കവർ സ്റ്റോറി / ബോബന് വരാപ്പുഴ
അര്‍പ്പണബോധമുള്ള മാതാപിതാക്കളുടെ മക്കള്‍ ലോകത്തോളം വളര്‍ന്നതിന് ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. വര്‍ത്തമാനകാലത്തും ആ നീതിശാസ്ത്രത്തിന്റെ അജയ്യത തുടരുന്നതിന്റെ മികവുറ്റ ഉദാഹരണമാണ് നഥാനിയ. മാതാപിതാക്കളുടെ കഠിനാധ്വാനം, നഥാനിയായുടെ ഓരോ സ്ട്രോക്കിലേക്കും പകരുന്നത് പ്രതീക്ഷയുടെ ജലകണങ്ങളാണ്.
ഇന്ന്, സംസ്ഥാന സ്കൂള്‍ കായികമേളയിലെ കിരീടം തലയിലണിഞ്ഞ് അവള് നില്ക്കുമ്പോള്, അത് മെഡലുകള്‍ മാത്രമല്ല ഒരു കുടുംബത്തിന്റെ ആത്മാര്‍പ്പണത്തിന്റെ പ്രകാശം കൂടിയാണ്; ജീവിതഭാരത്തെ ചെറുത്ത മനസുകളുടെ വിജയം.
ഒരിടത്തൊരിടത്ത് …
വെള്ളം കെട്ടി നില്‍ക്കുന്നത് കാണുന്ന മാത്രയില്‍ കരച്ചിലാരംഭിക്കുന്നൊരു പെണ്‍കുട്ടിയുണ്ടായിരുന്നു. മകളെ വേറിട്ടൊരു കായിക ഇനത്തിലേക്ക് വഴി തിരിച്ചുവിടാന്‍ ആഗ്രഹിച്ചിരുന്ന പിതാവ് 2016-ല്‍ തന്റെ മകളെ വടുതല ഡോണ്‍ ബോസ്കോ സ്ക്കൂള് സംഘടിപ്പിച്ച ഒരു നീന്തല്‍ കോച്ചിംഗിന്റെ ക്യാമ്പില്‍ ചേര്‍ത്തു. രണ്ടു മാസത്തെ ക്രാഷ് കോഴ്സായിരുന്നത് .
എന്നും കരഞ്ഞു കൊണ്ടാണ് അവള് പൂളിലേക്ക് എത്തപ്പെട്ടിരുന്നത്. ക്യാമ്പിനൊടുവില്‍ സംഘടിപ്പിച്ച മത്സരത്തില്‍ പങ്കെടുക്കാനായി നില്‍ക്കുമ്പോഴും അവള് വിലപിക്കുകയായിരുന്നു.

പെട്ടെന്ന് മത്സരം ആരംഭിക്കുന്നതിനായുള്ള വിസില്‍ മുഴങ്ങി. എല്ലാവരും അവരവരുടെ ട്രാക്കിലേക്ക് ചാടി നീന്തി തുടങ്ങി.. എന്നാല്‍ ആ പെണ്‍കുട്ടി മാത്രം അപ്പോഴും പേടിച്ച് വിറച്ച് കരയില്‍ നിന്ന് ഏങ്ങലടിച്ചു കൊണ്ടിരുന്നു. പെട്ടെന്നാണ് അത് സംഭവിച്ചത്. അവളെ ആരോ ആ പൂളിലേക്ക് തള്ളിയിട്ടു.. പ്രാണരക്ഷാര്ത്ഥമെന്നോണം ഗത്യന്തരമില്ലാതെ അവള് നീന്തി. അദ്ഭുതമെന്ന് പറയട്ടെ, അന്ന് അവള് ആ മത്സരത്തില്‍ ഒന്നാമതായാണ് നീന്തിക്കയറിയത് കേവലമൊരു ജയത്തിലേക്ക് മാത്രമല്ല, അതിനേക്കാളൊക്കെ വലുതായൊരു ആത്മവിശ്വാസത്തിലേക്ക് കൂടിയായിരുന്നു. ആ പെണ്‍കുട്ടിയാണ് ഇക്കഴിഞ്ഞ സംസ്ഥാന സ്ക്കൂള് കായിക മേളയിലെ സബ് ജൂനിയര്‍ വിഭാഗത്തിലെ നീന്തല്‍ ഇനങ്ങളില്‍ രണ്ട് സ്വര്‍ണ്ണവും ഓരോ വെള്ളിയും ബ്രൗണ്‍സും നേടിയ നഥാനിയ വി. കാട്ടുമ്പുറം.
