അഭിമുഖം/
നിയുക്ത മെത്രാന് മോണ്‍. ആന്റണി കാട്ടിപ്പറമ്പില്‍/ ജെക്കോബി

ആഗമനകാലത്തിലെ രണ്ടാം ഞായറാഴ്ച, 2025 ഡിസംബര്‍ ഏഴിന് വൈകുന്നേരം മൂന്നുമണിക്ക് ഫോര്‍ട്ട്കൊച്ചി സാന്താ ക്രൂസ് സ്ക്വയറില്‍ (പരേഡ് ഗ്രൗണ്ട്) കൊച്ചി റോമന്‍ കത്തോലിക്കാ രൂപതയുടെ 36-ാമത്തെ മെത്രാനായി മോണ്‍സിഞ്ഞോര്‍ ആന്റണി കാട്ടിപ്പറമ്പില്‍ അഭിഷിക്തനാകുന്നു. ഉദ്ഭവം മുതല്‍ ചരിത്രപരമായി കൊച്ചിയുടെ മാതൃരൂപതയായ ഗോവയുടെ മെത്രാപ്പോലീത്തായും ഈസ്റ്റ് ഇന്‍ഡീസ് സ്ഥാനിക പാത്രിയര്‍ക്കീസും ഇന്ത്യയിലെ റോമന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെയും ഏഷ്യയിലെ കത്തോലിക്കാ മെത്രാന് സമിതികളുടെ ഫെഡറേഷന്റെയും പ്രസിഡന്റുമായ കര്‍ദിനാള്‍ ഫിലിപ് നേരി അന്തോണിയോ സെബസ്ത്യാവോ ദൊ റൊസാരിയോ ഫെറാവോ മുഖ്യകാര്‍മികനും, വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, കൊച്ചി ബിഷപ് എമരിറ്റസ് ഡോ. ജോസഫ് കരിയില്‍ എന്നിവര്‍ സഹകാര്‍മികരുമായിരിക്കും. ഡിസംബര്‍ എട്ടിന്, അമലോദ്ഭവമാതാവിന്റെ തിരുനാള്‍ ദിനത്തില്‍, രാവിലെ 10.30ന് ഫോര്‍ട്ട്കൊച്ചി സാന്താ ക്രൂസ് കത്തീഡ്രല്‍ ബസിലിക്കയില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചുകൊണ്ട് ബിഷപ് ആന്റണി കാട്ടിപ്പറമ്പില്‍ ഔദ്യോഗികമായി രൂപതയുടെ ഭരണം ഏറ്റെടുക്കും.
കൊച്ചി രൂപതയിലെ വിവിധ ഇടവകസമൂഹങ്ങളിലെന്നപോലെ ഇറ്റലിയിലെ പ്രാത്തോയിലും മിലാനിലും റോമിലും അജപാലനശുശ്രൂഷയുടെ അനുഭവവും, ബിബ്ലിക്കല്‍ തിയോളജിയിലും കാനോന്‍ നിയമത്തിലും അവഗാഹവും, ജുഡീഷ്യല്‍ വികാരി എന്ന നിലയില്‍ രൂപതാ കച്ചേരിയില്‍ നീതിനിര്‍വഹണത്തിലെ കാരുണ്യവും കരുതലും, സന്ന്യസ്തര്‍ക്കുവേണ്ടിയുള്ള എപ്പിസ്കോപ്പല്‍ വികാരി എന്ന നിലയില്‍ പ്രേഷിത ശിഷ്യത്വത്തിന്റെയും സാമൂഹിക സേവനത്തിന്റെയും ആധ്യാത്മിക സമര്‍പ്പണത്തിന്റെയും മേഖലയില്‍ വൈവിധ്യമാര്‍ന്ന കാരിസത്തിന്റെയും ന്യായപ്രമാണങ്ങളുടെയും കര്‍മ്മപദ്ധതികളുടെയും ദൈവാവിഷ്കൃത വരദാനങ്ങളുടെയും സാക്ഷാത്കാരവുമെല്ലാം പൗരോഹിത്യത്തിന്റെ പൂര്‍ണതയിലേക്കുള്ള യാത്രയില്‍ അന്‍പത്തഞ്ചുകാരനായ മോണ്‍. ആന്റണി കാട്ടിപ്പറമ്പിലിന് അപാരമായ ദൈവകൃപയുടെ നിദര്‍ശനമാണ്.
പശ്ചിമകൊച്ചിയിലെ മുണ്ടംവേലിയില്‍ ‘വിളിച്ചാല്‍ വിളിപ്പുറത്തുള്ള’ സന്ധ്യാവ് പുണ്യാളന്റെ തിരുനടയില്‍ അള്‍ത്താര ബാലനായി സ്വയം സമര്‍പ്പിച്ച നാളുകളുടെ സുകൃതങ്ങളും, ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും അഴലുകളെ ശമിപ്പിച്ച പ്രാര്‍ഥനയുടെയും വിശ്വാസതീക്ഷ്ണതയുടെയും സന്തോഷത്തിന്റെയും കൃപാസമൃദ്ധിയും, നാല് പെങ്ങന്മാരുടെ ഇളയ പൊന്നാങ്ങളയായി, ഏഴു മക്കളില്‍ ഏറ്റവും ഇളയവനായി എല്ലാവരുടെയും കരുതലിന്റെയും സ്നേഹത്തിന്റെയും ആര്ദ്രസാന്ത്വനവും തന്നെ രൂപപ്പെടുത്തിയതെങ്ങനെയെന്ന് മിഴിനീരിന്റെ തിളക്കമുള്ള ഹൃദയമാധുര്യത്തോടെ പങ്കുവയ്ക്കാന്‍ കഴിയുന്ന ഇടയന്, ലെയോ പതിനാലാമന്‍ പാപ്പായുടെ ആശീര്‍വാദത്തോടെ സാര്‍വത്രിക സഭയുടെ സമ്മാനമായി സുവിശേഷവത്കരണത്തിനായുള്ള റോമിലെ ഡികാസ്റ്ററിയില്‍ നിന്ന്, അപ്പസ്തോലിക ശുശ്രൂഷയുടെ അടയാളമായ മെത്രാന്റെ സ്ഥാനമുദ്രകള്‍ – മോതിരവും പെക്ടറല്‍ കുരിശും അജപാലനത്തിന്റെ ക്രൂസിയര്‍ ദണ്ഡും, 33 ബട്ടണുകളുള്ള പര്‍പ്പിള്‍ ക്വയര്‍ കാസക്കും – ഏറ്റുവാങ്ങാന്‍ ഒരുങ്ങുമ്പോള്‍, തന്റെ ജീവിതത്തിലെ ദൈവപരിപാലനത്തിന്റെ അതിശയകരമായ ഇടപെടലുകളെക്കുറിച്ച് ഉള്ളംതുറക്കുന്നു:
- എപ്പിസ്കോപ്പല്‍ മോട്ടോയില്‍ നിന്നു തുടങ്ങാം. ‘ഗ്രാത് സിയ ദേയി സും, ഇദ് ക്വാദ് സും.’ ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ് (1കോറിന്തോസ്15:10). 1998ല്‍ വൈദികപട്ടം സ്വീകരിക്കുമ്പോള്‍ ഓര്‍ഡിനേഷന്റെ കാര്‍ഡില്‍ എഴുതിയിരുന്ന പ്രമാണവാക്യവും ഇതുതന്നെയായിരുന്നല്ലോ. പൗലോസ് അപ്പസ്തോലന്റെ വചനങ്ങള്‍ അങ്ങയെയും അങ്ങയുടെ ശുശ്രൂഷയെയും നിര്‍വചിക്കുന്നതുപോലെ…
എന്റെ പരിമിതികളെയും ബലഹീനതകളെയും കുറവുകളെയും കുറിച്ച് എനിക്ക് എന്നും ബോധ്യമുണ്ടായിരുന്നു. പൗരോഹിത്യം എന്ന മഹനീയ കൂദാശയ്ക്ക് ഞാന്‍ യോഗ്യനാണോ എന്ന് പല ഘട്ടങ്ങളിലും ഞാന്‍ എന്നോടുതന്നെ ചോദിച്ചുകൊണ്ടിരുന്നു. എനിക്കിതിനുള്ള യോഗ്യതയുണ്ടോ? അര്‍ഹതയില്ലാത്തത് ഒരിക്കലും ആഗ്രഹിക്കരുത് എന്ന് ചെറുപ്രായത്തില്‍ എന്നോട് അപ്പച്ചന് പറഞ്ഞത് ഞാന്‍ എന്നും ഓര്‍ക്കുമായിരുന്നു. എനിക്ക് ഇതിനു യോഗ്യതയില്ലെങ്കില്‍, കര്‍ത്താവേ നീ ഏതെങ്കിലും വിധത്തില്‍ ഇത് എന്നില്‍ നിന്നു തട്ടിത്തെറിപ്പിച്ചുകളയണമേ എന്ന് ഞാന്‍ പ്രാര്ഥിച്ചിട്ടുണ്ട്.
