പുസ്തകം /ഫാ. പീറ്റര്‍ കൊച്ചുവീട്ടില്‍
(ഡയറക്ടര്‍, ഹെറിറ്റേജ് കമ്മീഷന് വരാപ്പുഴ അതിരൂപത)
മിഷണറി വ്യാകരണത്തിന്റേയും ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകളുടെ ആധുനിക മലയാള ഭാഷാന്തരണത്തിന്റേയും ഗ്രന്ഥകര്‍ത്താവായ ഡോ. പ്രീമൂസ് പെരിഞ്ചേരിയുടെ തൂലികയില്‍നിന്നും അടര്‍ന്നുവീണ ഏറ്റവും പുതിയ ഗ്രന്ഥമാണ് ‘പുണ്യം പൂക്കുന്ന വാകമരം ദൈവദാസന് ജോര്‍ജ് വാകയിലച്ചന്‍ ഒരു ചരിത്രവായന’ എന്ന ആത്മീയ ചരിത്രഗ്രന്ഥം. നാലു കാണ്ഡങ്ങളായി തിരിച്ചുകൊണ്ടാണ് ഗ്രന്ഥകര്‍ത്താവ് വാകയിലച്ചന്റെ ജീവചരിത്രം അവതരിപ്പിക്കുന്നത്. പതിനേഴാം നൂറ്റാണ്ടുമുതലുള്ള കേരളസഭയുടെ സിരാകേന്ദ്രവും ഉദാത്താതീദീര്ഘമായ ചരിത്രപൈതൃകവും സംഭവപരമ്പരകളും അരങ്ങേറിയ പുണ്യഭൂമിയാണ് വരാപ്പുഴ. കേരള സഭയില്‍ ഉടലെടുത്തകര്മ്മലീത്താദ്ധ്യാത്മികതയുടെ പ്രഭവഭൂമിയാണ് പ്രസ്തുത വരാപ്പുഴ.
ഈ വരാപ്പുഴയെ കുറിച്ചുള്ള ചരിത്രോല്ഗ്രഥനമാണ് ഗ്രന്ഥത്തിലെ ഒന്നാം കാണ്ഡത്തിലെ വിഷയം. പ്രസ്തുത കര്മ്മലീത്താദ്ധ്യാത്മികത ഈ പ്രഭവഭൂമിയും കടന്ന് വാകയിലച്ചന്റെ ജന്മഭൂമിയായ കൂനമ്മാവില്‍ പ്രസരിച്ചതെങ്ങനെയെന്ന് രണ്ടാം കാണ്ഡത്തില്‍ ഗ്രന്ഥകര്‍ത്താവ് വിവരിക്കുന്നു.
ഇന്നത്തെ വിജയപുരം രൂപതയുടെ പ്രാഗ്രൂപമായ കോട്ടയം മിഷനില്‍ കര്‍മ്മലീത്താ പ്രേഷിത ചൈതന്യം പ്രോജ്വലിക്കപ്പെട്ടപ്പോള് വരാപ്പുഴ വികാരിയത്തിന്റെ കിഴക്ക് തെക്ക് ഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന ഈ പ്രദേശം അനേകം സ്വദേശീയരുടേയും വിദേശീയരുടേയും പ്രേഷിതഭൂമിയായി എങ്ങനെ പരിണമിച്ചു എന്ന ചരിത്രമാണ് ഈ ഗ്രന്ഥത്തിന്റെ മൂന്നാംകാണ്ഡം. പ്രസ്തുത കര്‍മ്മലീത്താ ചൈതന്യം ഉള്ളില്‍ ആവാഹിച്ച വാകയിലച്ചന്‍ മരട് മൂത്തേടം ഇടവകയില്‍ തന്റെ ജീവിതത്തിന്റെ അവസാന ദശകങ്ങളില്‍ നടത്തിയ അജപാലന കര്‍മ്മഭൂമിയുടെ അതിമനോഹരമായ അവലോകനമാണ് ഗ്രന്ഥത്തിന്റെ നാലാം കാണ്ഡം. ഈ നാലു ഭൂമികകളെ ഒന്നിപ്പിക്കുന്ന ആത്മീയ തന്തുവാകട്ടെ 1656-ല്‍ ആരംഭിച്ചതും 1665-ല്‍ റോമില്‍ തിരിച്ചെത്തുന്നതും
വരെയുള്ള സുദീര്‍ഘവും കഷ്ടതകള്‍ നിറഞ്ഞതുമായ മലബാര്‍ വികാരിയത്തിന്റെ പ്രഥമ വികാരി അപ്പസ്തോലിക്കയായ മോണ്‍സിഞ്ഞോര്‍ സെബസ്ത്യാനിയുടെ പ്രേഷിതപ്രയാണങ്ങള് അല്ലാതെ മറ്റെന്താണ്?
