കൊച്ചി : ആസന്നമായ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രശ്നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാടെടുക്കുവാന്‍ ആഹ്വാ നം ചെയ്ത് ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി.
തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏറെ പ്രാധാന്യം അര്ഹിക്കുതാണ്. ജനാധിപത്യത്തെ കൂടുതല്‍ സജീവമാക്കാനും ശക്തിപ്പെടുത്താനും എല്ലാ ജനവിഭാഗങ്ങള്‍ക്കും സന്തുലിതമായ രീതിയില്‍ അധികാരത്തില്‍ പങ്കാളിത്തവും ആനുപാതികവുമായ പ്രാതിനിധ്യവും ലഭിക്കേണ്ടതുണ്ട്. വിഭജനത്തിന്റെയും വെറുപ്പിന്റെയും വെല്ലുവിളികളും പ്രതിസന്ധികളും നമ്മുടെ സമൂഹം നേരിടുമ്പോള്‍ കൂടുതല്‍ ജാഗ്രതയോടെയും ഐക്യത്തോടെയും ശക്തിയോടെയും മുന്നേറാന്‍ കഴിയണം.
ഡിസംബര്‍ 7 ഞായറാഴ്ച ലത്തീന്‍ സഭയുടെ നയ രൂപീകരണ ഏകോപനസമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ലത്തീന്‍ കത്തോലിക്കാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ഇടയലേഖനത്തിലാണ് ഈ ആഹ്വാനം. കെആര്‍എല്‍സിസിയുടെയും കെആര്‍എല്‍സിബിസിയുടെയും പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍, വൈസ് പ്രസിഡന്റ് ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, സെക്രട്ടറി ജനറല്‍ ക്രിസ്തുദാസ് ആര്. എന്നിവര്‍ ചേര്‍ന്നാണ് ഇടയലേഖനം പുറ പ്പെടുവിച്ചിരിക്കുന്നത്.
നവംബര്‍ 30-ാം തീയതി ഞായറാഴ്ച എല്ലാ ലത്തീന്‍ കത്തോലിക്കാ ഇടവകളിലും ഈ ലേഖനം വായിക്കും.ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ, വിശിഷ്യാ, ലത്തീന്‍ കത്തോലിക്കര്‍, ദലിത് ക്രൈസ്തവര്‍ എന്നിവരുടെ വിദ്യാഭ്യാസ – സാമ്പത്തികപിന്നാക്കാവസ്ഥ, ക്ഷേമം എന്നിവയെ സംബന്ധിച്ച് പഠിച്ച് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനായി നിയമിക്കപ്പെട്ട ജസ്റ്റീസ് ജെ ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ സമക്ഷം സമര്‍പ്പിക്കപ്പെട്ടിട്ട് മൂന്നുവര്ഷത്തിലധികമായിരിക്കുന്നു.
ഈ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും പഠിച്ച് പ്രായോഗികമായ പരിഹാര നടപടികള്‍ കമ്മീഷന് ശുപാര്‍ശകളായി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനോ ശുപാര്‍ശകള്‍ നടപ്പിലാക്കാനോ സര്‍ക്കാര്‍ മുതിരുന്നില്ല എന്നത് ഖേദകരമാണ്. ചില ശുപാര്‍ശകള്‍ നടപ്പിലാക്കിയെന്ന് ഭരണതലത്തില്‍നിന്ന് പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും അവയെ സംബന്ധിച്ച ഒരു വ്യക്തതയും വിവരങ്ങളും ലഭ്യമാക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.വിവിധ പ്രദേശങ്ങളിലെ ലത്തീന്‍ കത്തോലിക്കര്‍ക്ക് സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതില്‍ അനുഭവിക്കുന്ന പ്രതിസന്ധി ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.
പ്രതിബന്ധങ്ങളില്ലാതെ യഥാസമയം ലത്തീന്‍ കത്തോലിക്കര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതിന് ആവശ്യമായ വ്യക്തത വരുത്തി ഒരു സ്പഷ്ടീകരണ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കേണ്ടതുണ്ട്. തീരദേശ ത്തെ നിരവധിയായ പ്രശ്നങ്ങള്‍ ഇന്നും പരിഹരിക്കപ്പെടാതെ തുടരുന്നു . മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിലെ അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല.