നാലു വര്‍ഷത്തെ മൈനര്‍ സെമിനാരി പരിശീലനത്തിനിടയില്‍, രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും സ്വന്തം വീട്ടില്‍ താമസിച്ചുകൊണ്ട് കോളജില്‍ പോയി പ്രീഡിഗ്രി കോഴ്സ് പൂര്‍ത്തിയാക്കാം എന്ന ഒരു നവീന ആശയം കൊച്ചി രൂപതയില്‍ കുരീത്തറ പിതാവ് നടപ്പാക്കിയിരുന്നു. അങ്ങനെ ഇടക്കൊച്ചി അക്വിനാസ് കോളജില്‍ പ്രീഡിഗ്രി പഠിച്ച് നാലാം വര്‍ഷം സെമിനാരിയിലേക്കു തിരിച്ചുപോകേണ്ട ഘട്ടത്തില്‍ ഈ സന്ദേഹവും ഉയര്‍ന്നുവന്നു: ഇതുതന്നെയാണോ എന്റെ ദൈവവിളി? മൂന്നു ദിവസം ആലോചിച്ചിട്ട് തീരുമാനം അറിയിച്ചാല്‍ മതി എന്ന് ചേട്ടന് പറഞ്ഞത് ഓര്‍ക്കുന്നു. സെമിനാരിയില്‍ തിരിച്ചെത്തി, കൂട്ടുകാരോടൊത്തുചേര്ന്നതോടെ ആത്മസംഘര്ഷമെല്ലാം ഒഴിഞ്ഞുപോയി. പിന്നീട് ഏഴാം വര്‍ഷത്തില്‍, ഫിലോസഫി കോഴ്സ് പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് ഞാന്‍ ഇതിനു യോഗ്യനാണോ എന്ന സംശയം വീണ്ടും ഉടലെടുക്കുന്നത്. മാറി ചിന്തിച്ചാലോ എന്നുവരെ ആലോചിച്ചുപോയി. അപ്പോള്‍ വെളിച്ചം പകര്ന്നുനല്കിയത് എന്റെ സ്പിരിച്വല്‍ ഫാദര്‍, മാര്‍ക്ക് പുത്തന്‍പറമ്പില്‍ അച്ചനാണ്. എന്റെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കിയിരുന്നത് അദ്ദേഹമാണ്.
ആ അവധിക്കാലത്ത്, കുരീത്തറ പിതാവിന്റെ മെത്രാഭിഷേക വാര്‍ഷികത്തില്‍ പതിവുപോലെ എല്ലാവരോടുമൊപ്പം അരമനയില്‍ ഒത്തുചേര്‍ന്നപ്പോള്‍, അപ്രതീക്ഷിതമായി പിതാവ് പറഞ്ഞു: ആന്റണീ, താന്‍ തിയോളജി റോമില്‍ പോയി പഠിച്ചാല്‍ മതി! സന്തോഷത്തെക്കാള്‍ ഉപരി വലിയ അതിശയമാണ് തോന്നിയത്. ഞാന്‍ അര്‍ഹനാണോ എന്ന് ആശങ്കപ്പെട്ടുനില്ക്കുന്ന നേരത്ത് പിതാവ് എനിക്ക് വ്യക്തമായ ഉത്തരം നല്‍കുകയാണ്. ‘പിതാവേ, അങ്ങയ്ക്ക് എന്നെ വിശ്വാസമാണോ’ എന്നു ഞാന്‍ ചോദിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു: എനിക്ക് തന്നെ വിശ്വാസമാണ്!
ഒരു ശരാശരി വിദ്യാര്‍ഥിയായിരുന്നു ഞാന്‍. ഫുട്ബോളിലും പാട്ടിലും അഭിനയത്തിലുമൊക്കെ താല്പര്യം കാണിച്ച്, പഠനത്തില്‍ ഈസി ഗോയിങ് സമീപനമായിരുന്നു അതുവരെ. ആലുവ മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയില്‍ ബാച്ചലര്‍ ഓഫ് ഫിലോസഫി ഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്നുവെങ്കിലും അക്കാദമിക മേഖലയില്‍ പൊതുവെ വലിയ മികവൊന്നും പ്രകടിപ്പിച്ചിരുന്നില്ല. കൊച്ചി രൂപതയില്‍ നിന്ന് അഞ്ചുപേരെ ഒരുമിച്ച് തിയോളജി കോഴ്സിന് യൂറോപ്പിലേക്ക് അയക്കാന്‍ കുരീത്തറ പിതാവ് തീരുമാനിച്ചത് എല്ലാവരെയും അദ്ഭുതപ്പെടുത്തി. പത്തുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആദ്യമായാണ് അപ്രതീക്ഷിതമായി ഇത്രയുംപേരെ വിദേശപഠനത്തിന് അയക്കുന്നത്. കാര്‍മല്‍ഗിരി സെമിനാരിയിലെ ഫിലോസഫി വകുപ്പില്‍ അന്ന് ഞങ്ങളുടെ ബാച്ചില്‍ നൂറോളം പേരുണ്ടായിരുന്നു. അതില്‍ നിന്ന് അഞ്ചുപേരെ അക്കാലത്ത് ഒരു രൂപത തിയോളജി കോഴ്സിന് യൂറോപ്പിലേക്ക് വിടുക എന്നത് തീര്‍ത്തും വിപ്ലവാത്മകമായിരുന്നു.
എല്ലാ പരിമിതികള്‍ക്കിടയിലും ദൈവത്തിന്റെ അനന്തമായ കൃപ നമ്മോടൊപ്പമുണ്ട്, ദൈവം തന്റെ വഴിയിലേക്ക് നമ്മെ തിരിച്ചെത്തിക്കുന്നു. എന്നെ ദൈവവിളിയില്‍ ആഴപ്പെടുത്തിയത് ഈ അനുഭവമാണ്. എന്നെ വിശ്വാസമാണ് എന്ന കുരീത്തറ പിതാവിന്റെ വാക്കുകള്‍ എന്റെ ജീവിതത്തില്‍ അത്ര വലിയ പരിവര്‍ത്തനത്തിനാണ് ഇടയാക്കിയത്.
- റോമില്‍ വത്തിക്കാന്റെ കീഴിലുള്ള ഏക സെമിനാരിയായ പൊന്തിഫീച്ചോ കൊളേജോ ഉര്‍ബാനോ ദെ പ്രൊപ്പഗാന്ത ഫീദെയില് തിയോളജി പഠനത്തിന് അങ്ങയ്ക്കൊപ്പം ജോണി സേവ്യര്‍ പുതുക്കാട് അച്ചനും അക്കൊല്ലം അഡ്മിഷന് ലഭിച്ചുവല്ലോ. കൊളേജോ ഉര്ബാനോയിലെ വെല്ലുവിളി എന്തായിരുന്നു?
കൊളേജോ ഉര്‍ബാനോയില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അഡ്മിഷന് കിട്ടാന്‍ ഇടയായത് അവിടെ വൈസ് റെക്ടറായിരുന്ന, പിന്നീട് കൊച്ചി ബിഷപ്പായ ഡോ. ജോണ്‍ തട്ടുങ്കലിന്റെ സ്വാധീനം കൊണ്ടാണ്. ജോണി അച്ചന് വളരെ ബ്രില്യന്റായ അക്കാഡമിഷനാണ്. എനിക്ക് പ്രവേശനം ലഭിക്കുകയും അദ്ദേഹത്തിന് എന്തെങ്കിലും കാരണവശാല്‍ അഡ്മിഷന് കിട്ടാതെ വരികയും ചെയ്താലുള്ള സ്ഥിതി ആലോചിക്കാനേ കഴിയുമായിരുന്നില്ല.
ഉര്‍ബാനോ പൊന്തിഫിക്കല്‍ കോളജിലെ റെക്ടര്‍ മൂന്നു താക്കോലുകള്‍ എനിക്കു തന്നു – ഒരെണ്ണം സെമിനാരിയുടെ പുറത്തെ ഗേറ്റിന്റേത്, മറ്റൊന്ന് സെമിനാരിയിലേക്കു പ്രവേശിക്കാനുള്ളത്, മൂന്നാമത്തേത് എന്റെ മുറിയുടേതും. ‘നീ നിന്നെതന്നെ ഫോം ചെയ്യണം; നിന്റെ കാര്യം നീ സ്വയം നിശ്ചയിക്കണം’ എന്നാണ് റെക്ടര്‍ പറഞ്ഞത്. ഇവിടെയാണെങ്കില്‍ പുലര്‍ച്ചെ ബെല്ലടിക്കുമ്പോള്‍ ഉണരണം, മറ്റൊരു ബെല്ലു കേള്‍ക്കുമ്പോള്‍ ചാപ്പലിലേക്കു പോകണം, വീണ്ടുമൊരു ബെല്ലിന് സ്റ്റഡി ഹാളിലെത്തണം, അടുത്ത ബെല്ലിന് പ്രാതല്‍ കഴിക്കണം, പിന്നെയുമൊരു ബെല്ലു കേള്‍ക്കുമ്പോള്‍ ക്ലാസിലെത്തണം. ഇങ്ങനെ ബെല്ലും പ്രീഫെക്ടുമാരും സുപ്പീരിയര്മാരുമാണ് നമ്മെ നിയന്ത്രിക്കുന്നത്. ജനതകളുടെ സുവിശേഷവത്കരണത്തിനായുള്ള റോമന്‍ കാര്യാലയത്തിന്റെ അധികാരപരിധിയില്‍ വരുന്ന ആഫ്രിക്കയിലെയും ഏഷ്യയിലെയും മിഷന് മേഖലകള്‍ ഉള്‍പ്പെടെ അന്‍പതോളം രാജ്യങ്ങളില്‍ നിന്നായി 122 വൈദികാര്‍ഥികള്‍ പഠിക്കുന്ന ഉര്‍ബാനോ സെമിനാരിയില്‍ രാത്രി 12 മണിയായാലും സിറ്റിയില്‍ നിന്നു മടങ്ങിയെത്താത്തവരുണ്ടാകും, ഭക്ഷണത്തിന് റെഫക്ടറിയില്‍ വരാത്തവരുണ്ടാകും, പള്ളിയില്‍ തിരുകര്‍മങ്ങള്‍ക്കും പ്രാര്‍ഥനയ്ക്കും ധ്യാനത്തിനും പങ്കുചേരാത്തവരുണ്ടാകും, യൂണിവേഴ്സിറ്റിയില്‍ പോകുന്നത് മുടങ്ങുന്നവരുണ്ടാകും. ആരും നമ്മെ നിയന്ത്രിക്കാനില്ല.

