ലക്നോ: ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമപ്രകാരം ബൈബിൾ വിതരണം ചെയ്യുന്നതോ മതപ്രഭാഷണം നടത്തുന്നതോ കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ച്. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനൽകുന്ന അവകാശമാണ് ബൈബിൾ വിതരണം ചെയ്യുന്നതും മതപ്രഭാഷണം നടത്തുന്നതുമെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രലോഭനം, ബലപ്രയോഗം, വഞ്ചന എന്നിവയിലൂടെ നിർബന്ധിത മത ശ്രമം മാത്രമേ 2021ലെ നിയമപ്രകാരം കുറ്റകരമാകൂ. മതിയായ തെളിവുകളോ പരാതികളോ ഇല്ലാതെ മതപരിവർത്തന നിരോധനനിയമം ചുമത്തി കേസെടുത്ത യുപി പോലീസിന്റെ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു.
സുൽത്താൻപുർ ജില്ലയിലെ ധാമാർ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഓഗസ്റ്റ് 17ന് തങ്ങൾക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കുറ്റാരോപിതർ കോടതിയെ സമീപിച്ചത്. രാം കേവൽ പ്രസാദും ഏതാനും പേരും ചേർന്നു നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക ഇടപെടൽ. ഉത്തർപ്രദേശിലെ ഏറെ കർക്കശമായ മതപരിവർത്തന നിരോധന നിയമപ്രകാരവും 2023ലെ ഭാരതീയ ന്യായ സൻഹിത പ്രകാരവും വിവിധ വകുപ്പുകൾ ചേർത്തായിരുന്നു എഫ്ഐആർ.
പ്രതികൾ പ്രാർത്ഥനായോഗം സംഘടിപ്പിച്ച് ദളിതർക്കും പാവപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കും ബൈബിൾ വിതരണം ചെയ്തെന്നും അവരെ മത പരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്നും ആരോപിച്ച് മനോജ്കുമാർ സിംഗ് എന്നയാൾ നൽകിയ പരാതിപ്രകാരമായിരുന്നു പോലീസ് കേസെടുത്തത്. എന്നാൽ, ബൈബിളുകളും എൽഇഡി സ്ക്രീനും കൈവശം വച്ചുവെന്നതിന്റെ പേരിൽ മാത്രം ഒരാളെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടി അതിരുകടന്നതാണെന്നും പ്രലോഭനമോ ബലപ്രയോഗമോ നടന്നതായി തെളിയിക്കാൻ സാധിക്കണമെന്നും ജസ്റ്റീസുമാരായ ബബിത റാണി, അബ്ദുൾ മൊയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കേസ് രജിസ്റ്റർ ചെയ്യുന്ന സമയത്ത് ആ രും പരാതിയുമായി മുന്നോട്ടുവരാതിരുന്നിട്ടും പോലീസ് നടപടി സ്വീകരിച്ചത് നിയമത്തിൻ്റെ ദുരുപയോഗമാണെന്ന് കോടതി വിലയിരുത്തി. രാജേന്ദ്ര ബിഹാരി ലാൽ vs സ്റ്റേറ്റ് ഓഫ് യുപി കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച മുൻ ഉത്തരവും ഹൈക്കോടതി വിധിന്യായത്തിൽ പരാമർശിച്ചു. പ്രത്യേക നിയമങ്ങൾ നടപ്പിലാക്കുമ്പോൾ പോലീസ് നടപടിക്രമങ്ങൾ കർശനമായി പാലിക്കണമെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു.
ഹർജിക്കാർക്കു ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങൾക്കിടെയാണു ഹൈക്കോടതി യുടെ നിർണായക ഇടപെടൽ. മതവിശ്വാസം പ്രചരിപ്പിക്കാനുള്ള പൗരൻ്റെ അവകാശം സംരക്ഷിക്കുന്നതാണ് ഈ വിധിയെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

