പുസ്തകം / ജെന്സന്. സി. ജോസ്
അടുത്തിടെ അന്തരിച്ച പ്രശസ്ത പത്രപ്രവര്ത്തകന് ടി.ജെ.എസ് ജോര്‍ജിന്റെ കര്‍മ്മ മണ്ഡലത്തിലെ ഓര്‍മ്മകളുടെ ആവിഷ്കാരമാണ് ‘ഘോഷയാത്ര’. അദ്ദേഹത്തിന്റെ ഓര്‍മ്മകളുടെ ഘോഷയാത്ര തിരുവിതാംകൂറിന്റെ മഹാത്മ്യത്തോടു കൂടി ആരംഭിക്കുന്നു. ജീവിതത്തിന്റെ വിവിധ കര്‍മ്മമണ്ഡലങ്ങളില്‍ തങ്ങളുടെ കൈയൊപ്പു ചാര്‍ത്തി കടന്നുപോയ പ്രശസ്ത വ്യക്തിത്വങ്ങളുടെ കൊടിയേറ്റവും കൊടിയിറക്കവും, നേരും നെറിയും, അധികാരത്തിന്റെ ഇടനാഴികളിലെ വിഹിതങ്ങളും അവിഹിതങ്ങളും, അന്തഃപുര രഹസ്യങ്ങളുടെയെല്ലാം ചുരുള്‍ അഴിയുമ്പോള്‍ അതും കൈയടക്കത്തോടും നിഷ്പക്ഷതയോടും കൂടി വായനക്കാര്‍ക്ക് നല്ല ഒരു ഉത്സവമായി മാറുന്നു.
സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മുന്നൂറ്റി അന്‍പതോളം പേരെ അടുത്തറിഞ്ഞതിന്റെ വിവരണങ്ങള്‍ നമ്മെ ചിരിപ്പിച്ചും, കരയിച്ചും, ചിന്തിപ്പിച്ചും, ദ്വേഷിച്ചും പ്രണയാതുരമായും തലോടി കടന്നു പോകുന്നു. ഒറ്റയിരുപ്പില്‍ വളരെ ആകാംക്ഷയോടെ വായിച്ചു തീര്‍ത്ത ഒരു പുസ്തകമാണ് ഘോഷയാത്ര.
കേരള രാഷ്ട്രീയത്തിലെ അതികായരായ സി. കേശവന്, പട്ടം താണുപിള്ള, കൗമുദി ബാലകൃഷ്ണന് തുടങ്ങിയവരുടെ ജീവിതത്തിലൂടെ…. ‘പച്ച വെള്ളത്തിന് തീപിടിപ്പിക്കുകയും, മണല്‍ത്തരികളെ നൃത്തംവയ്പിക്കുന്ന പ്രസംഗ പാടവവും ജീവിതവുമൊക്കെ കുപ്പിയിലായി എരിഞ്ഞ അടങ്ങി നനഞ്ഞു പോയെങ്കിലും ജ്വാല’യായി….
പത്രപ്രവര്‍ത്തന രംഗത്തേയ്ക്ക് ഘോഷയാത്ര കടക്കുമ്പോള്‍ ഉന്നത വ്യക്തിത്വങ്ങളായ കുല്‍ദീപ് നയ്യാര്‍, ഗോയങ്ക, ഖുശ്വന്ത് സിംഗ്, സി.പി.രാമചന്ദ്രന്, എടത്തട്ട നാരായണന്, ആര്.കെ കരഞ്ചിയ, കാര്‍ട്ടൂണിസ്റ്റ്, ശങ്കര്‍, നിഖില്‍ ചക്രവര്‍ത്തി എന്നിവരുടെ കൂടെയുള്ള പ്രവര്‍ത്തനം വിശദീകരിക്കുമ്പോള്‍ അക്കാലത്തെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലത്തിലെ ദുഷിപ്പുകളും ശ്രേഷ്ഠതകളും നമ്മുടെ മുന്നില്‍ അനാവൃതമാകുന്നു. പത്രപ്രവര്‍ത്തന രംഗത്തെ വിദ്വേഷ രചനകളും സ്കൂപ്പുകളും, പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രോത്സാഹിപ്പിച്ച കമ്മിറ്റഡ് ജേര്‍ണലിസവുമൊക്കെ മാധ്യമ രംഗത്തെ വിഷലിപ്തമാക്കിയതുമൊക്കെ വരച്ചിടുന്നുണ്ട്.
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പ്രഥമ ബജറ്റ് 1950 ഫെബ്രുവരി 28ന് എഴുതി വായിക്കാതെ പ്രസംഗത്തിലൂടെ ബജറ്റവതരിപ്പിച്ച കേരളീയനായ ധനകാര്യ മന്ത്രി ജോണ്‍ മത്തായിയുടെ നൈപുണ്യവും, നെഹ്റുവിന്റെ നയപരിപാടികളോട് യോജിക്കാതെ മന്ത്രി പദം രാജിവച്ച പിന്നാമ്പുറകഥകളുമുണ്ട്. പ്രധാനമന്ത്രി നെഹ്റുവിന്റെ ഓഫീസില്‍ ഉന്നത പദവി അലങ്കരിച്ചിരുന്ന രണ്ടു മലയാളികളായ എം.ഒ മത്തായി മണി ഓര്‍ഡര്‍ മത്തായി ആയ കഥയും, പി.സി അലക്സാണ്ടര്‍ ഫോട്ടോകോപ്പി അലക്സാണ്ടറായതും അറിയേണ്ട രസകരവും ചിന്തനീയവുമായ കാര്യങ്ങളാണ്.
പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്ഥാനം ദുരുപയോഗം ചെയ്ത് ആനുകൂല്യങ്ങള്‍ നേടിയ ‘മണിയോര്‍ഡര്‍ മത്തായി ‘സ്ഥാനഭ്രഷ്ടനാക്കപ്പെട്ടപ്പോള്‍ നെഹ്റുവിനെക്കുറിച്ച് വളരെ നിന്ദ്യമായ ഭാഷയില്‍ പുസ്തകമെഴുതിയതും, മകള്‍ ഇന്ദിരയെക്കുറിച്ച് ആഭാസകരമായ എഴുതിയ അധ്യായം പ്രസാധകര് തന്നെ ഒഴിവാക്കിയ കഥകളും പ്രശ്സ്ത സിനിമാ നടി ലീലാ നായിഡുവിനെക്കുറിച്ചും, മലയാളികളുടെ ‘ആമി’ മാധവിക്കുട്ടിയെക്കുറിച്ചും വ്യത്യസ്ഥമായ ആംഗിളിലൂടെയുള്ള പഠനവും ഈ ഘോഷയാത്രയെ സമ്പന്നമാക്കുന്നു.
എന്തുകൊണ്ടും വായനാസുഖവും അറിവും ചരിത്ര ബോധവും നല്കുന്ന ഒന്നാന്തരം ഓര്‍മക്കുറിപ്പ്.