ഞാന്‍ എന്തിനാണ് റോമില്‍ എത്തിയതെന്ന് സ്വയം ചോദിക്കുകയും, കുരീത്തറ പിതാവ് എന്നില്‍ അര്‍പ്പിച്ച പ്രതീക്ഷ നിറവേറ്റുന്നതിന് എന്താണ് ചെയ്യേണ്ടതെന്ന് സ്വയം തീരുമാനിക്കുകയും ചെയ്തു. പഠനശൈലി പാടേ മാറ്റേണ്ടതുണ്ടായിരുന്നു. വൈവയും ഓറല്‍ എക്സാമിനേഷനുമാണ്. പ്രധാന വിഷയങ്ങളെ സംബന്ധിച്ചാവുകയില്ല ചോദ്യങ്ങള്‍, അപ്രധാനമെന്നു തോന്നുന്ന കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ആദ്യമായി മത്സരബുദ്ധിയോടെ പഠിക്കാന്‍ തുടങ്ങി. വൈദികപഠനത്തില് ശരിക്കും ആഴപ്പെടാന്‍ തുടങ്ങിയത് ഈ തിയോളജി പഠനകാലത്താണ്.
കുരീത്തറ പിതാവ് ഇടയ്ക്ക് റോമിലെത്തി നേരിട്ട് വിവരങ്ങള്‍ അന്വേഷിക്കുമായിരുന്നു. പിതാവിന് ഒരു കത്തയച്ചാല്‍, കേരളത്തില്‍ നിന്ന് ഒന്‍പതാം ദിവസം അദ്ദേഹത്തിന്റെ കൈപ്പടയില്‍ കൃത്യമായി മറുപടി ലഭിക്കുമായിരുന്നു. എല്ലാ വിശേഷങ്ങളും അതിലുണ്ടാകുമായിരുന്നു, നിറയെ സ്നേഹാന്വേഷണങ്ങളും.
- മൂന്നു വര്‍ഷത്തെ തിയോളജി ബിരുദ പഠനം കഴിഞ്ഞ് രണ്ടു വര്‍ഷത്തെ ലൈസന്ഷ്യേറ്റിന് ബിബ്ലിക്കല്‍ തിയോളജി തിരഞ്ഞെടുത്തത് എങ്ങനെയാണ്?
വാസ്തവത്തില്‍ കാനോന്‍ നിയമത്തിലായിരുന്നു ജോണി അച്ചനും എനിക്കും താല്പര്യം. കുരീത്തറ പിതാവാണ് എന്നോട് ബിബ്ലിക്കല്‍ തിയോളജിയും ജോണി അച്ചനോട് ഡോഗ്മാറ്റിക് തിയോളജിയും പഠിക്കാന്‍ നിര്‍ദേശിച്ചത്. അക്കാലത്ത് രൂപതയില്‍ കാനോന്‍ നിയമവിദഗ്ധര്‍ ആവശ്യത്തിന് ഉണ്ടെന്നാണ് പിതാവ് പറഞ്ഞത്.
പൗലോസ് കോറിന്തോസിലെ സഭയ്ക്കെഴുതിയ രണ്ടാം ലേഖനത്തില്‍, ‘അഭിമാനിക്കുന്നവന് കര്‍ത്താവില്‍ അഭിമാനിക്കട്ടെ’ (2 കോറിന്തോസ് 10:17) എന്ന വചനങ്ങളുടെ ഇംഗ്ലീഷ് ഭാഷ്യത്തില്‍ ‘ബോസ്റ്റിങ്’ എന്ന ഒരൊറ്റ വാക്കിന്റെ ഗ്രീക്ക് മൂലത്തെ (‘കൗഹാവൊമയ്’) അധികരിച്ചായിരുന്നു എന്റെ ലൈസന്‍ഷ്യേറ്റ് പഠനം. ആ വാക്കിന് പല അര്‍ത്ഥങ്ങളുമുണ്ട്, അഭിമാനിക്കുക എന്ന അര്‍ത്ഥത്തില്‍ പൗലോസിന്റെ ന്യായവാദങ്ങളെ വിശകലനം ചെയ്യുകയായിരുന്നു.
”നിനക്ക് എന്റെ കൃപ മതി” (2 കോറിന്തോസ് 12:9) എന്ന തിരുവചനത്തിന്റെ ആഴം മനസിലാക്കുന്നതും പൗളിന് ദൈവശാസ്ത്രപഠനത്തിന്റെ വെളിച്ചത്തിലാണ്. നമ്മുടെ പരിമിതികളെയും കുറവുകളെയും ബലഹീനതകളെയും ദൈവം തന്റെ കൃപയാല്‍ രൂപാന്തരപ്പെടുത്തുന്നു. പൗരോഹിത്യത്തിന്റെയും എപ്പിസ്കോപ്പല്‍ ശുശ്രൂഷയുടെയും ആപ്തവാക്യത്തിന്റെ പശ്ചാത്തലം അതാണ്.
- ഇറ്റലിയിലെ ഫ്ളോറന്‍സില്‍ കൊച്ചി രൂപതയില്‍ നിന്നുള്ള ഫാദര്‍ ഫെബിന് റിബെല്ലോ തന്റെ ചായപ്പലകയില്‍ നിന്നു നിറച്ചാര്‍ത്ത് പകര്‍ന്ന അങ്ങയുടെ കോട്ട് ഓഫ് ആംസില്‍, മുണ്ടംവേലിയിലെ സന്ധ്യാവ് പുണ്യവാളന്റെ – വിശുദ്ധ യാക്കോബ് അപ്പസ്തോലന്റെ – പ്രതീകമായ വലിയ കക്ക (സ്കോളപ്) കാണാം. അശ്വാരൂഢനായ വിശുദ്ധ യാക്കോബുമായി ബന്ധപ്പെട്ട വിശ്വാസ പാരമ്പര്യങ്ങള്‍ നമ്മുടെ തീരപ്രദേശത്ത് വളരെ ജീവസ്സുറ്റതാണ്. വാളും പരിചയുമായുള്ള പരിചമുട്ടുകളിയുടെ ഒരു പാരമ്പര്യവും അവിടെയുണ്ട്. സന്ധ്യാവ് പുണ്യവാളന് അങ്ങയ്ക്ക് പ്രിയങ്കരനാകുന്നത് എങ്ങനെയെല്ലാമാണ്?
സഹായിക്കാന്‍ ആരുമില്ലാത്തവര്‍ക്ക് അതിശയകരമായ രീതിയില്‍ ആശ്വാസവും സംരക്ഷണവും സഹായവും നല്കുന്ന സ്വര്‍ഗീയ മധ്യസ്ഥനാണ് വിശുദ്ധ യാക്കോബ്. കുട്ടിക്കാലം തൊട്ടേ ഞങ്ങളുടെയെല്ലാം ഹീറോയാണ് പുണ്യാളന്. സെന്റ് ലൂയിസ് സ്കൂളില്‍ പഠിക്കുന്ന കുട്ടികളെല്ലാം എന്നും വിശുദ്ധ യാക്കോബിന്റെ തിരുസ്വരൂപം വണങ്ങി പ്രാര്‍ഥിക്കാന്‍ ഓടിയെത്താറുണ്ട്. ഹോംവര്‍ക്ക് ചെയ്യാത്തതിന് ടീച്ചറുടെ തല്ലുകൊള്ളാതിരിക്കാനും പരീക്ഷ പാസാകാനും ഓട്ടത്തില്‍ ജയിക്കാനുമൊക്കെ സഹായിക്കുന്ന മധ്യസ്ഥനാണ് കുട്ടികള്‍ക്ക് സന്ധ്യാവ് പുണ്യാളന്.
വിളിച്ചാല്‍ വിളിപ്പുറത്തുള്ള പുണ്യാളന് നേര്‍ച്ച കഴിക്കാന്‍, ഇന്നത്തെപ്പോലെ യാത്രാസൗകര്യമൊന്നുമില്ലാതിരുന്ന കാലത്തും വിദൂര ദേശങ്ങളില്‍ നിന്നുമൊക്കെ ജനങ്ങള്‍ നടന്നും മറ്റുമാണ് വന്നെത്തിയിരുന്നത്. മുണ്ടംവേലിയിലെ വിശുദ്ധ യാക്കോബിന്റെ തിരുനാള്‍ പ്രദക്ഷിണം പ്രസിദ്ധമാണ്. നാട്ടുസുഖക്കേട് എന്നു വിളിച്ചിരുന്ന പകര്‍ച്ചവ്യാധിയില്‍ നിന്നു മോചനം തേടി എന്നും ആളുകള്‍ മുണ്ടംവേലിയിലെ തിരുനടയില്‍ വന്നണയുമായിരുന്നു. അസുഖത്തിന്റെ മൂര്ധന്യാവസ്ഥയില്, കുതിരപ്പുറത്ത് എഴുന്നള്ളുന്ന വിശുദ്ധന്റെ സ്വപ്നദര്‍ശനം ലഭിച്ച്, കുതിരയുടെ കുളമ്പടിയൊച്ച കേട്ട്, ഉടന്‍ രോഗശമനം നേടുന്നവരുടെ വിശ്വാസ സാക്ഷ്യങ്ങള്‍ എന്നും കേള്‍ക്കാം.
നൂറ്റാണ്ടുകളായി, എന്തെല്ലാം പ്രതിസന്ധികളിലൂടെയും സംഘര്‍ഷങ്ങളിലൂടെയും കടന്നുപോന്നിട്ടുള്ള തീരദേശത്തെ ജനങ്ങള്‍ക്ക് പരിരക്ഷയുടെയും പ്രത്യാശയുടെയും വലിയ പ്രതീകമാണ് സന്ധ്യാവ് പുണ്യവാളന്.
- ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും കാലത്തെ പ്രാര്‍ഥനയുടെയും വിശ്വാസതീക്ഷ്ണതയുടെയും സന്തോഷത്തിന്റെയും ഓര്‍മകളും അങ്ങ് ഹൃദയത്തില്‍ തട്ടുംവിധം പങ്കുവയ്ക്കാറുണ്ട്. പണികഴിഞ്ഞ് അത്താഴത്തിനുള്ള വകയുമായി അപ്പച്ചന് തിരിച്ചെത്തുന്നതിനായുള്ള കുടുംബത്തിന്റെ കാത്തിരിപ്പ്, പുലര്‍ച്ചെ കുര്‍ബാനയ്ക്ക് വൈകാതിരിക്കാന്‍ പള്ളിയിലേക്ക് അപ്പച്ചന്റെ വെമ്പലോടെയുള്ള ഓട്ടം… മിഴിവാര്‍ന്ന ചിത്രങ്ങളാണിവ. ഇല്ലായ്മകളുടെ കാലത്തെ ആര്‍ദ്ര സാന്ത്വനവും കൃപാസമൃദ്ധിയും അങ്ങയെ രൂപപ്പെടുത്തിയത് എങ്ങനെയാണ്?