1673-ല്‍ ആരംഭിച്ച വരാപ്പുഴ പള്ളി, ആശ്രമം, സെമിനാരി തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നും ജന്മംകൊണ്ട കേരളസഭയിലെ ക്രൈസ്തവ സമൂഹങ്ങളും, പള്ളികളും, ആശ്രമങ്ങളും സെമിനാരികളും, പള്ളിക്കൊപ്പം പള്ളിക്കൂടങ്ങളും, മറ്റു കത്തോ
ലിക്കാ സംഘടനകളും പ്രസ്ഥാനങ്ങളും, വിശുദ്ധന്മാരും, വാഴ്ത്തപ്പെട്ടവരും, ധന്യന്മാരും, ദൈവദാസന്മാരും ദാസിമാരും, മിഷനറിമാരും, സന്ന്യാസിനിസന്ന്യാസികളും, അല്മായരും, പൗരോഹിത്യ ദൈവവിളികളും, രൂപതകളും എത്രയെണ്ണമായിരിക്കുമെന്ന് ഈ ഗ്രന്ഥത്തിന്റെ വായനക്കാരെ പറഞ്ഞറിയിക്കേണ്ടതില്ല.
കേരളത്തില്‍ കര്‍മ്മലീത്താ മിഷണറിമാരുടെ ശുശ്രൂഷകള്‍ ദൈവത്തിനു പ്രീതികരമായ ഹനനയാഗങ്ങളും സുരഭിലകാഴ്ചകളുമായി മാറിയത് വരാപ്പുഴയിലൂടെയാണെന്നും, കര്‍മ്മലീത്തരുടെ കേരളസഭാനവീകരണങ്ങള് സൂര്യചന്ദ്രതാരങ്ങള് ഉള്ളിടത്തോളം കാലം വാഴ്ത്തപ്പെടുമെന്നുമുള്ള ഗ്രന്ഥകാരന്റെ ഒറ്റ നിരീക്ഷണം മാത്രം മതി വരാപ്പുഴ പ്രഭവഭൂമിയെന്ന ഒന്നാം കാണ്ഡത്തിന്റെ പ്രസക്തി അനുവാചകര്‍ക്ക് മനസ്സിലാക്കുവാന്‍.
