പുസ്തകം / ബോബന് വരാപ്പുഴ
മരുപ്രദേശത്തെ പുല്‍പ്പുറങ്ങള്‍
സമൃദ്ധി ചൊരിഞ്ഞു. (സങ്കീര്‍ത്തനം – 65:12 )
അസ്സീസിയിലെ ഫ്രാന്‍സീസും വരാപ്പുഴയിലെ മദര്‍ ഏലീശ്വയും ഒന്നിനും മുട്ടില്ലാത്ത സമ്പന്നതയുടെ ഗൃഹങ്ങളിലാണ് ജനിച്ചത്. വിശുദ്ധ ദാമിയന്റെ ദേവാലയവും പ്രശസ്തമായ ലാറ്ററാന് കൊട്ടാരവും ഫ്രാന്‍സിസിനെ സംബന്ധിച്ച് തിരുസഭയുടെ ഉദാത്തമായ ബിംബങ്ങളായിരുന്നെങ്കില്, കൂനമ്മാവിലെ സെന്റ്. ഫിലോമിനാസ് ദേവാലയം ഏലീശ്വയ്ക്ക് തന്റെ ദൈവവിളിയിലേക്കുള്ള വാതിലായിരുന്നു. തകരുന്ന സഭയെ സൂചിപ്പിക്കുന്ന ലാറ്ററന്‍ കൊട്ടാരത്തെ താന്‍ താങ്ങിപിടിച്ചിരിക്കുകയാണ്… എന്ന സ്വപ്ന ദര്‍ശനം അദ്ദേഹത്തെ പുണ്യവാനും കര്മ്മധീരനാക്കിയപ്പോള് ‘നീ പോയി നിന്റെ ഹൃദയാഭിലാഷങ്ങളും പ്രചോദനങ്ങളും കൊച്ചു മൂപ്പച്ചനോട് പറയുക’ എന്നുള്ള ദിവ്യസ്വരം സക്രാരിയില്‍ നിന്ന് ശ്രവിച്ച ഏലീശ്വയെ കേരളത്തിലെ നവോത്ഥാന നായികയായി.’പൊടുന്നനെ സ്കാരിയുടെ മൗനം സംഗീതമായി ‘..എന്ന് അഭിലാഷ് എഴുതുമ്പോള്‍ ആ തിരുസ്വരത്തിന്റെ ഇമ്പമാര്‍ന്ന മൗലീകത നമുക്ക് കൂടുതല്‍ അനുഭവവേദ്യമാകും
വിളക്കെന്നത് പ്രകാശത്തിന്റെ ആന്തരീകമായൊരു പര്യായമാണ്. അതിനാല്‍ വിളക്ക് തെളിച്ചിട്ട് അതിനെ പാഴ്മുറം കൊണ്ടു മൂടുകയോ കട്ടിലിനടിയില്‍ വയ്ക്കുകയോ ചെയ്തിട്ടും കാര്യമില്ല. കാരണം പരക്കുക എന്നതാണ് പ്രകാശത്തിന്റെ പ്രകൃതം. പ്രപഞ്ചകാഴ്ചകളിലെ അവിഭാജ്യ ഘടകം വെളിച്ചമാണ്. അതാണ് ഏറ്റവും സുന്ദരമായത്. ഇരുട്ടിന്റെ നിഗൂഢതയില്‍ ആണ്ടുറങ്ങിക്കിടക്കുന്നവര്ക്ക് പ്രകാശത്തിന്റെ മാഹാത്മ്യം മനസിലാക്കിക്കൊടുക്കാന്‍ ചിലര്‍ സ്വയം പ്രകാശിതരായി മുന്നോട്ടിറങ്ങുന്നു.

അഭിലാഷ് ഫ്രേസർ
അതാണ് അസ്സീസിയിലെ ഫ്രാന്‍സിസ് ചെയ്തത്. അതു തന്നെയാണ് വരാപ്പുഴയിലെ മദര്‍ ഏലീശ്വയും ചെയ്തത്. രണ്ടു പേരും പാവങ്ങളെ ഓര്‍ത്തു. അവരുടെ ദൃഷ്ടിയില് ആ മുഖങ്ങളിലും ദൈവത്തിന്റെ ഛായയും രൂപവും ഉണ്ടായിരുന്നു ..അപ്പോള്‍ സാമൂഹ്യ നവോത്ഥാനം തന്നെയാകട്ടെ ആരാധനയും..
പെണ്വിളക്കെന്ന അഭിലാഷ് ഫ്രേസറുടെ പുതിയ പുസ്തകം, സ്വയം ദൈവത്തിന് സമര്‍പ്പിച്ചൊരു പാവം വീട്ടമ്മയായിരുന്ന കന്യാസ്ത്രീയുടെ പാവനമായ ജീവിതത്തിന്റെ ആവിഷ്ക്കാരം മാത്രമല്ല, കേരളത്തില്‍ നിലനിന്നിരുന്ന ഇരുണ്ട ഒരു കാലഘട്ടത്തിലെ മനുഷ്യര്‍ക്ക് നല്‍കേണ്ടിയിരുന്ന പ്രബോധനത്തിന്റെ അനിവാര്യതയെ ദ്യോതിപ്പിക്കുന്നതു കൂടിയാണ്.
“മനുഷ്യനോടും മണ്ണിനോടും മണ്ണിലെ ജന്തുക്കളോടും വെള്ളത്തിലെയും ആകാശത്തിലെയും ജീവികളോടും ദൈവത്തിന്റെ സൃഷ്ടികള്‍ എന്ന നിലയില്‍ നമ്മള് കാണിക്കുന്ന കാരുണ്യമാണ് ദയ…’
‘ദയ എന്ന വാക്കിന്റെ സംഗീതം ഏലീശ്വ തേടിയത് അപ്പന്റെ വയല്‍ വരമ്പില്‍ ഓടിമാറിയ പുലയ ജന്മങ്ങളിലായിരുന്നു. മടിച്ചു ചൂളി നിന്ന പുലയക്കിടാങ്ങളുടെ കരിങ്കവിളില് അവള് ദയാര്ദ്രമായി തൊട്ടു. അവളുടെ അന്നന്നയപ്പത്തിന്റെ പങ്ക് വിലക്കുകള്‍ ഭേദിച്ച് അവരുടെ നാവില്‍ പുതുരുചികള്‍ പകര്‍ന്നു …. ‘ പെണ്വിളക്കില് നിന്നുള്ള ജീവസ്സുറ്റ ഈ ചിത്രീകരണം, മദര്‍ ഏലീശ്വയുടെ ഹൃദയത്തിലേക്കും ആ കാലഘട്ടത്തിലേക്കും വാതില്‍ നമുക്കായി തുറന്നിടുന്നു. അതാണ് ഈ പുസ്തകത്തിന്റെ അനന്യത.
വാഴ്ത്തപ്പെട്ട ഏലീശ്വാമ്മയുടെ നിരവധി ജീവചരിത്രങ്ങള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും, വിശുദ്ധമായ ആ ജീവിത വഴികളെ ഏറ്റവും സാഹിത്യാത്മകവും ദര്ശനാധിഷ്ഠിതവുമായി അവതരിപ്പിക്കുന്ന വളരെ മികച്ച ഒരു പുസ്തകമാണ്, വിശുദ്ധ പ്രകാശം ചൊരിയുന്ന ഈ പെണ്‍വിളക്ക്.
പ്രണതാ ബുക്സാണ് പ്രസാധകര്.