100, 200 മീറ്റര്‍ ബാക് സ്ട്രോക്കിലായിരുന്നു സ്വര്‍ണ്ണ മെഡലുകള്‍. 4 ഃ 100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലേയില്‍ വെള്ളി നൂറ് മീറ്റര്‍ ഫ്രീ സ്റ്റൈയിലിലായിരുന്നു ഓട്ടുമെഡല്‍.
കടവന്ത്ര കാട്ടുമ്പുറം വിപിന്‍ ആന്റണി – തെരേസ മെറിന് ദമ്പതികള്‍ക്ക് മൂന്നു മക്കള്‍’ രണ്ടാണും ഒരു പെണ്ണും. വരാപ്പുഴ സെന്റ് ജോസഫ് കോണ്‍വെന്റ് ഹൈസ്ക്കൂളില്‍ പഠിക്കുന്ന, ഒമ്പതാം ക്ലാസുകാരന് ഇവാനിയോ, എട്ടാം ക്ലാസുകാരിയായ നഥാനിയ, പിന്നെ ഒന്നാം ക്ലാസുകാരനായ മിഖായേല്‍ ഇവാനിയയും ഇക്കുറി കായിക മേളയില്‍ പങ്കെടുത്ത നീന്തല്‍ താരമാണ്.
യൂറോപ്യന്‍ പാരമ്പര്യത്തനിമയുള്ള ഈ പേരുകള്‍ മക്കള്‍ക്ക് നല്കാന് ആന്റണിയെ പ്രേരിപ്പിച്ചതും മറ്റൊരു ചരിത്രം.
മുമ്പ് എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സില്‍ പഠിക്കുന്ന കാലത്ത് ആന്റണി ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. ഒപ്പം ഇറ്റാലിയന്‍ ഫുട്ബോള്‍ ടീമിന്റെ കട്ട ഫാനും. അസൂറികളോടുള്ള ആരാധനയില്‍ നിന്നാണ് മക്കള്‍ക്ക് ഇത്തരത്തിലുള്ള വേറിട്ട ലാറ്റിന്‍ നാമഭേദകള് കണ്ടെത്താന്‍ കാരണമായത്.
സ്പോര്‍ട്സിന് വളക്കൂറും പാരമ്പര്യവുമുള്ളൊരു വീട്ടില്‍ നിന്നാണ് ആന്റണിയുടെയും വരവ്. പിതാവ് സേവ്യര്‍ അക്കാലത്ത് നാടറിയുന്ന കാല്‍പ്പന്തുകളിക്കാരനായിരുന്നു. അതുകൊണ്ടാണ് മക്കളുടെ കായികാഭിരുചിയെ ആന്റണിയും തെരേസയും അണയാതെ കാത്തുസൂക്ഷിക്കുന്നത്. വിദ്യാഭ്യാസത്തിനും കോച്ചിംഗിനുമുള്ള ചെലവ് താങ്ങാനാവാത്ത അവസരത്തിലാണ് മക്കളെ വരാപ്പുഴ സെന്റ് ജോസഫിലേക്ക് മാറ്റിയത്. നഥാനിയയുടെയും ഇവാനിയോയുടെയും നീന്തല്‍ വൈഭവം മൂലം അവിടെ നിന്ന് ടി.സി കിട്ടാന്‍ താമസമായി, ഇവിടെ അഡ്മിഷന് കിട്ടാന്‍ എളുപ്പമായി.