എന്റെ ദൈവവിളിയുടെ ഏറ്റവും വലിയ പ്രചോദനം പതിനഞ്ചു വയസു വരെ കുടുംബത്തില്‍ അപ്പച്ചനും അമ്മച്ചിയും ജീവിച്ച വിശ്വാസത്തിന്റെയും പ്രാര്‍ഥനയുടെയും ജീവിതംതന്നെയാണ്. ഞാന്‍ കുട്ടിക്കാലത്ത് ഉറക്കമുണരുമ്പോള്‍ കാണുന്നത് നന്നേ വെളുപ്പിന് എഴുന്നേറ്റ് കട്ടിലില്‍ ഇരുന്ന് പ്രാര്‍ഥിക്കുന്ന അപ്പച്ചനെയാണ്. ദൈവപരിപാലനത്തില്‍ ആശ്രയിച്ച മനുഷ്യന്. മക്കള്‍ പ്രാര്‍ഥിച്ചാല്‍ ദൈവം കേള്‍ക്കും, ദൈവം തരും എന്നാണ് അപ്പച്ചന് ഞങ്ങളോട് പറഞ്ഞിരുന്നത്. അപ്പച്ചന് പണിയുണ്ടാകണം എന്നായിരുന്നു ഞങ്ങളുടെ പ്രാര്‍ഥന. പണിയില്ലെങ്കില്‍ കുടുംബം പട്ടിണിയിലാകും.
അപ്പച്ചന്റെ കൂടെ നിത്യവും പള്ളിയില്‍ പോകുമായിരുന്നു. ഏറ്റവും ഇളയകുട്ടിയായതിനാല്‍ പള്ളിയില്‍ അപ്പച്ചന്റെ കൂടെ നില്ക്കും. ഞായറാഴ്ച സ്തോത്രകാഴ്ചയ്ക്ക് അപ്പച്ചന് കൈയിലുള്ളത് എന്നെ ഏല്പിക്കാറാണ് പതിവ്. സ്ത്രോത്രകാഴ്ച സമര്‍പ്പിക്കുന്നത് ഞാനാണ്. ഇല്ലായ്മയിലും, ഉള്ളത് കര്‍ത്താവിനു സമര്‍പ്പിക്കാന്‍ പഠിപ്പിച്ചത് അപ്പച്ചനാണ്.
ദാരിദ്ര്യത്തിന്റെ കാലമായിരുന്നു. അന്നൊക്കെ ധര്മ്മക്കാര് എപ്പോഴും വന്നുകൊണ്ടിരിക്കും. അടിയന്തരാവസ്ഥയുടെ നാളുകളില്‍ റേഷന്‍ കടയില്‍ നിന്നു കിട്ടുന്ന അരിയാണ് ആശ്രയം. അതില്‍ നിന്നും ഒരു വിഹിതം ധര്‍മ്മക്കാര്‍ക്കായി മാറ്റിവയ്ക്കുമായിരുന്നു. ധര്‍മ്മം ചോദിച്ച് ആരു വന്നാലും അതില്‍ നിന്ന് കൈക്കുമ്പിളില്‍ നിറച്ച് എടുത്തുകൊടുക്കുന്നത് മിക്കവാറും ഞാനായിരിക്കും. കുഞ്ഞുകൈകളാകുമ്പോള് കുറഞ്ഞുപോയാലും അവര്‍ക്കും അത് സന്തോഷമായിരുന്നു. ഉള്ളത് നമ്മെക്കാളും അവശരായവരോടൊപ്പം പങ്കുവയ്ക്കാന്‍ പഠിപ്പിച്ചത് അപ്പച്ചനും അമ്മച്ചിയുമാണ്.
പിന്നീട് കുരീത്തറ പിതാവ് ഇതുപോലെ, തനിക്കു കിട്ടുന്നതൊക്കെ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് കണ്ടിട്ടുണ്ട്. മരണാനന്തരം അദ്ദേഹത്തെ അനുസ്മരിക്കുന്ന ഒരു പുസ്തകത്തിന്റെ ശീര്‍ഷകം, ‘ദ് ചാനല്‍ ഓഫ് ഡിവൈന്‍ പ്രൊവിഡന്‍സ്’ എന്നായിരുന്നു.
- ‘ചങ്ങാതി’ എന്നു വിളിച്ചും തങ്ങളുടെ വികൃതികള്‍ ആസ്വദിച്ചും ഫോര്‍ട്ട്കൊച്ചി മൗണ്ട് കാര്‍മല്‍ പെറ്റി സെമിനാരിയില്‍ തങ്ങളുടെമേല്‍ വാത്സല്യം ചൊരിഞ്ഞ കുരീത്തറ പിതാവിന്റെ ചിത്രം അങ്ങ് ഹൃദ്യമായി വരച്ചുകാട്ടുന്നുണ്ട്…
തിരക്കുകള്‍ക്കിടയില്‍ പിതാവ് ‘ഫ്രീ’ ആകുമ്പോള്‍ സെമിനാരിയില്‍ നിന്ന് കുട്ടികളെ വിളിക്കുന്നതിന് ഒരു പ്രത്യേക ബെല്ല് ഉണ്ടായിരുന്നു. അതു കേട്ടാല്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമാണ്. പിതാവിന്റെ മുറിയിലേക്കുള്ള ക്ഷണമാണത്. പിതാവിന്റെ മുറിയില്‍ ടിവിയുണ്ട്. ടിവി കാണാന്‍ അദ്ദേഹം ഞങ്ങളെ അനുവദിക്കും. പോസ്റ്റല്‍ സ്റ്റാമ്പ് ഒട്ടിക്കാനും പുസ്തകങ്ങളും മാസികകളും മറ്റും അടുക്കിവയ്ക്കാനും മറ്റു ചില്ലറ ടാസ്ക്കുകള്ക്കുമായാണ് പിതാവ്
ഞങ്ങളെ വിളിക്കുന്നത്. പിതാവിന്റെ മുറിയിലെ ഫ്രിഡ്ജില്‍ നിന്ന് ചോക്ലേറ്റുകള്‍ ഞങ്ങള്‍ കട്ടെടുത്താലും ഒന്നും അറിയാത്തതുപോലെ അദ്ദേഹം പിന്നെയും ആ പാത്രം നിറച്ചുവയ്ക്കും. അരമനയിലെ ചാപ്പലില്‍ പിതാവിന്റെ കുര്‍ബാനയില്‍ പങ്കുചേരാനും ഞങ്ങള്‍ക്ക് അവസരം ലഭിച്ചിരുന്നു.
ഒഴിവു കിട്ടുമ്പോള്‍ രാത്രി അത്താഴം കഴിഞ്ഞ് കുട്ടികളെ അദ്ദേഹം ബീച്ചിലേക്കു കൊണ്ടുപോകും. അപ്പോഴേക്കും ബീച്ചില്‍ ആളൊഴിഞ്ഞിട്ടുണ്ടാകും. കപ്പലണ്ടി വില്ക്കുന്നവര് ഉണ്ടെങ്കില്‍ ഞങ്ങള്‍ക്കു കപ്പലണ്ടി വാങ്ങിതരും. കഥകള്‍ പറയാന്‍ തുടങ്ങും. ഷെര്‍ലക് ഹോംസിന്റെ ഡിറ്റക്റ്റീവ് കഥകളായിരുന്നു അദ്ദേഹത്തിന് ഏറെ പ്രിയങ്കരം. എറ്റികേറ്റ്, ടേബിള്‍ മാനേഴ്സ്, നല്ല പെരുമാറ്റം, ഉപചാരങ്ങള്‍ എന്നിവയെക്കുറിച്ചും യൂറോപ്യന്‍ രീതികളെക്കുറിച്ചുമൊക്കെ അദ്ദേഹം ഇടയ്ക്കിടെ ഞങ്ങള്‍ക്കു പറഞ്ഞുതന്നു. യൂറോപ്പില്‍ പോകുന്നതിനുള്ള മുന്നൊരുക്കമായിരുന്നു അതെല്ലാം എന്നു മനസിലാകുന്നത് പിന്നീടാണ്.
പിതാവ് ഏതെങ്കിലും ഇടവകയില്‍ തിരുകര്മങ്ങള്ക്കോ മറ്റേതെങ്കിലും ചടങ്ങുകള്‍ക്കോ പോകുമ്പോള്‍, ആ ഇടവകയില്‍ നിന്നുള്ള സെമിനാരി വിദ്യാര്‍ഥിയുണ്ടെങ്കില്‍ അവരെയും തന്നോടൊപ്പം കൊണ്ടുപോകുമായിരുന്നു. മുണ്ടംവേലി ഇടവക ജനങ്ങളെല്ലാം പിതാവിനെ വരവേല്‍ക്കാന്‍ നില്ക്കുമ്പോള്, അദ്ദേഹത്തോടൊപ്പം കാറില്‍ നിന്ന് ഞാനും ഇറങ്ങുമ്പോള്‍ തോന്നുന്ന അഭിമാനം എന്തായിരിക്കും എന്ന് ഊഹിക്കാമല്ലോ!
- മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി റീത്ത് അടിസ്ഥാനത്തില്‍ വിഭജിക്കപ്പെടുന്നതിനു മുന്‍പത്തെ ബാച്ചില്‍ ഉള്‍പ്പെട്ടതിനാല്‍, സീറോ മലബാര്‍ സഭയുടെ തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ പോലുള്ളവരോടൊത്ത് കഴിയാന്‍ അവസരമുണ്ടായിട്ടുണ്ട് അങ്ങയ്ക്ക്. ബിഷപ് ജസ്റ്റിന് മഠത്തില്‍പറമ്പിലും ആലുവ സെമിനാരിയില്‍ ഒരുമിച്ചുണ്ടായിരുന്നുവല്ലോ. വിശാലമായ ആ കൂട്ടായ്മയുടെ നല്ല അനുഭവങ്ങള്‍ പങ്കുവയ്ക്കാനുണ്ടാകുമല്ലോ?
