വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ മിഷൻ രൂപതകളെ ശക്തിപ്പെടുത്തുന്നതിനായി 7.8 മില്യൺ ഡോളറിന്റെ തുക അനുവദിച്ച് ഡിസംബർ ഒന്നിനാണ് സഭാ നേതൃത്വം പ്രഖ്യാപനം നടത്തിയത്. 2025-2026 ബജറ്റ് വർഷത്തേക്ക് 69 മിഷൻ രൂപതകൾക്കു ഫണ്ട് നൽകുമെന്ന് അമേരിക്കൻ മെത്രാൻ സമിതി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് (USCCB), രാജ്യത്തുടനീളം വർഷം തോറും ഏറ്റെടുക്കുന്ന കാത്തലിക് ഹോം മിഷൻസ് അപ്പീൽ വഴിയായി വിവിധ ഇടവകകളിൽ നിന്നുള്ള ശേഖരണത്തിലൂടെയാണ് ഫണ്ട് സമാഹരിച്ചത്.
സഹായത്തിന് തെരഞ്ഞെടുത്തിരിക്കുന്ന പല മിഷൻ രൂപതകളും ചെറിയ കത്തോലിക്ക ജനസംഖ്യയുള്ള പ്രദേശങ്ങളാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ബാധിച്ച ഗ്രാമപ്രദേശങ്ങളാണ് രൂപതയുടെ ഭാഗമെന്നു മനസിലാക്കുന്നതിനാലാണ് സഹായം ലഭ്യമാക്കുന്നതെന്ന് ബിഷപ്പുമാർ മാധ്യമങ്ങളോട് പറഞ്ഞു. സിയോക്സ് ഗോത്ര വിഭാഗത്തിന് ഇടയിൽ സുവിശേഷമെത്തിക്കുവാൻ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന റാപ്പിഡ് സിറ്റി രൂപതയുടെ സ്റ്റാൻഡിംഗ് റോക്ക് റിസർവേഷൻ മിനിസ്ട്രി ഉൾപ്പെടെയുള്ള വിവിധ സംഘടനകളും കൂട്ടായ്മകളും ദേശീയ മെത്രാൻ സമിതിയുടെ നിലപാടിൽ സന്തോഷം പ്രകടിപ്പിച്ചു.
പദ്ധതിയുടെ ഭാഗമായി സെന്റ് മേരി ക്വീൻ ഓഫ് പീസ് സീറോ-മലങ്കര രൂപതയ്ക്കും സഹായം ലഭ്യമാകും. മൂന്ന് ഫ്രാൻസിസ്കൻ സന്യാസിനികളും ഒരു വൈദികനും ഉൾപ്പെടുന്ന സ്റ്റാൻഡിംഗ് റോക്ക് റിസർവേഷൻ മിനിസ്ട്രി, നാല് ഇടവകകളിലെ അഞ്ഞൂറിൽപരം വിശ്വാസികൾക്കും എണ്ണായിരത്തോളം വരുന്ന പ്രദേശവാസികൾക്കും സാമൂഹിക പിന്തുണയും ആത്മീയ സഹായവും നൽകിവരുന്നുണ്ട്. സുവിശേഷ പ്രഘോഷണത്തിനും മിഷൻ പ്രവർത്തനങ്ങൾക്കും അമേരിക്കൻ മെത്രാൻ സമിതി ഓരോ വർഷവും ദശലക്ഷകണക്കിന് ഡോളറാണ് മാറ്റിവെയ്ക്കാറുള്ളത്.

