ടെഹ്റാൻ: അഞ്ച് ഇറാനിയൻ ക്രൈസ്തവർക്ക് 50 വർഷത്തിലധികം തടവ് ശിക്ഷ വിധിച്ചു. മാമോദീസ, പ്രാർത്ഥന, ക്രിസ്തുമസ് ആഘോഷിക്കൽ തുടങ്ങിയ സാധാരണ വിശ്വാസപരമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ വിധി. ഇറാനിയൻ-അർമേനിയൻ വചനപ്രഘോഷകൻ ജോസഫ് ഷഹബാസിയൻ, ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നാസർ നവാർഡ് ഗോൾ-തപേഹ്, ഐഡ നജഫ്ലൂ, ജോസഫിന്റെ ഭാര്യ ലിഡ ഉൾപ്പെടെ ആകെ 5 ക്രൈസ്തവരെയാണ് തങ്ങളുടെ വിശ്വാസത്തെ പ്രതി തടവിലാക്കിയിരിക്കുന്നത്.
നാല് പേർക്ക് പീനൽ കോഡിലെ ഭേദഗതി ചെയ്ത ആർട്ടിക്കിൾ 500 പ്രകാരം 10 വർഷം തടവ് ലഭിച്ചിട്ടുണ്ടെന്നും കൂട്ടംകൂടൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ആരോപിച്ച് അഞ്ച് വർഷം അധിക തടവ് ലഭിച്ചതായും മതസ്വാതന്ത്ര്യ സംഘടനയായ ആർട്ടിക്കിൾ 18 റിപ്പോർട്ട് ചെയ്യുന്നു. ലിഡാ മാത്രമാണ് അധിക ശിക്ഷയിൽ നിന്ന് ഒഴിവായിരിക്കുന്നതു. ക്രൈസ്തവർക്ക് അപ്പീൽ നൽകാൻ 20 ദിവസം അവസരമുണ്ടെന്നും നീതിയ്ക്ക് വേണ്ടി പോരാടുമെന്നും സംഘടന വ്യക്തമാക്കി. തീവ്ര ഇസ്ലാമിക നിലപാടുള്ള രാജ്യമായ ഇറാനിലെ ക്രൈസ്തവർ വേട്ടയാടുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായാണ് ഈ സംഭവത്തെ നിരീക്ഷിക്കുന്നത്.
രാജ്യത്തെ നിയമ വ്യവസ്ഥ അനുസരിച്ച് ഇസ്ലാം മതത്തിലേക്ക് ആളുകൾക്ക് പരിവർത്തനം ചെയ്യാമെങ്കിലും ഇസ്ലാം മതസ്ഥർക്ക് മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യാൻ അനുമതിയില്ല. ഇങ്ങനെ ചെയ്താൽ ഇത് ശരിയത്ത് നിയമപ്രകാരം വധശിക്ഷ പോലും ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ്. 8.7 കോടി ജനങ്ങളുള്ള ഇറാനിൽ 3,00,000 ക്രിസ്ത്യാനികൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള പീഡനം ശക്തമാകുമ്പോഴും അനേകം ഇസ്ലാം മതസ്ഥർ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതായുള്ള വിവിധ റിപ്പോർട്ടുകൾ രാജ്യത്തു നിന്നു പുറത്തുവരുന്നുണ്ട്.

