കോട്ടപ്പുറം : കോട്ടപ്പുറം രൂപതയുടെ സാമൂഹിക പ്രവര്‍ത്തന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് സൊസൈറ്റി (കിഡ്സ്-കോട്ടപ്പുറം) ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടേയും രക്ഷകര്‍ത്താക്കളുടേയും സംഗമം “സ്നേഹക്കൂട് -2025” കോട്ടപ്പുറം സെന്റ് മൈക്കിള്‍ കത്തീഡ്രല്‍ പള്ളി പാരീഷ് ഹാളില്‍ വെച്ച് നടന്നു.
കിഡ്സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം വി. ഗീത മുഖ്യാതിഥിയായിരുന്നു.
പ്രശസ്ത യൂട്യൂബര്‍ നിഖില്‍ രാജ് മുഖ്യപ്രഭാഷണം നടത്തിയ യോഗത്തില്‍ സര്‍വ്വശിക്ഷാ കേരള (എസ്.എസ്.കെ) ബോക്ക് പ്രോജക്റ്റ് കോ-ഓഡിനേറ്റര്‍ പ്രേംജിത്ത് കെ.എസ്., കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തിഡ്രല്‍ അസി. വികാരി ഫാ. പീറ്റര്‍ കണ്ണമ്പുഴ, ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ കിരണ്‍ ഭരതന്, പ്രാര്‍ത്ഥന ഫൗണ്ടേഷന് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ജിജ കുര്യന്, കൊടുങ്ങല്ലൂര്‍ ഡി.ജെ അക്കാദമി ഡയറക്ടര്‍ ശ്രീകാന്ത്, വികലാംഗ അസോസിയേഷന് ഓഫ് ഇന്ത്യ താലൂക്ക് പ്രസിഡന്റ് പി.എം. മജീദ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ചടങ്ങില്‍ വി. ഗീതയെയും നിഖില്‍ രാജനെയും ആദരിക്കുകയും കിഡ്സിന്റെ “സമഗ്ര മാഗസിന്” ബിഷപ്പ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. കിഡ്സ് അസോ. ഡയറക്ടര്‍ ഫാ. വിനു പീറ്റര്‍ പടമാട്ടുമ്മല്‍ സ്വാഗതവും, കിഡ്സ് അസി.ഡയറക്ടര്‍ ഫാ. നിഖില്‍ മുട്ടിക്കല്‍ നന്ദിയും പറഞ്ഞു.
കിഡ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ശാരീരിക മാനസീക വെല്ലുവിളി നേരിടുന്നവരുടെ വികസനം. നമ്മുടെ സഹോദരങ്ങളെ അവരുടെ കുടുംബത്തിനും സമൂഹത്തിനും സഹായകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനുവേണ്ടി കിഡ്സ് ഈ മേഖലയില്‍ വളരെ നൂതനങ്ങളായ ട്രെയ്നിങ്ങ് പരിപാടികളും ജോലിയും ആണ് വിഭാവനം ചെയ്യുന്നത്. ഇതിലൂടെ വളരെയധികം ആളുകളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുവാന്‍ കിഡ്സിന് സാധിച്ചു. ഇതോടനുബന്ധിച്ചു നടന്ന പരിപാടിയില്‍ 400ഓളം പേര് പങ്കെടുത്തതായും കിഡ്സ് കോട്ടപ്പുറം ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശ്ശേരി അറിയിച്ചു.