ജോര്‍ജ് വാകയിലച്ചന്റെ ജന്മഭൂമി കേരളസഭാ ചരിത്രത്തിലെ സുപ്രസിദ്ധമായ കൂനമ്മാവാണ്. 1883-ല്‍ ജനിച്ച അദ്ദേഹം,
1912-ല്‍ വരാപ്പുഴ അതിരൂപതാ വൈദികനായി ഏകദേശം ഒരു വര്‍ഷത്തോളം ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍ ഇടവകയില്‍ തന്റെ പൗരോഹിത്യത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കാന്‍ തുടങ്ങി. പുരുഷന്മാരുടേയും സ്ത്രീകളുടേയും കര്മ്മലീത്താസഭക
ളുടെ പിള്ളത്തൊട്ടില്‍ എന്ന അഭിധാനത്തിന് അര്‍ഹയാണ് കൂനമ്മാവ്. 1837-ല്‍ ആരംഭിച്ച കൂനമ്മാവിലെ ലത്തീന്‍ കര്മ്മലീത്താശ്രമം, 1866-ല്‍ ധന്യ ഏലീശ്വമ്മയാല് സ്ഥാപിതമായ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രഥമമഠം, കൂനമ്മാവ് ഹൈസ്കൂള്‍, മുദ്രണാലയം, സത്യനാദകാഹളം എന്ന പത്രം, നാല്പതുമണി ആരാധന തുടങ്ങിയ ആത്മീയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാലും പ്രസിദ്ധീകരണ പ്രസ്ഥാനങ്ങളാലും ശോഭിച്ചുനിന്നിരുന്ന ഒരു ദേശമാണ് കൂനമ്മാവ്. ദൈവദാസന് വാകയിലച്ചന്റെ ഈ ജന്മഭൂമിയുടെ ചരിത്രം ഗ്രന്ഥത്തിന്റെ രണ്ടാം കാണ്ഡത്തില്‍ ഡോ. പ്രീമൂസ് പെരിഞ്ചേരി വിവരിക്കുന്നത് ഏറെ വസ്തുനിഷ്ഠവും സ്പഷ്ടവുമാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
എന്നാല്‍ കൂനമ്മാവിന്റെ ഖ്യാതിക്ക് ഹേതുവായ മറ്റൊരു ചരിത്രവസ്തുത 1864 മുതല്‍ 1871-ല്‍ അദ്ദേഹം മരിക്കുന്നതുവരെയുള്ള കാലയളവില്‍ കൂനമ്മാവിലാണ് വിശുദ്ധ ചാവറയച്ചന് ജീവിച്ചിരുന്നതെന്നും അദ്ദേഹത്തിന്റെ കബറിടം കൂനമ്മാവ് സെന്റ്
ഫിലോമിനാസ് പള്ളിയിലാണ് സ്ഥിതിചെയ്യുന്നുവെന്നുള്ള ഗ്രന്ഥകര്‍ത്താവിന്റെ നിരീക്ഷണം പക്ഷപാതരഹിതമാണ്.
1912 മുതല്‍ 1957 വരെ ഏകദേശം അരനൂറ്റാണ്ടുകാലം കേരളസഭയില്‍ പ്രവര്‍ത്തനനിരതരായിരുന്ന ധന്യരായ സഖറിയാസച്ചനും ഔറേലീയൂസച്ചനും കൊളുത്തിയ പ്രേഷിതാഗ്നി കേരളസഭയിലെ യുവതീയുവാക്കള്‍ ഏറ്റെടുത്ത ചരിത്രം സുവിദിതമാണ്. എന്നാല്‍ അതിലും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ വരാപ്പുഴ അതിരൂപതാംഗവും വടക്കന്പള്ളിപ്പുറം ഇടവകക്കാരനു
മായ ബ്രദര്‍ റോക്കി പാലക്കല്‍ ‘നല്ലിടയന് ഈശോയ്ക്ക് ആത്മാക്കളെ നേടണം’ എന്നുളള ആത്മീയാഭിനിവേശത്താല് ഇറങ്ങി പുറപ്പെട്ട് വരാപ്പുഴ അതിരൂപതയുടെ കിഴക്ക്-തെക്ക് പ്രദേശങ്ങളില്‍ നടത്തിയ മിഷണറി പ്രവര്‍ത്തനം ആരേയാണ് പുളകം
കൊള്ളിക്കാത്തത്?
