പുസ്തകം / ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി
കേരളത്തിലെ അറിയപ്പെടുന്ന കാര്ഡയോളജിസ്റ്റുകളില് ഒരാളാണ് ഡോ. ജോര്‍ജ് തയ്യില്‍. എറണാകുളം ലൂര്‍ദ് ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം സ്ഥാപക മേധാവിയാണദ്ദേഹം. നാലുപതിറ്റാണ്ടായി ഹൃദ്രോഗ ചികിത്സാരംഗത്ത് സജീവ സാന്നിധ്യമായി അദ്ദേഹമുണ്ട്. ജര്‍മനിയില്‍ പഠന-പരിശീലങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ് ആര്‍ച്ച്ബിഷപ് കൊര്‍ണേലിയൂസ്
ഇലഞ്ഞിക്കലിന്റെ താത്പര്യപ്രകാരം ലൂര്‍ദില്‍ സേവനശുശ്രുഷകളാരംഭിക്കുന്നത്. ചികിത്സാ വൈദഗ്ധ്യം കൊണ്ടും സ്നേഹാര്‍ദ്രമായ സമീപനം കൊണ്ടും ഏറെ ജനപ്രിയത അദ്ദേഹം നേടിയിട്ടുണ്ട്. ഹൃദ്രോഗം, പ്രതിവിധി, മുന്‍കരുതലുകള്‍ എന്നിവ ആസ്പദമാക്കി നാലഞ്ച് ഈടുറ്റ പഠനഗ്രന്ഥങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചുകഴിഞ്ഞു.
കോട്ടയം ഡിസി ബുക്ക്സാണ് എല്ലാറ്റിന്റെയും പ്രസാധകര്. വായനക്കാര്‍ക്കു സവിശേഷമായും സ്വീകാര്യമാകുന്ന ഈ ഗ്രന്ഥങ്ങള്‍, ബെസ്റ്റ്സെല്ലര് വിഭാ
ഗത്തില്‍ വരുന്നതു മുന്‍നിര്‍ത്തി പ്രസാധകര് അവാര്‍ഡുകള്‍ നല്കിയിയിട്ടുണ്ട്.
വിഷയം ഒന്നുതന്നെയാണെങ്കിലും ഹൃദയസംബന്ധിയായ പ്രശ്നങ്ങളുടെ നൂതനവിവരണശേഖരണത്തില് ഡോ. തയ്യില്‍ പുലര്‍ത്തുന്ന തീക്ഷ്ണതയാണ് ഈ കൃതികള്‍ ആകര്‍ഷകവും സ്വീകാര്യവുമാക്കുന്നതിലെ നിയാമകഘടകം. തിര
ക്കിട്ട ചികിത്സാ മണിക്കൂറുകള്‍ക്കിടയില്‍, ഈ മേഖലയിലെ ഏറ്റവും നവീനമായ ചലനങ്ങള്‍പോലും ഒപ്പിയെടുക്കാന്‍ ഡോ. തയ്യില്‍ അതികര്‍ക്കശമായ നിഷ്ഠയും നിര്‍ബന്ധവും പുലര്‍ത്തുന്നു.
പുതിയ പുതിയ രോഗങ്ങള്‍ ദിനേനയെന്നോണം പ്രത്യക്ഷപ്പെടുന്ന ഇക്കാലത്ത് നമ്മെ ഏറെ അസ്വസ്ഥമാക്കുന്നത് ഹൃദയവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാണ്. ലോകാരോഗ്യസംഘടനയുടെ വീക്ഷണത്തില്‍, ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള രാജ്യങ്ങളില്‍ ഇന്ത്യ വരുന്നുണ്ട്. ഹൃദ്രോഗജന്യമായ മരണങ്ങള് ഇവിടെ ക്രമാധികം വര്‍ധിച്ചുവരുന്നു. രോഗം വന്നിട്ടു ചികിത്സിക്കുകയല്ലല്ലോ, രോഗനിരോധന സംരംഭങ്ങളില്‍ ശ്രദ്ധയൂന്നുന്നതല്ലേ അഭികാമ്യം? തന്മൂലം, ഹൃദയബന്ധരോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ അവബോധവും പ്രതിരോധനടപടിക്രമങ്ങളും സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തലുമാണിവിടെ വേണ്ടത്. അത്തരം ചിന്തകള്‍ പുരസ്കരിച്ചാണ് ഡോ. തയ്യില്‍ ശാസ്ത്രാനുരോധിയായ ഈ ഗ്രന്ഥരചന നിര്‍വഹിക്കുന്നത്.
ഹൃദ്രോഗബാധയെപ്പറ്റി കടുത്ത ഭയപ്പാടോടെയാണ് പൊതുസമൂഹം ചിന്തിക്കുന്നതു തന്നെ. അതുകൊണ്ട് ഹൃദ്രോഗഭയം കൂടാതെ ജീവിക്കാനുള്ള സുഗമമാര്ഗങ്ങളെപ്പറ്റി സംസാരിക്കാനാണ് ഡോ. തയ്യില്‍ ശ്രമിക്കുന്നത്. വിവരണാത്മകവും ആഖ്യാനസ്വഭാവിയുമായ രചനാതന്ത്രത്തിനുപുറമേ ചോദ്യോത്തരരൂപേണയുള്ള സമീപനശൈലിയും ഗ്രന്ഥത്തില്‍ സ്വീകരിച്ചിരി
ക്കുന്നു. രോഗിക്ക് തന്റെ രോഗത്തെക്കുറിച്ച് ഉത്കണ്ഠാമിശ്രിതമായ ഒട്ടേറെ സംശയങ്ങളുണ്ട്. ഇത്തരം പല സംശയങ്ങളും മിക്ക രോഗികള്‍ക്കും ഡോക്ടര്‍മാരുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയാറില്ല. രോഗവിവരനിവേദനത്തിലുള്ള സൂക്ഷ്മതയും വൈശദ്യവും രോഗിയുടെ പക്ഷത്തുനിന്നുണ്ടായാല്, ഡോക്ടര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. അത് സാധ്യമാകാതെ വരുമ്പോള്‍ ഒരു ശരാശരി ഡോക്ടര്‍, കിട്ടുന്ന വിവരം വച്ച് ചികിത്സ നിശ്ചയിക്കുകയും മരുന്നുകള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ആപത്കരമാണ് ഈ സ്ഥിതിവിശേഷം.

ഡോ. ജോര്‍ജ് തയ്യില്‍
രോഗവിവരം യഥാതഥം അവതരിക്കപ്പെടാതിരുന്നാല്, ചികിത്സാവിധികളില്‍ ഡോക്ടര്‍ അപഥസഞ്ചാരിയാകും എന്നു മറക്കാതിരിക്കുക.
ആധുനിക വൈദ്യശാസ്ത്രമേഖലയില്‍, പ്രത്യേകിച്ച് ഹൃദ്രോഗപരിചരണ രംഗത്ത്, ലോകത്തില്‍ നടക്കുന്ന ഏറ്റവും നവീനമായ ചലനങ്ങള്‍പോലും വിശദമായി മനസ്സിലാക്കാന്‍ ഡോ. തയ്യില്‍ കിട്ടാവുന്നത്ര മെഡിക്കല്‍ ജേര്‍ണലുകള്‍ പഠിക്കുന്നതില്‍ നിതാന്തജാഗ്രരൂകത എന്നും പുലര്‍ത്തുന്നു. ഇതാണദ്ദേഹത്തെ വ്യത്യസ്തനും പ്രതിഭാധനനുമായി നിര്‍ത്തുന്ന ഘടകം. വൈദ്യശാസ്ത്രത്തിന്റെ ഏതു വിഭാഗത്തിലായാലും ഈ ഒരു ഗുണം നിലനിര്‍ത്തുന്ന ഡോക്ടര്‍മാരുടെ നിരയ്ക്ക് നീളം കുറഞ്ഞുവരുന്നു എന്നതാണ് പരിതാപാര്ഹമായ സത്യം. ഡോ. തയ്യില്‍ അതിനൊരു അപവാദമത്രേ. ഉന്നത ബിരുദങ്ങളുണ്ടായിട്ടും മൂന്നുനാലു പതിറ്റാണ്ടിലേറെക്കാലത്തെ പരിചയ സമ്പന്നതയുണ്ടായിട്ടും വിജ്ഞാനദാഹിയായ ഒരു വിദ്യാര്‍ഥിയുടെ പക്വമനസ്സോടെ അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നു.
രാഷ്ട്രാന്തരീയ നിലവാരത്തിലുള്ള നൂറുകണക്കിന് പ്രൗഢമായ പഠനങ്ങള്‍ സ്വാംശീകരിച്ചാണ് ഡോക്ടര്‍ തയ്യിലിന്റെ ഗ്രന്ഥരചന. ശേഖരിത വിവരങ്ങള്‍ ലളിതമായും സുഗ്രഹമായും വായനക്കാരനു കിട്ടണം എന്നദ്ദേഹത്തിനു നിര്‍ബന്ധവുമുണ്ട്. അത് വായനക്കാരനു നല്കുന്ന ആശ്വാസവും പ്രത്യാശയും എത്രയോ വലുതാണ്!
ഹാര്‍ട്ടറ്റാക്കുമായി ബന്ധപ്പെട്ടു നടത്തുന്ന ടെസ്റ്റുകള്‍ എന്തൊക്കെയാണെന്നും അവയുടെ ലക്ഷ്യമെന്താണെന്നും അതുവഴി രോഗിക്കുകിട്ടുന്ന ആശ്വാസമെന്താണെന്നും വ്യക്തമാക്കാന്‍ ഡോക്ടര്‍ സദാ ശ്രദ്ധിക്കുന്നുണ്ട്. ചികിത്സാവേളയില്‍, താന്‍ കടന്നുപോകുന്ന വഴികളൊക്കെ ഏതെന്നു മനസിലാക്കാന്‍ രോഗിക്ക് അവകാശമുണ്ടെന്ന വസ്തുത ഡോക്ടര്‍ നിതാരം അംഗീകരിക്കുന്നു.
ഇത് നിര്‍മിത ബുദ്ധിയുടെ കാലവും ലോകവുമാണല്ലോ. ജനതയുടെ ആരോഗ്യഭാവിയുടെ കാര്യത്തില്‍ എ.ഐ. എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നുവരെ ഇവിടെ പ്രതിപാദനമുണ്ട്. ഒട്ടേറെ രേഖാചിത്രങ്ങള്‍, ചാര്‍ട്ടുകള്‍, ഡയഗ്രംസ് എന്നിവ ഈ വരിഷ്ഠഗ്രന്ഥത്തിന്റെ ആധികാരികതയും ശാസ്ത്രീയതയും പുഷ്കലമാക്കുന്നുണ്ട്. ഹൃദ്രോഗ സംക്രമണം നമ്മുടെ
ജീവിതശീലവൈകൃതങ്ങളാല് വര്‍ധമാനമാകുന്ന ഇക്കാലത്ത്, രോഗഭീതി ഒഴിവാക്കി, യാഥാര്‍ഥ്യബോധത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഒരു ഉജ്ജീവനൗഷധിയാണ് ഡോ. ജോര്‍ജ് തയ്യിലിന്റെ ഈ പഠനസമാഹൃതി.

