വിയന്ന: വിയന്ന കുൻസ്റ്റ്ലെർഹൗസ് വെറൈനിഗുങ്ങിൽ ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച് നടന്ന പ്രദർശനത്തിനെതിരെ പ്രാർത്ഥനാ റാലി. കന്യകാമറിയത്തെ ട്രാൻസ്ജെൻഡർ സ്ത്രീയായും ഈശോയുടെ കുരിശു മരണത്തെ അവഹേളിച്ച് ക്രൂശിക്കപ്പെട്ട തവളയും ചിത്രീകരിച്ച “Du sollst dir ein Bild machen” എന്ന പ്രദർശനത്തിന് എതിരെയാണ് പ്രാർത്ഥനാ റാലി സംഘടിപ്പിച്ചത്. കലാകാരന്മാർക്കുള്ള സാംസ്കാരിക കേന്ദ്രമായ വിയന്നയിൽ കത്തോലിക്കാ വിശ്വാസത്തിനെതിരായ ആക്രമണമാണ് നടന്നതെന്നും ഈ പശ്ചാത്തലത്തിലാണ് പ്രാർത്ഥനാ റാലി സംഘടിപ്പിച്ചതെന്നും സംഘാടകർ പറഞ്ഞു.
ക്രിസ്തീയ മൂല്യങ്ങളെ മുറുകെ പിടിക്കുന്ന ഓസ്ട്രിയൻ സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ട്രഡീഷൻ, ഫാമിലി, & പ്രൈവറ്റ് പ്രോപ്പർട്ടി (TFP) സംഘടന എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ജപമാല റാലിയിൽ ദൈവനിന്ദ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാർഡുകളും വഹിച്ചിരിന്നു. കത്തോലിക്ക വിശ്വാസത്തിന്റെ ഹൃദയത്തെ തകർക്കുന്ന മ്ലേച്ഛമായ ചിത്രീകരണങ്ങളാണ് ഇത്തരം ഒരു ചിത്രീകരണത്തിലൂടെ ഉണ്ടായിരിന്നതെന്നും സംഘാടകർ ചൂണ്ടിക്കാട്ടി. സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ട്രഡീഷൻ, ഫാമിലി, & പ്രൈവറ്റ് പ്രോപ്പർട്ടി അമേരിക്കയുടെ പിന്തുണയോടെ അന്താരാഷ്ട്ര തലത്തിൽ ക്യാംപെയിൻ ആരംഭിച്ച് പരിപാടി നിർത്തലാക്കുവാനുള്ള നീക്കത്തിലാണ് വിശ്വാസികൾ.