മൂന്നു റീത്തുകളെക്കുറിച്ചും വ്യക്തമായി മനസിലാക്കാന്‍ വൈദികവിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിച്ചിരുന്നു എന്നത് വളരെ പ്രധാനമാണ്. മൂന്നു റീത്തുകളുടെയും ചാപ്പലുകളുണ്ടായിരുന്നു. പഠനത്തിലും കളികളിലും കലകളിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും മുഴുകി, സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും അന്തരീക്ഷത്തില്‍ ഒരുമിച്ചു കഴിയുന്നതിന്റെ ഗുണഫലങ്ങള്‍ സഭയ്ക്കും വൈദികര്‍ക്കും ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ എവിടെ ചെന്നാലും റീത്ത് ഭേദമില്ലാതെ വലിയൊരു സുഹൃദ് വലയം നമുക്കുണ്ടാകാനുള്ള സാഹചര്യവും അതില്നിന്നുണ്ടാകുമായിരുന്നു.
- പെറ്റി സെമിനാരി തൊട്ട് ഒരുമിച്ചുണ്ടായിരുന്ന രണ്ടു കൂട്ടുകാര്‍ – റോമില്‍ ഒരുമിച്ചുണ്ടായിരുന്ന ജോണി സേവ്യര്‍ പുതുക്കാടും, ഓസ് ട്രിയയില്‍ ഉപരിപഠനം നടത്തിയ ആന്റണി തമ്പി തൈക്കൂട്ടത്തിലും – അങ്ങയോടൊപ്പം മുണ്ടംവേലി പള്ളിയില്‍ 1998 ഓഗസ്റ്റ് 15ന് കുരീത്തറ പിതാവില്‍ നിന്നു വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന് സാന്താ ക്രൂസ് ബസിലിക്കയില്‍ സഹവികാരിയായാണ് അങ്ങയുടെ ആദ്യ നിയോഗം. മെത്രാന്റെ ഭദ്രാസന ബസിലിക്കയിലെ മൂന്നു വര്‍ഷത്തെ ശുശ്രൂഷയില്‍ ഏറ്റവും നല്ല ഓര്‍മ്മ എന്താണ്?
ബസിലിക്ക റെക്ടറായിരുന്ന മോണ്‍. പീറ്റര്‍ തൈക്കൂട്ടത്തിലില് നിന്ന് കണ്ടുപഠിക്കാന്‍ കഴിഞ്ഞതൊക്കെ ഒരിക്കലും മറക്കാന്‍ കഴിയാത്ത കാര്യങ്ങളാണ്. വിശേഷിച്ച് പൊതുമുതലും പള്ളിയുടെ പണവും കൈകാര്യം ചെയ്യുന്ന രീതി. ദിവസവും കിടക്കാന്‍ പോകുന്നതിനു മുന്‍പ് കണക്കെല്ലാം കൃത്യമായി എഴുതിതീര്ത്തിരിക്കും. അദ്ദേഹത്തിന്റെ മാസ് ഡയറി തുറന്നാല്‍ ആദ്യം കാണുക അദ്ദേഹത്തിന്റെ വില്പത്രമാണ്. കുര്ബാനപണമോ ശമ്പളമോ മറ്റെന്തെങ്കിലും വകയില്‍ എനിക്കു തരേണ്ട പണമോ നേരിട്ട് കണ്ട് തരാന്‍ കഴിഞ്ഞില്ലെങ്കില്‍ രാത്രി അദ്ദേഹം ജനലിലൂടെ മുറിയില്‍ ഇട്ടിട്ടുപോകും. ഒന്നും പിറ്റേന്നത്തേക്കു വയ്ക്കില്ല. തികച്ചും അസാധാരണമായ ഒരു പരിശീലനമായിരുന്നു അത്.
- കൊച്ചി രൂപതയില്‍ ഡിജിറ്റല്‍ യുഗത്തിലേക്കുള്ള ആദ്യ ചുവടുവയ്പില്‍, പെരുമ്പടപ്പിലെ ഇ-ലാന്‍ഡ് കംപ്യൂട്ടര്‍ സ്റ്റഡീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന നിലയില്‍ പ്രധാന ദൗത്യം എന്തായിരുന്നു?
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് എന്നിവയുടെ ആവിര്ഭാവകാലത്താണ് ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍, ഡേറ്റാബേസസ്, നെറ്റ് വര്‍ക്സ് എന്നിവയില്‍ പരിശീലനം നല്‍കുന്നതിനുള്ള കേന്ദ്രം എന്ന നിലയില്‍ ബിഷപ് ജോണ്‍ തട്ടുങ്കലിന്റെ കാലത്ത് പെരുമ്പടപ്പില്‍ ആ സംരംഭം തുടങ്ങുന്നത്. ജോണി സേവ്യര്‍ പുതുക്കാട് അച്ചന് ഡയറക്ടറും ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറുമായിരുന്നു. ഞങ്ങള്‍ രണ്ടുപേരും റോമില്‍ വച്ച് നവീന പേഴ്സണല്‍ കംപ്യൂട്ടറുകള്‍ ഉപയോഗിച്ചിരുന്നുവെങ്കിലും കംപ്യൂട്ടര്‍ പ്രോഗ്രാമിങ്, കോംപോനന്റ്സ് എന്നിവ പരിശീലിപ്പിക്കാന്‍ കൂടുതല്‍ സാങ്കേതിക സഹായം തേടേണ്ടിയിരുന്നു. ഒരു വര്‍ഷം കൊണ്ട് ഹാര്‍ഡ് വെയറും സോഫ്റ്റ് വെയറും നെറ്റ് വര്‍ക്കും പഠിപ്പിക്കുക വലിയ വെല്ലുവിളിയായിരുന്നു.
പെരുമ്പടപ്പില്‍ ഫാത്തിമാ ആശുപത്രിക്കുവേണ്ടി പണികഴിപ്പിച്ചിരുന്ന കെട്ടിടത്തില്‍ കേരള യൂണിവേഴ്സിറ്റിയുടെ ബാച്ചലര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് കോഴ്സ് ആരംഭിച്ചു. നാനൂറോളം കുട്ടികളുണ്ടായിരുന്നു.
- ഇറ്റലിയിലെ പ്രാത്തോയിലെ മള്ട്ടിഡേറ്റ ഐടി പ്രോജക്റ്റ് എന്തായിരുന്നു? എങ്ങനെയാണ് അങ്ങ് അതില്‍ ഉള്‍പ്പെട്ടത്?
യൂറോപ്പിലെ ഏറ്റവും വലിയ ടെക്സ്റ്റൈല്‍ ഉത്പാദനകേന്ദ്രമായ പ്രാത്തോയിലെ ഒരു ടെക്സ്റ്റൈല്‍ കമ്പനിയില്‍ ഇആര്‍പി സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതില്‍ പരിശീലനം നേടാനുള്ള പദ്ധതിയായിരുന്നു അത്.
പള്ളുരുത്തിയിലെ ഡോമിനിക്കന്‍ സിസ്റ്റേഴ്സ് ഓഫ് ഔവര്‍ ലേഡി ഓഫ് റോസറി സമൂഹത്തിലെ മദര്‍ പാവൊലയുടെ റഫറന്‍സിലൂടെ വന്നതാണ് ആ പദ്ധതി. പെരുമ്പടപ്പിലെ കംപ്യൂട്ടര്‍ സ്റ്റഡീസ് കേന്ദ്രത്തിലെ സ്റ്റാഫ് അംഗങ്ങളായ മൂന്ന് എംസിഎക്കാരോടൊപ്പം പ്രാത്തോയിലെത്തി ഞാനും രണ്ടു വര്‍ഷത്തോളം അവരോടൊപ്പം നൂല് ഉത്പാദനം തൊട്ട് ഗാര്‍മെന്റ് കട്ടിങ്, സോവിങ് പ്രക്രിയ വരെയുള്ള സോഫ്റ്റ് വെയര്‍ പ്രോഗ്രാമിങ് ഡിസൈന്‍ ചെയ്യാനുള്ള പരിശീലനം നേടി. ഒരു വര്‍ഷം ഇവിടെ തയാറെടുപ്പ് നടത്തിയിട്ടാണ് പ്രാത്തോയിലേക്കു പോയത്. ഇന്ത്യയില്‍ നിന്നുള്ള ടെക്സ്റ്റൈല്‍ ഉത്പന്നങ്ങളിലും അവര്‍ക്കു താല്പര്യമുണ്ടായിരുന്നു. പ്രാത്തോയിലെ ടെക്സ്റ്റൈല്‍ മാനുഫാക്ചറിങ് കമ്പനിയുടെ ഈ പ്രോജക്റ്റ് ഇന്ത്യയിലെ ടെക്സ്റ്റൈല്‍ മേഖലയിലേക്കും കൊണ്ടുവരാനായിരുന്നു പ്ലാന്‍. സൂറത്തിലും തിരുപ്പൂരുമൊക്കെ ഇതിന് ഏറെ സാധ്യതയുള്ളതായി കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ നിന്നുള്ള ടീമിനായിരിക്കും ഇന്ത്യയില്‍ ഈ പ്രാത്തോ പ്രോജക്റ്റിന്റെ ചുമതല എന്നായിരുന്നു ധാരണ. രണ്ടു വര്‍ഷത്തെ ട്രെയിനിങ് പൂര്‍ത്തിയാക്കി ഞങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍, യൂറോപ്പിനെ മൊത്തത്തില്‍ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രാത്തോ കമ്പനി ഈ പ്രോജക്റ്റ് ഉപേക്ഷിക്കുകയാണുണ്ടായത്. ഒട്ടേറെ സാധ്യതകളുള്ള പ്രോജക്റ്റായിരുന്നു അത്.