ചെല്ലാനം – ഫോര്‍ട്ടുകൊച്ചി തീരം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കടല്‍ത്തീരം സംരക്ഷിക്കാ നായി പ്രഖ്യാപിച്ച പ്രവര്‍ത്തനങ്ങള്‍ക്കാകട്ടെ വേണ്ടത്ര വേഗതയുമില്ല. തീരദേശ ഹൈവേ യുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ആശങ്കകളും വര്‍ദ്ധിക്കുകയാണ്.മലയോരമേഖലയാകെ ഭീതിയിലാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തെ പ്രതിരോധിക്കാനാ വാതെ ഭരണസംവിധാനങ്ങള്‍ നിസംഗരാവുകയാണ്. അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്ത്ത നങ്ങളും അനിയന്ത്രിതമായ മണ്ണെടുപ്പും മലയോരമേഖലയെ ദുര്‍ബലമാക്കിയിരിക്കുന്നു.
ദലിത്ക്രൈസ്തവരുടെ പട്ടികജാതി പദവി അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യമാണിന്നുള്ളത്. ഇക്കാര്യത്തെക്കുറിച്ച് പഠിക്കാനായി രൂപീകരിക്കപ്പെട്ട ജസ്റ്റീസ് ബാലകൃഷ്ണന് കമ്മീഷനു നീട്ടിക്കൊടുക്കപ്പെട്ട കാലാവധിയും പൂര്‍ത്തിയായി കഴിഞ്ഞു. എത്രയുംവേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരാവകാശം, തുല്യനീതി, മതസ്വാതന്ത്ര്യം എന്നിവയുടെ അടിസ്ഥാനത്തില്‍ അനുഭാവ പൂര്‍ണ്ണമായ സമീപനം ഭരണാധികാരികളില്‍ നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു .
അതോടൊപ്പം പരിവര്‍ത്തിത ക്രൈസ്തവവികസന കോര്‍പ്പറേഷന്റെ ബജറ്റ് വിഹിതം വര്‍ദ്ധിപ്പിക്കുകയും ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കള്‍ ദലിത്ക്രൈസ്തവര്‍ മാത്രമായി നിശ്ചയിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു . ലോക്സഭയിലും നിയമസഭകളിലുമുള്ള പ്രാതിനിധ്യം നിഷേധിക്കപ്പെട്ട ആംഗ്ലോ ഇന്ത്യന്‍ ജനവിഭാഗം വലിയ അനീതിയാണ് നേരിടുന്നത്. ഇക്കാര്യത്തില്‍ പുനര്‍വിചിന്തനത്തിന് ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകേണ്ടതാണ്. ബിരുദപഠനത്തില്‍ ആംഗ്ലോ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം എത്രയുംവേഗം നടപ്പിലാക്കണമെന്നും തുടങ്ങി നിരവധി വിഷയങ്ങള്‍ ഇടയലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
മുനമ്പത്തെ ഭൂമിയുടെഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ഈയിടെ പ്രഖ്യാപിച്ച വിധിയെയും തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെയും പ്രതീക്ഷയോടെയാണ് കാണുന്നതെന്നും മെത്രാന്‍സമിതി ചൂണ്ടിക്കാട്ടി.ലത്തീന്‍ കത്തോലിക്കാ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 7-ാം തീയതി എല്ലാ ഇടവകദേവാലയങ്ങളിലും സ്ഥാപനങ്ങളിലും കെആര്‍എല്‍സിസി പതാക ഉയര്‍ത്തും. രൂപതാതലങ്ങളില്‍ വിവിധപരിപാടികള്‍ സംഘടിപ്പിക്കും.
.ജോസഫ് ജൂഡ്ത്തീ
ലത്തീൻ കത്തോലിക്ക സഭാ വക്താവ്