ഗ്രന്ഥകര്‍ത്താവിന്റെ തൂലികയില്‍നിന്നും ഉതിര്‍ന്ന ബ്ര. റോക്കിയുടെ ഒരു വാക്ചിത്രം മനോഹരമായിരിക്കുന്നു. ‘ അപാരമായിരുന്നു റോക്കിയുടെ പ്രേഷിത തീക്ഷ്ണത; അശ്രുതപൂര്വമായിരുന്നു അദ്ദേഹ ത്തിന്റെ സ്ഥിതപ്രജ്ഞ; അവിശ്വസനീയമായിരുന്നു അദ്ദേഹത്തിലൂടെ സത്യവിശ്വാസത്തിന്റെ പ്രകാശസ്ഥലികളില് എത്തിച്ചേര്‍ന്നവരുടെ എണ്ണം’ അതാണ് ഇന്നത്തെ വിജയപുരം രൂപത. സ്വദേശീയരായ അനേകം വരാപ്പുഴ വൈദികരും പ്രത്യേകിച്ച് ഫാ. ജോസഫ് ആ സാന്തമരിയ, ഫാ. റാഫേല്‍ മന്ത്ര, ഫാ. തോമസ് റോച്ച, ഫാ. കൊറയ, ഫാ. തോമസ് റൈസ്ലാണ്ടര്, ഫാ. സെബാസ്റ്റിന് വെസ്റ്റര്മെയര്, ഫാ. ജോസഫ് മുണ്ടന്ചേരിയും, വിദേശീയരായ അനേകം മിഷനറിമാരും, പ്രത്യേകിച്ച് വരാപ്പുഴ മെത്രാപ്പോലീത്തയായ ബെര്‍ണാര്‍ദ് അര്ഗിന്സ്വോണീസ് തുടങ്ങിയവരും ബ്ര. റോക്കിയുടെ പ്രേഷിതാഭിമുഖ്യത്തില് പങ്കുചേര്‍ന്നപ്പോള്‍, സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ-ആത്മീയ ഉയിര്ത്തെഴുന്നേല്പിനായി നൂറ്റാണ്ടുകളായി കാത്തുകിടന്നിരുന്ന ജാതി വിഭാഗങ്ങളുടേയും ഭിന്നവര്ഗ്ഗങ്ങളുടേയും ഇടയില്‍ സംജാതമായ പരിവര്‍ത്തനം വര്ണനാതീതമായിരിക്കുന്നു!
ഇപ്രകാരം വിദേശികളാലും സ്വദേശികളാലും ഉഴുതുമറിഞ്ഞ് കിടന്നിരുന്ന പ്രേഷിതഭൂമിയുടെ ചരിത്രമാണ് ഗ്രന്ഥകര്‍ത്താവ് പ്രസ്തുതഗ്രന്ഥത്തില്‍ വിവരിക്കുന്ന മൂന്നാം കാണ്ഡം. ഈ പ്രേഷിതഭൂമിയില്‍ ദൈവദാസന് 1913 മുതല്‍ 1922 വരെയുള്ള വര്‍ഷങ്ങളില്‍ കര്മ്മലീത്തരുടേയും, വിശിഷ്യ ബ്ര. റോക്കിയുടേയും ആത്മാക്കള്‍ക്കുവേണ്ടിയുള്ള ദാഹത്തില്‍ പങ്കുപറ്റിക്കൊണ്ട് അതി
നായി അഹോരാത്രം അധ്വാനിച്ച ചരിത്രം പ്രീമൂസ് തന്റെ ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗത്ത് വിവരിക്കുന്നത് ചേതോഹരമായിരിക്കുന്നു. ദൈവത്തിന്റെ മക്കളായി പുനര്ജന്മം പ്രാപിച്ച വലിയ ഗണം ആത്മാക്കളെ കോട്ടയം നല്ലിടയന് പള്ളി, കുറിച്ചി, നാട്ടകം എന്നീ സ്ഥലങ്ങളില്‍ നേടിക്കൊണ്ടിരിക്കുമ്പോഴാണ് പുണ്യപുരുഷന് സൈക്കിള്‍ അപകടം നേരിടുന്നതും, തന്റെ അതിരൂപതയിലേക്കും, വിശിഷ്യ അവസാനദശകങ്ങള്‍ ജീവിക്കുവാന്‍ ഭാഗ്യം ലഭിച്ച മരട് മൂത്തേടം സെന്റ് മേരിമാഗ്ദലിന്‍ ഇടവകയിലേക്കും ദൈവപരിപാലന അദ്ദേഹത്തെ നയിക്കുന്നത്.