- ഫ്രാന്‍സിസ്കന്‍ സഭയുടെ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള പ്രാത്തോയിലെ കിയേസാ സാന്‍ ഫ്രാന്ചെസ്കോയില് സഹവികാരി എന്ന നിലയില്‍ ഇതിനിടെ ഇറ്റലിയിലെ അങ്ങയുടെ അജപാലന ശുശ്രൂഷയും ആരംഭിച്ചുവല്ലേ?
റോമിലെ പഠനകാലത്തുതന്നെ പ്രാത്തോ എനിക്കു പരിചിതമായിരുന്നു. സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ ഏഴെട്ടു വൈദികരുണ്ടായിരുന്നു, മലയാളികള്‍ തന്നെ അന്ന് നാലുപേരുണ്ടായിരുന്നു. അവിടെ താമസിച്ചുകൊണ്ട് പല പള്ളികളിലും ശുശ്രൂഷ ചെയ്യാന്‍ പോകും. വളരെ നല്ല അനുഭവങ്ങളാണ് അവിടെയുണ്ടായത്. സെന്‍ട്രല്‍ ഇറ്റലിയിലെ പ്രവാസികളായ ഇന്ത്യക്കാരുടെ ആത്മീയ ശുശ്രൂഷയിലും കഴിയുന്ന രീതിയില്‍ പങ്കുചേരാനായി.
- കൊച്ചിയില്‍ തിരിച്ചെത്തി കുമ്പളങ്ങി സെന്റ് ജോസഫ് ഇടവകയില്‍ അഡ്മിനിസ്ട്രേറ്ററായി ശുശ്രൂഷ ചെയ്തത് ഏതു പ്രത്യേക സാഹചര്യത്തിലാണ്?
നോര്‍ത്ത് കുമ്പളങ്ങിയില്‍ ഇടവകയിലെ സഹവികാരിയായിരുന്നു. വികാരിയായിരുന്ന വിക്ടര്‍ മാരാപറമ്പില്‍ അച്ചന് ഒരു ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമം വേണ്ടിവന്നു. ആ കാലയളവില്‍ ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേഷന്റെ ചുമതല കൂടി സഹവികാരി വഹിക്കുകയായിരുന്നു.
മുണ്ടംവേലിയില്‍ എന്റെ പൗരോഹിത്യസ്വീകരണ വേളയിലും നവപൂജാര്പ്പണത്തിനും മറ്റും എല്ലാ കാര്യങ്ങളുടെയും പൂര്‍ണ ചുമതല വഹിച്ച വികാരിയായിരുന്നു വിക്ടറച്ചന്. കുമ്പളങ്ങിക്കാര്‍ ഞങ്ങളെ അപ്പനും മകനും എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അത്ര ഗാഢമായ ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. വിക്ടറച്ചനാണെങ്കില് നിമിഷ കവിയെ പോലെ അതു സന്ദര്‍ഭത്തിനും ഇണങ്ങുംവിധം കവിത ചൊല്ലുന്നതില്‍ അസാമാന്യ പ്രതിപത്തിയുള്ളയാളാണ്. വളരെ ജനപ്രിയനായ ഇടയനാണ് അദ്ദേഹം.
- വീണ്ടും ഇറ്റലിയിലേക്ക് – വിശുദ്ധ അംബ്രോസിന്റെ നഗരമായ മിലാനിലേക്ക്. ബ്രീവിയോയിലെ സിസീനിയൊ, മര്ത്തീരിയോ, അലെസാന്ത്രോ എന്നീ രക്തസാക്ഷികളുടെ നാമധേയത്തിലുള്ള പുരാതന ഇടവകയില്‍ സഹവികാരിയായി മൂന്നു വര്‍ഷം. അവിടെ എത്തിച്ചേരുന്നത് എങ്ങനെയാണ്?
കരിയില്‍ പിതാവ് റോമില്‍ പഠിച്ചിരുന്ന കാലം തൊട്ട് നല്ല അടുപ്പമുള്ള മിലാന് അതിരൂപതയിലെ ഡോണ്‍ നാന്തോ ദാത്തി എന്ന വൈദികശ്രേഷ്ഠന്റെ ഇടവകയാണത്. അദ്ദേഹത്തിന് രണ്ട് ഇടവകകളുടെ ചുമതലയുണ്ട്. അദ്ദേഹത്തിന്റെ അഭ്യര്‍ഥന പ്രകാരമാണ് കരിയില്‍ പിതാവ് എന്നെ മിലാനിലേക്ക് അയച്ചത്. യൂറോപ്പിലെ ഏറ്റവും വലിയ കത്തോലിക്കാ അതിരൂപതയായി അറിയപ്പെടുന്ന മിലാനാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വൈദികരുള്ള സഭാപ്രവിശ്യ. എന്നാല്‍ വൈദികരിലേറെയും പ്രായാധിക്യമുള്ളവരാണ്, പലയിടത്തും ശുശ്രൂഷ ചെയ്യാന്‍ വേണ്ടത്ര വൈദികരില്ലാത്ത സ്ഥിതിയുണ്ട്.
ഡോണ്‍ നാന്തോയുടെ സഹവികാരി എന്ന നിലയില്‍ വളരെ സന്തുഷ്ടനായിരുന്നു ഞാന്‍. അജപാലന ചുമതല കഴിഞ്ഞ് വെറുതെ ഇരിക്കുന്ന സമയംകൊണ്ട് ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് എടുക്കാന്‍ നിര്‍ദേശിച്ചത് അദ്ദേഹമാണ്. മിലാന് യൂണിവേഴ്സിറ്റിയില്‍ കാനോന്‍ ലോ കോഴ്സിന് സൗകര്യമില്ലായിരുന്നു. കാനോന്‍ നിയമം പഠിക്കാന്‍ റോമിലോ വെനീസിലോ പോകണം. ഒടുവില്‍, കരിയില്‍ പിതാവിനോട് അനുവാദം വാങ്ങി മിലാന് യൂണിവേഴ്സിറ്റിയില്‍ ബിബ്ലിക്കല്‍ തിയോളജി ഡോക്ടറേറ്റിനു ചേരാന്‍ തീരുമാനിച്ചു. ബ്രീവിയോയില് നിന്ന് ട്രെയിനില്‍ പോകാവുന്ന ദൂരമേയുള്ളൂ യൂണിവേഴ്സിറ്റിയിലേക്ക്. അവര്‍ എന്റെ ലൈസന്‍ഷ്യേറ്റ് തീസിസ് പരിശോധിച്ചു, ഡോക്ടറല്‍ കോഴ്സ് അലോട്ട് ചെയ്തു. ഇതിനിടെ, കരിയില്‍ പിതാവ് മിലാന് സന്ദര്‍ശിക്കാനെത്തി. പിതാവ്, ബിബ്ലിക്കല്‍ തിയോളജി ഡോക്ടറേറ്റിനു പകരം കാനോന്‍ നിയമം പഠിക്കുന്നതാകും രൂപയിലെ സേവനത്തിന് കൂടുതല്‍ ഉപകാരപ്രദം എന്നു നിര്‍ദേശിക്കുകയാണുണ്ടായത്. അങ്ങനെയാണ് കാനോന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ് ചെയ്യാന്‍ റോമില്‍ ഞാന്‍ നേരത്തെ പഠിച്ച ഊനിവേര്സിത്താ ഉര്ബാനിയാനയിലേക്കു വീണ്ടും പോകാന്‍ തീരുമാനമായത്.
- ആ കോഴ്സിനുവേണ്ടിയാണോ റോമിലെ സാന്‍ പിയോ ക്വിന്തോ ഇടവകയില്‍ സഹവികാരിയാകുന്നത്?
ഇത്തവണ കാനോന്‍ നിയമ പഠനത്തിന് സ്കോളര്‍ഷിപ് ഇല്ലായിരുന്നു. അതിനാല്‍ സ്വന്തം നിലയില്‍ താമസസൗകര്യം കണ്ടെത്തേണ്ടതുണ്ടായിരുന്നു. മിലാനിലെ സേവനം പൂര്‍ത്തിയാക്കി റോമില്‍ ലൈസന്‍ഷ്യേറ്റ് കോഴ്സിനു ചേരുന്നതിന് ഒരുക്കമായി യൂണിവേഴ്സിറ്റിയില്‍ നിന്ന് അധികം ദൂരത്തല്ലാതെ ഒരു താമസസ്ഥലം കണ്ടുപിടിക്കണമായിരുന്നു. റോമിലെത്തിയപ്പോള്‍, ഫ്രാന്‍സിസ് പാപ്പായുടെ തിരഞ്ഞെടുപ്പിന്റെ സമയമായിരുന്നു. ചരിത്രപ്രധാനമായ ആ പേപ്പല്‍ തിരഞ്ഞെടുപ്പിനും സ്ഥാനാരോഹണത്തിനും സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞു.
റോമാ രൂപതയിലെ ഏതെങ്കിലും ഒരു ഇടവകയില്‍ സേവനം ചെയ്തുകൊണ്ട് ഒക് ടോബറില്‍ പുതിയ കോഴ്സിനു ചേരണം. പലയിടത്തും അന്വേഷിച്ചിട്ടും ഒഴിവു കണ്ടെത്താനായില്ല. ഒടുവില്‍ രൂപതയിലെ വികാരി ജനറലിനെ നേരിട്ടു കാണാന്‍ തീരുമാനിച്ചു. കര്‍ദിനാള്‍ വികാറിന്റെ കാര്യാലയത്തില്‍ ചെന്നിട്ടും പ്രതീക്ഷയ്ക്കു വകയുണ്ടായില്ല. ഒരു വര്‍ഷം കഴിഞ്ഞുവരാനായിരുന്നു നിര്‍ദേശം.
