ആലപ്പുഴ : ആലപ്പുഴ രൂപതയിൽ സമ്പൂർണ്ണ കന്യകാത്വ സമർപ്പണത്തിന്റെ പുതിയ ശുശ്രൂഷാ സരണിയ്ക്ക് (Order of Consecrated Virgins) രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജയിംസ് ആനാപറമ്പിൽ പിതാവ് തുടക്കം കുറിച്ചു.
കലവൂർ ലിറ്റിൽ ഫ്ലവർ ഇടവകാംഗവും കൃപാസനം പ്രേഷിതയുമായ ജോമോളിനെ (എലീശ്വ മറിയം) 2025 നവംബർ 21 ന് പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ ക്രിസ്തുവിന്റെ മണവാട്ടിയും സമ്പൂർണ്ണ സമർപ്പിത കന്യകയുമായി പ്രതിഷ്ഠിച്ചുകൊണ്ടാണ് ഈ പുതിയ ക്രമത്തിനു രൂപതയിൽ സമാരംഭം കുറിച്ചത്.
റവ. സി.ജോമോൾ കൃപാസനം OCV വരാപ്പുഴ അതിരൂപതയിലെ എട്ടേക്കർ സെന്റ് ജൂഡ് ഇടവകയിൽ കോരമംഗലത്തു വീട്ടിൽ ജോസഫ് സേവ്യറിന്റെയും മേരി ജോസഫിന്റെയും മൂന്നു പെണ്മക്കളിൽ ഏറ്റവും ഇളയതായി 1988 നവംബർ 22നു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസങ്ങൾക്കുശേഷം MG Universityയിൽ നിന്നും BSc നേഴ്സിംഗ് പഠനം പൂർത്തിയാക്കി.
തന്റെ 23മത്തെ വയസ്സിൽ 2012ൽ കൃപാസനത്തിൽവെച്ചു കൂടിയ മരിയൻ തപസ് ധ്യാനത്തിലാണ് ഒരു മരിയൻ മിഷനറിയായി സ്വജീവിതം സമർപ്പിക്കുന്നതിനുള്ള ആന്തരിക പ്രചോദനവും ദൈവവിളിയും സ്വീകരിക്കുന്നത്. തുടർന്ന് കൃപാസനം സ്ഥാപക ഡയറക്ടർ ഫാ. ഡോ. വി. പി. ജോസഫ് വലിയവീട്ടിലിന്റെ ആത്മീയ ശിക്ഷണത്തിൽ മധ്യസ്ഥ പ്രാർത്ഥന ടീം അംഗം, കൃപാസനം മീഡിയ & പബ്ലിക്കേഷൻ സെക്രട്ടറി, മരിയൻ ഉടമ്പടി ധ്യാനങ്ങളുടെ സഹശുശ്രൂഷക എന്നീ നിലകളിൽ സേവനം ചെയ്തു വരുന്നു.
ആലപ്പുഴയിലെ തിരുഹൃദയ സെമിനാരി ചാപ്പലിൽ വെച്ചു നടന്ന പൊന്തിഫിക്കൽ ദിവ്യബലിയ്ക്കും പ്രതിഷ്ഠാപന കർമ്മത്തിനും ആലപ്പുഴ രൂപത മെത്രാൻ റൈറ്റ് റവ. ഡോ. ജയിംസ് ആനാ പറമ്പിൽ പിതാവ് മുഖ്യകർമികത്വം വഹിച്ചു. കൃപാസനം ഡയറക്ടറും ജോമോളുടെ ആത്മീയപിതാവുമായ ഫാ. ഡോ. വി. പി. ജോസഫ് വലിയവീട്ടിൽ അവരോധന കർമ്മത്തിനായി അർത്ഥിനിയെ പേരുചൊല്ലി വിളിച്ചു. ആത്മീയ പരിശീലക വെരി റവ സി. മാർഗ്രറ്റ് പീറ്റർ സഹയാത്രികയായി.
രൂപത വികാരി ജനറൽ വെരി. റവ. മോൺ. ജോയ് പുത്തൻവീട്ടിൽ, ജുഡീഷ്യൽ വികാർ വെരി. റവ. ഡോ. യേശുദാസ് കാട്ടുങ്കൽത്തൈയ്യിൽ, ചാൻസിലർ വെരി റവ. ഫാ. ജൂഡ് കൊണ്ടപ്പശ്ശേരിൽ, എപ്പിസ്കോപ്പൽ വികാർ ഫോർ റിലിജിയസ് വെരി റവ. ഫാ. സൈമൺ കുരിശിങ്കൽ, എന്നിവർ സഹകാർമ്മികരായി.