മരട് മൂത്തേടത്ത് 1922 മുതല്‍ 1931 നവംബര്‍ 4-ാം തീയതിയില്‍ നടന്ന ദൈവദാസന്റെ മഹാച്ചരമംവരെയുള്ള പുണ്യജീവിതചരിത്രമാണ് തന്റെ ഗ്രന്ഥത്തിന്റെ നാലാം കാണ്ഡത്തില്‍ ഗ്രന്ഥകര്‍ത്താവ് സമഗ്രമായി വിവരിക്കുന്നത്. വാകയിലച്ചന്റെ മൂത്തേടത്തെ ജീവിതവും അജപാലനശുശ്രൂഷയും വിവരിക്കുവാന്‍ വേദപുസ്തകത്തില്‍നിന്നും കടമെടുക്കുന്ന രണ്ട് ചിത്രങ്ങള്‍ മതിയാകും പുണ്യം പൂക്കുന്ന വാകമരത്തിന്റെ ആസ്വാദ്യത വായനക്കാര്‍ക്ക് ലഭിക്കുവാന്‍. മൂത്തേടത്തെ വാകയിലച്ചന്റെ ആദ്യനാളുകളില്‍ ദൈവദാസനനുഭവപ്പെട്ട നിസ്സഹായതയും നിസ്സംഗതയും ആത്മീയ വരള്‍ച്ചയും വിവരിക്കുവാന്‍ മത്തായി 11:17 ഉപയോഗിച്ചിരിക്കുന്നത് എത്ര അന്വര്ത്ഥമായിരിക്കുന്നുവെന്ന് നോക്കുക:
‘ഞങ്ങള്‍ കുഴലൂതി, നിങ്ങള്‍ നൃത്തം ചെയ്തില്ല; ഞങ്ങള്‍ വിലാപഗാനം ആലപിച്ചു, നിങ്ങള്‍ കരഞ്ഞില്ല.’ എന്നാല്‍ ഏറെ താമസിയാതെ തന്നെ ലെബനനിലെ ദേവദാരുക്കള്‍ പൂവും കായും ചൂടുന്നതുപോലെയും തോട്ടത്തില്‍ നിറയെ അത്തിപ്പഴങ്ങളും മുന്തിരിക്കുലകളും കായ്ക്കുന്നതുപോലെയും മൂത്തേടം ഇടവക ആത്മീയ പുഷ്പങ്ങളും ഫലങ്ങളും ചൂടാന്‍ തുടങ്ങിയതായി അച്ചന് അനുഭവപ്പെടാന്‍ തുടങ്ങി. തല്‍ഫലമായി ജോര്‍ജ് വാകയില്‍ എന്ന ഇടവക വികാരിയച്ചന് ‘അച്ചന് പുണ്യാളന്’ എന്ന അപരനാമത്താല്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ പരി
ണാമം പ്രാപിക്കുന്നതിന്റെ സുന്ദരമായ ചരിത്രമാണ് ഡോ. പ്രീമൂസ് പെരിഞ്ചേരിയുടെ ഈ ഗ്രന്ഥത്തിന്റെ നാലാം കാണ്ഡം. മരട് മൂത്തേടം ഇടവകയില്‍ വാകയിലച്ചന്റെ വിശുദ്ധ ജീവിതംവഴി സംഭവിച്ച അത്ഭുതകരവും അസാധാരണവുമായ കാര്യങ്ങള്‍ അറിയുവാന്‍ വായനക്കാര്‍ക്ക് വിടുന്നു.
