗ്രന്ഥങ്ങള്‍ ഏറ്റുവാങ്ങും.

