കണ്ണൂർ രൂപതയിൽ വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശനം
കണ്ണൂർ: നൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകൾ ഒരുമിപ്പിച്ചുള്ള ‘അനുഗ്രഹ വഴിയേ’ പ്രദർശനം കണ്ണൂർ രൂപതയിലെ വിശ്വാസികൾക്ക് ആത്മീയ അനുഭവമായി. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ പരിയാരം ക്രിസ്തു രാജ സന്നിധാനം ദേവാലയത്തിലാണ് അമൂല്യമായ തിരുശേഷിപ്പുകൾ വണക്കത്തിനായി ഒരുക്കിയത്.
കണ്ണൂർ രൂപതാ മെത്രാൻ റൈറ്റ്. റവ .ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു.കണ്ണൂർ രൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ഡെന്നിസ് കുറുപ്പശ്ശേരി തിരുശേഷിപ്പ് പ്രദർശനത്തിന് തുടക്കം കുറിച്ചുകൊണ്ട് ദിവ്യബലി അർപ്പിച്ചു. വിശുദ്ധ കുരിശിന്റെയും പുത്തൻ തലമുറയിലെ വിശുദ്ധനായ കാർലോ അക്വിറ്റീസിൻ്റയും 12 അപ്പസ്തോലന്മാരുടെ ഉൾപ്പെടെ നൂറിലധികം തിരുശേഷിപ്പുകൾ ദർശിക്കാനും വണങ്ങാനുമായി രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികൾ ക്രിസ്തുരാജ സന്നിധാനം പള്ളിയിലേക്ക് എത്തിച്ചേർന്നു.
പ്രസ്ഥാനത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ പ്രദർശനം വിശ്വാസ തീക്ഷ്ണത വർദ്ധിപ്പിക്കാനും വിശുദ്ധ ജീവിതങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും അവസരം നൽകി.കെസിവൈഎം ലാറ്റിൻ സംസ്ഥാന പ്രസിഡൻറ് പോൾ ജോസ്, ജനറൽ സെക്രട്ടറി ഷെറിൻ കെ. ആർ , വൈസ് പ്രസിഡൻറ് അക്ഷയ് അലക്സ്, സെക്രട്ടറി അലീന ജോർജ്, വിമിൻ എം.
വിൻസെന്റ് , ആനിമേറ്റർ സി. മെൽന ഡി ക്കോത്ത, എന്നിവരോടൊപ്പം കണ്ണൂർ രൂപത പ്രസിഡൻറ് റോജൻ നെൽസൺ, ഫെബിന ഫെലിക്സ്, മറ്റ് രൂപത ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി
