കേരള സഭയിലെ ആദ്യ സന്ന്യാസിനി

കൊച്ചി:കേരള സഭയിലെ ആദ്യ സന്ന്യാസിനിയും, ഇന്ത്യയിലെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപികയുമായ മദര്‍ ഏലീശ്വായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നു.
. മദർ ഏലീശ്വ 1866 ഫെബ്രുവരി 13-ന് കൂനമ്മാവിൽ സ്ഥാപിച്ച കർമലീത്ത നിഷ്പാദുക മൂന്നാം സഭ – (റ്റി.ഒ.സി.ഡി) ആണ് 1890 -ൽ റീത്തടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട്, കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ്സ് (സി.റ്റി.സി), കോൺഗ്രിഗേഷൻ ഓഫ് ദ മദർ ഓഫ് കാർമൽ (സി.എം.സി), എന്നീ രണ്ട് സന്ന്യാസിനി സഭകൾ രൂപം കൊണ്ടത്.
മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ തിരുകർമം 2025 നവംബർ എട്ടിന് വരാപ്പുഴ അതിരൂപതയിലെ ദേശീയ മരിയൻ തീർഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ നടത്തും. അന്നേദിനം വൈകീട്ട് 4 -ന് ചടങ്ങിൽ മുഖ്യകാർമികത്വം വഹിക്കുന്ന ലെയോ പതിനാലാമൻ പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപതാ മെത്രാൻ അത്യുന്നത കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസിനെയും മറ്റ് വിശിഷ്ടാതിഥികളേയും ബസിലിക്കാ അങ്കണത്തിൽ സ്വീകരിക്കും.
4.30 -ന് ദിവ്യബലി ആരംഭിക്കും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ധന്യ മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യർഥന നടത്തും. കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടത്തും. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്തോലിക പ്രതിനിധി ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറെല്ലി സന്ദേശം നൽകും. അത്യുന്നത കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് വാഴ്ത്തപ്പെട്ട മദർ ഏലീശ്വായുടെ തിരുസ്വരൂപം അനാവരണം ചെയ്യും. തുടർന്ന് മദറിന്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അൾത്താരയിൽ പ്രതിഷ്ഠിക്കും. ദിവ്യബലിക്കുശേഷം ഏലീശ്വാമ്മയുടെ നൊവേന സിബിസിഐ അധ്യക്ഷൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രകാശനം ചെയ്യും. കെആർഎൽസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ സുവനീർ പ്രകാശനം നിർവഹിക്കും. കോഫി ടേബിൾ ബുക്കിന്റെ പ്രകാശനം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആദ്യകോപ്പി മദർ ഷഹീല സി.റ്റി.സിക്ക് നൽകി നിർവ്വഹിക്കും. ബസിലിക്കയിലേക്കുള്ള വാഴ്ത്തപ്പെട്ട മദർ ഏലീശ്വായുടെ തിരുസ്വരൂപ പ്രയാണത്തോടെ ചടങ്ങുകൾ സമാപിക്കും. തുടർന്ന് ഏലീശ്വചരിതം ഗാനശില്പത്തിന്റെ അവതരണമുണ്ടാകും.
ഉച്ചക്ക്ശേഷം 1.30 ന് അതിരൂപത കെഎൽസിഎ, കെസിവൈഎം സംഘടനകളുടെ നേതൃത്വത്തിൽ കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയത്തിൽ നിന്നും മദർ ഏലീശ്വായുടെ ഛായാ ചിത്രപ്രയാണവും വരാപ്പുഴ സെന്റ് ജോസഫ് കോൺവെന്റ് അങ്കണത്തിലെ മദർ ഏലീശ്വായുടെ സ്മൃതി മന്ദിരത്തിൽ നിന്നും ലോഗോ പ്രയാണവും ഓച്ചന്തുരുത്ത് കുരിശിങ്കൽ ദേവാലയത്തിൽ നിന്നും ദീപശിഖ പ്രയാണവും ആരംഭിക്കും. മൂന്നരയോടെ എത്തിച്ചേരുന്ന പ്രയാണങ്ങളെ വല്ലാർപാടം ബസിലിക്കയുടെ മുഖ്യകവാടത്തിൽവെച്ച് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ആന്റണി വാലുങ്കൽ, വല്ലാർപാടം ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, സിറ്റിസി സുപീരിയർ ജനറൽ മദർ ഷാഹില സിടിസിയും ചേർന്ന് സ്വീകരിക്കും. തുടർന്നാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന തിരുകർമങ്ങൾ ആരംഭിക്കുന്നത്.
പരിശുദ്ധ കന്യാമറിയത്തിന്റെ മദർ ഏലീശ്വയെ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ കാര്യാലയം 2023 നവംബർ എട്ടിനാണ് ധന്യപദത്തിലേക്ക് ഉയർത്തിയത്. വാഴ്ത്തപ്പെട്ടവളായി സാർവത്രിക സഭ അംഗീകരിക്കുന്നതോടെ മദർ ഏലീശ്വായുടെ പേരിൽ പ്രാദേശിക സഭയിൽ വണക്കത്തിന് അനുമതി ലഭിക്കുകയാണ്.
വരാപ്പുഴ അതിരൂപതയിലെ ദേവാലയങ്ങളിലും മദർ സ്ഥാപിച്ച തെരേസ്യൻ കാർമലൈറ്റ് സന്ന്യാസിനീസമൂഹവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് അകത്തും വിദേശരാജ്യങ്ങളിലുമുള്ള ശുശ്രൂഷാകേന്ദ്രങ്ങളിലും പ്രാദേശിക മെത്രാൻ സമിതിയുടെ അംഗീകാരത്തോടെ വാഴ്ത്തപ്പെട്ടവളുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ച് അൾത്താരയിൽ വണങ്ങുകയും ആരാധനക്രമ കലïറിൽ ഉൾപ്പെടുത്തി തിരുനാൾ ആഘോഷിക്കുകയും തിരുശേഷിപ്പ് വണങ്ങുകയും പൊതുവണക്കം നടത്തുകയും ചെയ്യാം. വിശുദ്ധപദത്തിലേക്ക് ഉയർത്തുന്നതിന് വാഴ്ത്തപ്പെട്ടവളുടെ മാധ്യസ്ഥ്യത്താൽ നടക്കുന്ന മറ്റൊരു അദ്ഭുതം കൂടി വത്തിക്കാൻ അംഗീകരിക്കേണ്ടതുണ്ട്.
.പത്രസമ്മേളനത്തിൽവരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ്പ് ഡോ.ആന്റണി വാലുങ്കൽ, സി ടി സി സുപ്പീരിയർ ജനറൽ മദർ ഷഹീല സിടിസി, സംഘാടകസമിതി ചെയർപേഴ്സൺ റവ.ഡോ. അഗസ്റ്റിൻ മുള്ളൂർ, ജനറൽ കൺവീനർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ എന്നിവർ പങ്കെടുത്തു .