അന്വേഷണങ്ങള്‍ക്ക് കൂടെ വന്ന ചില്‍ട്ടണ്‍ അച്ചനോടൊപ്പം നിരാശയോടെ മടങ്ങുമ്പോള്‍ ദൈവപരിപാലനയുടെ മറ്റൊരു അതിശയം സംഭവിച്ചു. ഞങ്ങള്‍ ലിഫ്റ്റില്‍ കയറി താഴേക്ക് പോകാന്‍ ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ ഇറ്റലിക്കാരനായ ഒരു അച്ചന് തിടുക്കത്തില്‍ ലിഫ്റ്റിലേക്ക് ഓടിക്കയറിവന്നു. കണ്ടു പരിചയമുള്ള അച്ചന് വിശേഷങ്ങള്‍ ആരാഞ്ഞു. എന്റെ പഠനത്തിന്റെ കാര്യവും താമസസൗകര്യം കിട്ടാനുള്ള ബുദ്ധിമുട്ടും സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു: സാന്‍ പിയോ ക്വിന്തോയില് ഒന്ന് അന്വേഷിച്ചുനോക്കൂ, അവിടെ ഒരു ഒഴിവ് ഉണ്ടെന്ന് ആരോ പറഞ്ഞുകേട്ടത് ഓര്‍ക്കുന്നു.
ഇത്രയും പറഞ്ഞ് അദ്ദേഹം ലിഫ്റ്റില്‍ നിന്ന് ഇറങ്ങിപ്പോയി. അച്ചന് പറഞ്ഞ വിലാസത്തിലേക്കു വിളിച്ചപ്പോള്‍, ഇത്ര സമയത്തിനകം വന്നാല്‍ കാര്യം തീരുമാനിക്കാം എന്നാണ് വികാരിയച്ചന് അറിയിച്ചത്. മെട്രോയില്‍ പോയാല്‍ അദ്ദേഹം പറഞ്ഞ സമയത്ത് എത്താന്‍ കഴിയുമായിരുന്നില്ല. ചില്‍ട്ടണ്‍ അച്ചന് ബൈക്കില്‍ പോയാല്‍ പറഞ്ഞ സമയത്ത് ചെന്നെത്തും. മെട്രോയില്‍ ഞാന്‍ പിന്നാലെ എത്തിയപ്പോഴേക്കും വികാരിയച്ചന് എങ്ങോട്ടോ പോകാനുള്ള തിരക്കിലായിരുന്നു. ചില്‍ട്ടണ്‍ അച്ചനോട് അദ്ദേഹം വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞിരുന്നു. ജോണ്‍ എന്ന കൊളംബിയക്കാരനായ ഒരു അച്ചന് ജൂലൈയില്‍ പോകുന്ന ഒഴിവുണ്ട്. അപ്പോഴേക്കും റോമിലെത്തി, ഒക്ടോബറില്‍ കോഴ്സ് ആരംഭിക്കാം എന്നാണ് വികാരിയച്ചന് എന്നോടു പറഞ്ഞത്. ഇത്രയും പറഞ്ഞ് അദ്ദേഹം ഇറങ്ങുകയും ചെയ്തു. അദ്ഭുതകരമായിരുന്നു ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആ വാഗ്ദാനം.
കൊളംബിയക്കാരനായ അച്ചന്റെ പഠനം പൂര്ത്തായാകാത്തതിനാല് അദ്ദേഹം ജൂലൈയിലും മുറിയൊഴിയുന്ന മട്ടില്ലെന്നാണ് പിന്നീട് വിളിച്ചുചോദിച്ചപ്പോള്‍ വികാരിയച്ചന് പറഞ്ഞത്. പക്ഷേ, എനിക്കു തന്ന വാക്ക് അദ്ദേഹം പാലിച്ചു: എന്തായാലും ജൂലൈയില്‍ വന്നോ, തത്കാലം മറ്റൊരു സ്ഥലത്ത് താമസിക്കാന്‍ സൗകര്യമൊരുക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. ഒടുവില്‍, താമസിക്കാന്‍ കിട്ടിയത് ‘മഡോണ ദെല്‍ റിപോസോ’ (വിശ്രമത്തിന്റെ മാതാവ്) എന്നറിയപ്പെടുന്ന പ്രസിദ്ധമായ ഒരു കപ്പേളയുടെ മുകളിലെ സ്റ്റുഡിയോ അപ്പാര്‍ട്ടുമെന്റ് പോലുള്ള ഒരൊറ്റമുറിയായിരുന്നു. പാപ്പാമാര്‍ വന്നിട്ടുള്ള വലിയ അദ്ഭുതങ്ങളുടെ കപ്പേളയാണത്. അഞ്ചു വൈദികര്‍ താമസിക്കുന്ന പാരിഷ് ഹൗസില്‍ ഭക്ഷണം കഴിക്കാന്‍ പോകും, താമസം ഈ കപ്പേളയുടെ മുകളിലാണ്. മൂന്നു വര്‍ഷം കാനോന്‍ നിയമ ലൈസന്‍ഷ്യേറ്റ് പഠനകാലം മുഴുവന്‍ ഞാന്‍ താമസിച്ചത് അവിടെയാണ്.
- കൊച്ചി രൂപതയില്‍ വിവാഹ ട്രൈബ്യൂണലില്‍ ആദ്യഘട്ടത്തില്‍ രണ്ടു വര്‍ഷം നോട്ടറിയായും, കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ജുഡീഷ്യല്‍ വികാരിയായും അങ്ങ് സേവനം ചെയ്തു. ദാമ്പത്യബന്ധങ്ങളുടെ തകര്‍ച്ച ഈ കാലഘട്ടത്തില്‍ സഭയും സമൂഹവും നേരിടുന്ന വളരെ ഗുരുതരമായ പ്രശ്നങ്ങളിലൊന്നാണ്. ദൈവം യോജിപ്പിച്ച ബന്ധമാണോ അല്ലയോ, സഭാനിയമപ്രകാരം സാധുവാണോ അസാധുവാണോ എന്നീ കാര്യങ്ങളില്‍ തീര്പ്പുകല്പിക്കുന്ന രൂപതയിലെ നീതിനിര്‍വഹണ സംവിധാനത്തിന്റെ മേധാവി എന്ന നിലയില്‍, സമൂഹത്തില്‍ വൈവാഹിക പ്രശ്നങ്ങള്‍ വര്‍ധിച്ചുവരുന്നതിനുള്ള പ്രധാന കാരണങ്ങളായി അങ്ങ് കാണുന്നത് എന്തെല്ലാമാണ്?
വിവാഹത്തിനു മുന്‍പ് ചുറ്റുപാടുകളെക്കുറിച്ച് മാത്രം അന്വേഷിക്കുകയും വ്യക്തിയെക്കുറിച്ച് വേണ്ടത്ര അന്വേഷിക്കാതിരിക്കുകയും ചെയ്യുന്നു എന്നതാണ് പ്രധാന പ്രശ്നം. ജോലി, ശമ്പളം, സൗന്ദര്യം, കുടുംബമഹിമ, സാമ്പത്തിക ചുറ്റുപാട് തുടങ്ങിയ കാര്യങ്ങളിലാണ് കൂടുല്‍ അന്വേഷണം നടക്കുന്നത്. ഏതുതരം വ്യക്തിയാണ് എന്ന് വിശദമായി അന്വേഷിക്കേണ്ടതുണ്ട്. മാതാപിതാക്കളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയുള്ള വിവാഹങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. പെണ്ണുകാണല്‍ എന്നതുപോലെ ഇപ്പോള്‍ ചെക്കനെ കാണാനും ചെക്കന്റെ വീടുകാണാനും പെണ്‍കുട്ടികളുടെ ഭാഗത്തുനിന്നും ആവശ്യമുയര്ന്നുകാണുന്നുണ്ട്. അപ്പോഴും വ്യക്തിയെക്കുറിച്ച് വേണ്ടത്ര അന്വേഷണം നടക്കുന്നില്ല.
മാതാപിതാക്കളുടെ അനാവശ്യമായ ഇടപെടലുകളാണ് രണ്ടാമത്തെ പ്രധാന പ്രശ്നം. അമ്മായിയപ്പന്, അമ്മായിയമ്മ എന്നീ കഥാപാത്രങ്ങള്‍ പാശ്ചാത്യരാജ്യങ്ങളിലെ വിവാഹജീവിതത്തില്‍ സാധാരണഗതിയില്‍ പ്രത്യക്ഷപ്പെടുകയില്ല. വിവാഹിതരാകുന്ന പെണ്ണും ചെറുക്കനും ഒരു കുടുംബമായി മാറുകയാണ് ചെയ്യുന്നത്, പെണ്ണ് അമ്മായിയപ്പനും അമ്മായിയമ്മയുമൊക്കെയുള്ള ഒരു കുടുംബത്തിലേക്ക് കയറിച്ചെല്ലുകയല്ല ചെയ്യുന്നത്. വിവാഹിതരാകുന്ന മക്കള്‍ വാടകവീട്ടിലേക്കായാലും മാറി താമസിക്കും, അവര്‍ അമ്മയെയും അപ്പനെയും ആശ്രയിക്കുകയില്ല. അവര്‍ ഇരുവരും ചര്‍ച്ച ചെയ്താണ് തങ്ങളുടെ കാര്യങ്ങളെല്ലാം തീരുമാനിക്കുക. അപ്പനും അമ്മയും അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയോ അവ ഏറ്റെടുക്കുകയോ ചെയ്യാറില്ല. ഇവിടെ ഇത്തരം ബാഹ്യ ഇടപെടലുകളാണ് പ്രശ്നങ്ങള്‍ വഷളാക്കുന്നത്.
- ആരംഭകാലത്തെ യൂറോപ്യന്‍ പ്രേഷിത സമൂഹങ്ങളുടെ ആഗമനത്തെ അനുസ്മരിപ്പിക്കും വിധം, ആധുനിക കാലത്ത് കൊച്ചി രൂപത സ്ത്രീകളുടെയും പുരുഷന്മാരുടെയും സന്ന്യാസ സമൂഹങ്ങളുടെ വലിയൊരു ഇന്റര്‍നാഷണല്‍ ഹബ്ബായി മാറുകയുണ്ടായി. പ്രേഷിത മേഖലയിലും സുവിശേഷവത്കരണത്തിലും സന്ന്യസ്തരുടെ ആധ്യാത്മിക മുന്നേറ്റത്തിലും രാജ്യാന്തരതലത്തില്‍ അദ്വിതീയമായ സംഭാവനകള്‍ നല്കാന് കൊച്ചി രൂപതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സന്ന്യസ്തര്‍ക്കായുള്ള എപ്പിസ്കോപ്പല്‍ വികാരിയായിരുന്ന അങ്ങ് ദൈവവിളിയുടെ മേഖലയില്‍ എന്തെങ്കിലും മാറ്റം കാണുന്നുണ്ടോ?