സെന്റ് ജോസഫ് സ്ക്കൂള് അധികൃതരും പ്രധാന അധ്യാപികയായ ഹെലനും ഇവരുടെ വരവില്‍ സന്തോഷിച്ചു. പരിശീലനം മുടങ്ങാതിരിക്കാനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു. അതിനായി വൈകിട്ട് മൂന്നുമണിക്ക് ഇവര്‍ക്ക് സ്ക്കൂളില്‍ നിന്നും മടങ്ങാം. മക്കളുടെ പരിശീലനക്കളരി ആന്റണി കളമശ്ശേരി രാജഗിരിയിലേക്ക് മാറ്റി. അവിടെ കോച്ച് അര്‍ച്ചന ഉണ്ണികൃഷ്ണന്റെ കീഴില്‍ ചിട്ടയായ പരിശീലനം. കുട്ടികള്‍ക്ക് നിന്തലിനോടുള്ള താല്പര്യം പരിഗണിച്ച് ഫീസിലും ഇളവ് അനുവദിക്കപ്പെട്ടു. അതോടെ ആറ് വയസുകാരനായ മിഖായേലും അവിടെ നീന്തല്‍ പരിശീലനത്തിന് പോകാന്‍ ഒരുങ്ങുകയാണിപ്പോള്‍.
ജനിച്ച നാട്ടിലും പാര്‍ത്ത ദേശത്തുമെല്ലാം ഉണ്ടായിരുന്ന പുഴയോടും തോടുകളോടും കാണാത്തൊരു പ്രത്യേക താത്പ്പര്യമായിരുന്നു ഇവര്‍ക്ക് സിമ്മിംഗ് പൂളുകളോട്. അതിനാല്‍ തന്നെ ബലമായിട്ടാണെങ്കിലും ഒരിക്കലതിലേക്കിറങ്ങി സകലതും മറന്നെന്നതരത്തിലങ്ങോട്ട് നീന്തി. ഇപ്പോഴും നീന്തിക്കൊണ്ടിരിക്കുന്നു. മക്കളുടെ ഈ നിശ്ചയദാര്‍ഡ്യത്തിന്റെ ഫലം ആന്റണിയെന്ന പിതാവിന്റെ പ്രതീക്ഷയും അഭിമാനവുമാണ്.
എന്നും നാലരവെളുപ്പിനുണര്ന്ന് രണ്ട് മക്കളേയും കൊണ്ട് ആന്റണി കളമശ്ശേരിയിലേക്ക് പോകും. അഞ്ച് മണി മുതല്‍ രണ്ടര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കോച്ചിംഗിനു ശേഷം അവരുമായി വീട്ടിലേക്ക്. വീട്ടിലെത്തിയ മക്കള്‍ വേഗത്തില്‍ റെഡിയായി ചായയും കഴിച്ച് സ്ക്കൂളിലേക്ക്. ഇവിടെ നിന്ന് എന്നും മൂന്നുമണിക്ക് പോകാന്‍ സ്ക്കൂള് അധികൃതരുടെ മുന്‍കൂര്‍ അനുവാദമുണ്ട്. 4 മണിക്ക് കോച്ചിംഗ് സെന്ററിലെത്തണം. ആറര വരെ നീന്തല്‍ പരിശീലനം. അവിടെ നിന്ന് ഓടി വീട്ടിലെത്തി രാത്രി വൈകുംവരെ ട്യൂഷന്. രാത്രി വീട്ടിലെത്തുമ്പോള്‍ ഒമ്പത് മണി.
അതല്ല രസം. പണ്ട് കോച്ചിംഗിന് പോകുന്നതോര്‍ത്ത് പേടിച്ചു കരഞ്ഞിരുന്ന നഥാനിയയാണ് ഇപ്പോള്‍, തന്നെയും ചേട്ടനെയും വെളുപ്പിന് പരിശീലനത്തിന് കൊണ്ടുപോകുന്നതിനായി പപ്പയെ വിളിച്ചെഴുന്നേല്‍പ്പിക്കുന്നത്.
ഫോര്‍ട്ട്കൊച്ചി പാണ്ടിക്കുടി തറേപ്പറമ്പില്‍ പരേതനായ ഓസ്റ്റിന്‍ ലില്ലി ദമ്പതികളുടെ മകളും നഥാനിയായുടെ അമ്മയുമായ തെരേസ നൃത്തത്തിലും അഭിനയത്തിലും പ്രാവിണ്യം നേടിയൊരു കലാകാരിയാണ്. ഇടവകയിലെ ആഘോഷപരിപാടികളില്‍ നാടകങ്ങളും സ്കിറ്റുകളും അവതരിപ്പിക്കാന്‍ നേതൃത്വം നല്കുന്ന തെരേസ ഇടവകയിലെ വനിത പ്രവര്‍ത്തകയുമാണ്.
കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ നടന്ന നാഷണല്‍ കായിക മേളയില്‍ നഥാനിയ മത്സരിച്ചിരുന്നു. ഗോര്‍ഡ് ജിം എന്ന സ്ഥാപനമായിരുന്നു അന്ന് സ്പോണ്‍സറായത്. കൗണ്‍സിലറായ ഷിമ്മി ഫ്രാന്‍സിസിന്റെ സഹായവും ഇവര്‍ക്ക് തുണയായി. അമ്മയാണന്ന് കൂടെ പോയത്.
ഇത്തവണ ദേശീയ സ്ക്കൂള് കായിക മേള ഡല്‍ഹിയിലാണ്. സംസ്ഥാന സ്വര്‍ണ്ണ മെഡല്‍ ജേതാവായ നഥാനിയ്ക്ക് അതില്‍ പങ്കെടുക്കണമെങ്കില്‍ ഇത്തവണയും ഒരു സ്പോണ്‍സറെ ആവശ്യമായി വന്നിരിക്കുകയാണ്. ഏകദേശം ഒരു ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഉദാരമനസ്കരായ ആരെങ്കിലും സഹായഹസ്തം നീട്ടുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഇവര്‍ ചേരാനല്ലൂര്‍ നിത്യസഹായ മാതാ ഇടവകയിലാണ് താമസിക്കുന്നത്.
തന്റെ ആദ്യകുര്‍ബാന സ്വീകരണം കഴിഞ്ഞ ശേഷം ഇവാനിയാ മാതാപിതാക്കളോട് ആവശ്യപ്പെട്ട പ്രകാരമാണ് അവനെ ഓള്‍ട്ടര്‍ ബോയ് ആകാന്‍ അനുവദിച്ചത്. ഒരു കായികതാരത്തിനൊത്ത ശാരീരിക മാനസിക കൃത്യനിഷ്ഠ ആത്മീയകാര്യങ്ങളിലും അനുഷ്ഠിക്കുന്നതിനാലാകണം അവന് ഇന്ന് ചേരാനല്ലൂര്‍ നിത്യസഹായമാതാ ഇടവക പള്ളിയിലെ ഓര്‍ട്ടര്‍ ബോയ്സിന്റെ പ്രസിഡണ്ടാണ്.
ബൈബിളിലെ മര്‍ക്കോസിന്റെ സുവിശേഷം പകര്‍ത്തിയെഴുതിയതിന് തെരേസയും നഥാനിയായും ഇവാനിയോയും ഇടവക ദേവാലയത്തില്‍ ഈയിടെ ആദരിക്കപ്പെടുകയുണ്ടായി.
അര്‍പ്പണബോധമുള്ള മാതാപിതാക്കളുടെ മക്കള്‍ ലോകത്തോളം വളര്‍ന്നതിന് ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. വര്‍ത്തമാനകാലത്തും ആ നീതിശാസ്ത്രത്തിന്റെ അജയ്യത തുടരുന്നതിന്റെ മികവുറ്റ ഉദാഹരണമാണ് നഥാനിയ.
ജന്മമേകിയ അപ്പനമ്മമാരുടെ അധ്വാന വിയര്‍പ്പിന്റെയും നെഞ്ചിനുള്ളിലെരിയുന്ന തീയുടെ ചൂടിന്റെയും വിലയറിയുന്ന ഈ മക്കള്‍ക്ക് ഒരേ ഒരു ആഗ്രഹയുള്ളു. ആ കണ്ണുകളില്‍ നിന്നും നൈരാശ്യത്തിന്റെ ഒരു തുള്ളി കണ്ണുനീരുപോലും തൂവാന്‍ ഒരിക്കലും ഇടയാകരുതേ. അപ്പന്റെ നിശ്വാസത്തിലുറച്ചിരിക്കുന്ന തന്നെക്കുറിച്ചുള്ള സ്വപ്നത്തിന് തന്റെ അക്ഷീണമായ പരിശ്രമത്തിലൂടെ രണ്ട് സുവര്ണ്ണപതക്കങ്ങളും ഓരോ വെള്ളിയും ഓടും നല്കി ആദരിച്ചതിന്റെ സന്തോഷമാണ് നഥാനിയ പങ്ക് വെക്കുന്നത്. ഒപ്പം ഇനിയും വിശാലതയിലേക്ക് കൈകള്‍ വീശി നീന്തണമെന്ന ലക്ഷ്യവും.