മരട് മൂത്തേടം ഇടവക പുരാതന വെണ്ടുരുത്തി ഇടവകയില്‍പ്പെട്ട പൂര്വക്രൈസ്തവരുടെ ഒരു പ്രധാന സങ്കേതമാണ്. കൊച്ചീരാജ്യത്തിലേക്ക് സാമൂതിരി കടന്നുകയറുവാന്‍ ഉപയോഗിച്ചിരുന്ന ജലപാത ഇതിനരികിലാണ്. പില്കാലത്ത് നിര്‍മിക്കപ്പെട്ട കൊച്ചീരാജാവിന്റെ ഇരിപ്പിടമായ രാജകൊട്ടാരം ഈ ഇടവകയുടെ ചാരെയാണ്. ഭൂമിശാസ്ത്രപരമായി ഇന്നും വളരെ തന്ത്രപ്ര
ധാനമായ ഒരു സ്ഥാനം ഈ ഇടവകയ്ക്കുണ്ട്. അച്ചന് പുണ്യാളന് തന്റെ മാനുഷിക-ദൈവിക പുണ്യജീവിതം വഴി വളര്‍ത്തിയെടുത്ത ഈ ഇടവകസമൂഹവും ദേവാലയവും അനുബന്ധസ്ഥാപനങ്ങളും വിശിഷ്യ അദ്ദേഹത്തിന്റെ കബറിടവും കൊച്ചി-ധനുഷ്കോടി ഹൈവേയില്‍ തലയുയര്‍ത്തി നില്ക്കുന്നു.
പുണ്യം പൂക്കുന്ന വാകമരം ദൈവദാസന് ജോര്‍ജ് വാകയിലച്ചന്‍ ഒരു ചരിത്രവായന’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുവാന്‍ ഡോ. പ്രീമൂസ് നടത്തിയ കഠിനാധ്വാനത്തെ എത്രമാത്രം അഭിനന്ദിച്ചാലും മതിയാകുകയില്ല. വായനക്കാരെ വളരെ വിശാലമായ ചരിത്രവായനയിലേക്ക് ഈ ഗ്രന്ഥം ക്ഷണിക്കുന്നു. ഭൂമിയുടെ മധ്യേ (മെഡിറ്ററേനിയന്‍ എന്നര്‍ഥമുള്ള മധ്യധരണ്യാഴി പ്രദേശത്ത് സംഭവിച്ച ക്രിസ്തുസംഭവത്തിന്റെ പ്രഭവഭൂമിയായ ജെറുസലേമില്‍നിന്നും നമ്മുടെ പുണ്യഭാരതത്തിലേക്ക് കടന്നുവന്ന ക്രൈസ്തവ വിശ്വാസം പില്ക്കാലത്ത് പ്രത്യേകിച്ച് കേരളത്തില്‍ എത്ര ഉപ-പ്രഭവഭൂമികള്ക്ക് ജന്മം നല്കുകയുണ്ടായി.
അതില്‍പ്പെട്ട ഭൂമികകളാണ് വരാപ്പുഴയും കൂനമ്മാവും കോട്ടയവും (മാന്നാനവും), മരട് മൂത്തേടം ഇടവകപോലുള്ള പുരാതന ക്രൈസ്തവ സമൂഹങ്ങളും, അതൊടൊപ്പം അച്ചന് പുണ്യാളന്മാരും പുണ്യവതികളും! ആ തലമുറയില്‍പ്പെട്ടവരാണ് വിശുദ്ധ ചാവറ കുര്യാക്കോസച്ചനും വാഴ്ത്തപ്പെട്ട ഏലീശ്വാമ്മയും വിശുദ്ധ എവുപ്രാസിയാമ്മയും ദൈവദാസന് ജോര്‍ജ് വാകയിലച്ചനും. ഇവരെല്ലാം വരാപ്പുഴയും കൂനമ്മാവും കോട്ടയവും മൂത്തേടം പോലെയുള്ള അവരുടേതായ ഇടവകകളുമായി ആത്മീയമായി ബന്ധപ്പെട്ടിരിക്കുന്നു. ആധുനിക മലയാളവും പ്രാചീന മലയാളവും മിഷണറി മലയാളവും മലയാള ഗ്രാമീണശൈലികളും കോര്‍ത്തിണക്കിക്കൊണ്ട് ഡോ. പ്രീമൂസ് പെരിഞ്ചേരി രചിച്ച പുണ്യം പൂക്കുന്ന വാകമരത്തിന് നൂറ്റ്നൂറ് അഭിനന്ദനങ്ങള്‍! ഗ്രന്ഥത്തിന് പ്രചുരപ്രചാരം നേരുന്നു!