ഓരോ ഇടവകയിലും ഒരു സന്ന്യാസഭവനമെങ്കിലും ഉണ്ടാകണം എന്നായിരുന്നു കുരീത്തറ പിതാവിന്റെ സ്വപ്നം. മിക്ക ഇടവകകളിലും ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ദൈവകൃപയില്‍ ആശ്രയിച്ചുകൊണ്ട് ഒട്ടേറെ പ്രതിബന്ധങ്ങളെ അതിജീവിച്ചുകൊണ്ടാണ് അദ്ദേഹം ഓരോ രാജ്യാന്തര പ്രേഷിത സമൂഹത്തെയും കൊച്ചിയിലേക്ക് ക്ഷണിച്ചുവരുത്തിയത്. അവയുടെ വളര്‍ച്ചയ്ക്കും അതിലൂടെ സാമൂഹിക മുന്നേറ്റത്തിനും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനും അദ്ദേഹം ഏറെ ത്യാഗങ്ങള്‍ സഹിച്ചു. ഓരോ സന്ന്യാസ സമൂഹത്തിന്റെയും ആഗമനചരിത്രം വളരെ ആധികാരികമായും വിശദമായും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നതും മാതാപിതാക്കളുടെ വിശ്വാസക്ഷയവും മറ്റു പല സാമൂഹിക കാരണങ്ങളും വൈദികജീവിതത്തിലേക്കും സന്ന്യസ്തജീവിതത്തിലേക്കുമുള്ള അര്‍ഥികളുടെ എണ്ണത്തെ പൊതുവെ ബാധിക്കുന്നതായി പറയാം. എങ്കിലും രൂപതാ വൈദികരുടെ കാര്യത്തില്‍ കൊച്ചി രൂപതയുടെ സ്ഥിതി ഇപ്പോള്‍ ഭദ്രമാണ്: 51 ഇടവകകളും 164 രൂപതാ വൈദികരുമുണ്ട്.
രൂപതയില്‍ നിന്നുള്ള പ്രേഷിതര്‍ 32 രാജ്യങ്ങളില്‍ സേവനം ചെയ്യുന്നതായി കുരീത്തറ പിതാവിന്റെ കാലത്ത് എഴുതിവച്ചിട്ടുണ്ട്.
രൂപതയിലെ ഒരൊറ്റ സെമിനാരിയിലെത്തുന്ന വൈദികാര്‍ഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടാനൊന്നുമില്ല, എന്നാല്‍ 60 കോണ്‍വെന്റുകളിലേക്ക് എത്തുന്ന അര്ഥിനികളുടെ എണ്ണം അതുമായി താരതമ്യം ചെയ്യരുത്.
വൈദികാര്‍ഥികളുടെയും സന്ന്യസ്തരുടെയും ദൈവവിളി പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് നല്ല ഭാര്യാഭര്ത്താക്കന്മാരാകാനുള്ള ദൈവവിളിയും. ഈ ബോധ്യം നമുക്കുണ്ടായാല്‍ സഭ ഇന്നു നേരിടുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരമാകും.
- മട്ടാഞ്ചേരിയിലെ കൂനന്‍ കുരിശ് അങ്ങയുടെ എപ്പിസ്കോപ്പല്‍ സ്ഥാനികമുദ്രയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. മെത്രാന് നിയമനപ്രഖ്യാപനം കഴിഞ്ഞ് അങ്ങ് വിശുദ്ധ കുരിശ് വണങ്ങാന്‍ കുരിശിന്റെ നടയില്‍ പോയത് ഓര്‍ക്കുന്നു…
അത് കുട്ടിക്കാലം തൊട്ടുള്ള പ്രത്യേക ഭക്തിയാണ്. പൂമാലയും ചുറ്റുവിളക്കും നേരുന്ന ഒരു രീതിയുണ്ടല്ലോ. വ്യക്തിപരമായി പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കാനോ പ്രത്യേകിച്ച് എന്തെങ്കിലും വിഷമതകളോ സങ്കടമോ നേരിടുമ്പോഴോ സ്വകാര്യമായി പോയി പ്രാര്‍ഥിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്ന ഏതാനും ഇടങ്ങളിലൊന്നാണ് കുരിശിന്റെ നട.
- കോട്ട് ഓഫ് ആംസില്‍ അങ്ങയുടെ എപ്പിസ്കോപ്പല്‍ ശുശ്രൂഷയുടെ ചൂണ്ടുപലകയായി കാണാവുന്ന രണ്ട് പ്രദീപ്ത പ്രതീകങ്ങളുണ്ട് – തിരമാലകളിലെ നങ്കൂരവും അങ്ങയുടെ സ്വര്‍ഗീയ മധ്യസ്ഥനും അദ്ഭുതപ്രവര്ത്തകനുമായ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ അപ്പവും. പ്രത്യാശയുടെ നങ്കൂരവും എല്ലാത്തരം വിശപ്പും ദാരിദ്ര്യവും അനുഭവിക്കുന്നവര്‍ക്കായുള്ള കാരുണ്യത്തിന്റെയും കരുതലിന്റെയും സുഭിക്ഷ ഭോജനവും… ഇവയുടെ സാക്ഷാത്കാരത്തിനായുള്ള രൂപരേഖ അങ്ങയുടെ മനസിലുണ്ടാകുമല്ലോ?
പ്രത്യാശയുടെ ജൂബിലി വര്‍ഷവും സിനഡാത്മക സഭയുടെ തീര്‍ഥാടനവും കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്റെയും സന്ദേശമാണ് നമുക്ക് നല്‍കുന്നത്. ദൈവത്തിന്റെ കൃപയെ ആശ്രയിച്ചുകൊണ്ട് നമ്മള് – രൂപതാ നേതൃത്വവും വൈദികരും സന്ന്യസ്തരും വിശ്വാസികളും ഒരുമിച്ചു ചേര്‍ന്ന് ആവശ്യമായത് എന്തെന്ന് വിവേചിച്ചറിഞ്ഞ്, എന്ത് റിസ്ക് എടുത്തും അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യും. തീര്‍ച്ചയായും നാം പ്രതിസന്ധികളുടെ കാലഘട്ടത്തില്‍ പ്രത്യാശയുടെ നങ്കൂരമാകണം. വിശക്കുന്നവര്‍ക്ക് അപ്പവുമാകണം. അതു നമ്മുടെ മൗലിക സാക്ഷ്യമാണ്.
- ഇറ്റലിയില്‍ സെമിനാരിയിലും യൂണിവേഴ്സിറ്റിയിലും പഠിക്കാനും അജപാലനശുശ്രൂഷയ്ക്കുമായി ഇറ്റാലിയന്‍ പഠിച്ചു. എന്നാല്‍ ജര്‍മ്മന്‍ പഠിച്ചത് എന്തിനുവേണ്ടിയാണ്?
ഇറ്റലിയില്‍ പഠിക്കുന്ന കാലത്തും ഞങ്ങള്‍ ജര്‍മ്മനിയില്‍ ശുശ്രൂഷ ചെയ്യാന്‍ പോകുമായിരുന്നു. ജര്‍മ്മനിയില്‍ എന്തെങ്കിലും ദൗത്യം ഏറ്റെടുക്കേണ്ടിവന്നാല്‍ അതിന് ജര്‍മ്മന്‍ ഭാഷാപരിജ്ഞാനം ഉപകരിക്കുമല്ലോ. ജര്‍മ്മന്‍ ഭാഷ പഠിക്കുന്നതിനുള്ള സ്കോളര്‍ഷിപ് റോമില്‍ നിന്നു ലഭിക്കുമായിരുന്നു. ഞങ്ങള്‍ ഓസ്ട്രേലിയയില്‍ പോയാണ് ജര്‍മ്മന്‍ പഠിച്ചത്.
- ഇറ്റലിക്കാരില്‍ നിന്ന് അങ്ങ് പഠിച്ച ഏറ്റവും ഇമ്പമേറിയ ഗീതം ഏതാണ്?
ജെന്‍ വെര്‍ദെയുടെ ‘തേ അല്‍ ചെന്ത്രോ ദെല്‍ മിയോ കുവോരെ’ എന്ന ഗാനം. കര്‍ത്താവിനെ ഉള്ളിന്റെയുള്ളില്‍ കണ്ടെത്താനുള്ള അടക്കാനാവാത്ത ആഗ്രഹത്തെക്കുറിച്ചുള്ള മനോഹരമായ ഗീതം.
‘ഹൊ ബിസോഞ്ഞൊ ഇന്കോണ്ത്രാര്ത്തി നെല്‍ മിയോ കുവോരെ
ദി ത്രൊവാരെ തെ, ദി സ്താരെ ഇന്സിയെമെ അ തെ
ഊനികോ റിഫെരിമെന്തോ ദെല്‍ മിയോ അന്താരെ
ഊനിക റജിയോനെ തു,
ഊനികോ സൊസ്തേഞ്ഞൊ തു
അല്‍ ചെന്ത്രോ ദെല്‍ മിയോ കുവോരെ ചി സേയി സോലോ തു.”
‘എനിക്ക് നിന്നെ എന്റെ ഹൃദയത്തില്‍ കാണണം
നിന്നെ കണ്ടെത്തണം
നിന്നോടൊപ്പമുണ്ടാകണം:
എന്റെ ഏക വഴികാട്ടി
എന്റെ ഏക യുക്തി
എന്റെ ഏക പിന്തുണ
എന്റെ ഹൃദയത്തിന്റെ കേന്ദ്രത്തില്‍ നീ മാത്രമേയുള്ളൂ.”