‘ഇത് ഞാന്‍ അപ്പന് നല്കിയ വാക്കായിരുന്നു. ഇക്കുറി സ്വര്‍ണ്ണ മെഡല്‍ വാങ്ങുമെന്ന്. ദൈവാനുഗ്രഹത്താല്‍ അത് സാധിച്ചു. ‘
നീന്തലിലെന്നപോലെ പഠനത്തിലും മുന്‍നിരയിലാണ് നഥാനിയ. പ്രധാന അധ്യാപികയായ ഹെലന് പറയുന്നു.
‘ഞാന്‍ ടീച്ചേഴ്സിനോടെല്ലാം അവളുടെ പഠന മികവിനെക്കുറിച്ച് അന്വേഷിക്കാറുണ്ട്. എല്ലാവരും ഏറ്റവും മികച്ചതെന്നാണ് പറഞ്ഞിട്ടുള്ളത്. നാളിതുവരെ പൊതുവായി കാണപ്പെടുന്ന കായിക വിദ്യാര്‍ഥികളില്‍ നിന്നും തികച്ചും വിഭിന്നയാണ് നഥാനിയ. മികച്ചൊരു കായികതാരമായിരിക്കെ തന്നെ പഠനത്തില്‍ എപ്പോഴും ഒന്നാം സ്ഥാനം നേടുന്നൊരു വിദ്യാര്ഥിനിയുമാണവള് ‘
നഥാനിയയുടെയും ഇവാനിയോയുടെയും കാര്യത്തില്‍ ഇവിടത്തെ അധ്യാപികമാര്‍ക്കുള്ള ശ്രദ്ധയും കരുതലും മാതൃകാപരമാണ്. ദൂരെ ദേശങ്ങളില്‍ പരിശീലനത്തിനും മത്സരത്തിനുമെല്ലാം പോകുമ്പോള്‍ എടുക്കേണ്ട ചെറിയ മുന്‍കരുതലുകളേക്കുറിച്ചു പോലും വാത്സല്യപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്ന കായിക അധ്യാപികയായ ഷിമ്മി ടീച്ചറെ കണ്ടു. മുന്‍ സംസ്ഥാന വോളിബോള്‍ താരം സേവ്യാര്‍ ലൂയിസിന്റെ മകളും അന്തര്‍ദേശിയ വോളിബോള്‍ റഫറിംഗ് ലൈസന്‍സുമുള്ള ആളാണ് ടീച്ചര്‍.
കരാര്‍ അടിസ്ഥാനത്തില്‍ ചെറിയ ടൈല്‍ ജോലികള്‍ ചെയ്തു കൊടുക്കുന്നതാണ് ആന്റണിയുടെ വരുമാന മാര്‍ഗ്ഗം. അതില്‍ നിന്നുള്ള നീക്കിയിരിപ്പും വായ്പയായി സംഘടിപ്പിക്കുന്ന തുകയും ഉപയോഗിച്ചാണ് മക്കളെ നീന്തല്‍ പരിശീലിക്കാന്‍ വിടുന്നത്.
മാസം, നല്ലൊരു തുക ഇതിന് ആവശ്യമായി വരും. അഞ്ച് വര്‍ഷത്തോളം വൃക്കരോഗവുമായി ജീവിച്ച പിതാവ് കെ.കെ. സേവ്യറിനെ ശുശ്രൂഷിക്കാനായി ജോലിക്കുപോകാനാവാതെ നിന്ന നാളുകളില്‍ പോലും മക്കളുടെ പരിശീലനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും ആന്റണി തയ്യാറായില്ല. പിതാവ് മരിച്ചതിന് ശേഷം അമ്മയായ എലിസബത്തിനും തെരേസയുടെ അമ്മയായ ലില്ലിക്കുമൊപ്പം ആന്റണിയും കുടുംബവും ചേരാനല്ലൂരില്‍ താമസിച്ചു വരുന്നു.
നിലവില്‍ 35 ലക്ഷം രൂപ കടബാധ്യതയുള്ള ഈ കുടുംബം, മക്കളുടെ ശ്രേഷ്ഠമായ ഭാവിയെക്കരുതി അവരുടെ അഭിരുചിക്കനുസരിച്ച് അവരെ വളര്‍ത്താനാണ് പരിശ്രമിക്കുന്നത്.

