പുരാണം / ജെയിംസ് അഗസ്റ്റിന്
കവിയും ചിത്രകാരനുമായിരുന്ന ഫാ. മൈക്കിള്‍ പനക്കല്‍ എഴുതിയിട്ടുള്ള ഭക്തിഗാനങ്ങള്‍ നമ്മുടെ ആരാധനാക്രമങ്ങളില്‍ നാം പതിവായി പാടുന്നു. രചനയുടെ മനോഹാരിതയും ആശയത്തിന്റ ആഴവും മൈക്കിളച്ചന്റെ ഗാനങ്ങളുടെ സവിശേഷതയാണ്. അദ്ദേഹം എഴുതിയ നൂറുകണക്കിനു ഗാനങ്ങളില്‍ നിന്നും മൂന്നു ഗാനങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഈ മൂന്നു ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയത് ജോബ് ആന്‍ഡ് ജോര്‍ജ് സഖ്യമാണ്. ആലപിച്ചത് ഡോ. കെ.ജെ.യേശുദാസും.
‘സൂര്യകാന്തി പുഷ്പമെന്നും
സൂര്യനെ നോക്കുന്നപോലെ
ഞാനുമെന്റെ നാഥനെതാന്
നോക്കി വാഴുന്നു’
1982-ല്‍ തരംഗിണി എന്ന തന്റെ കസ്സെറ്റ് കമ്പനിക്കായി യേശുദാസ് നിര്‍മിച്ച ക്രിസ്തീയ ഭക്തി ഗാനസമാഹാരത്തിലെ ഗാനമാണിത്. യേശുദാസിനോടൊപ്പം ചിത്രയാണ് ഈ ഗാനത്തില്‍ പാടിയിട്ടുള്ളത്. പാവപ്പെട്ട മനുഷ്യരില്‍ ദൈവത്തെ കാണുന്നുവെന്ന സങ്കല്‍പ്പമാണ് ഈ ഗാനത്തിന്റെ പ്രമേയം.

‘സാധുവായ മര്‍ത്യനില്‍ ഞാന്‍
നിന്റെ രൂപം കണ്ടിടുന്നു
സേവനം ഞാനവനു ചെയ്താല്‍
പ്രീതനാകും നീ
കരുണയോടെ അവനെ നോക്കും
നയനമെത്ര മോഹനം
അവനു താങ്ങും തണലുമായ
കൈകളെത്ര പാവനം’
ഇങ്ങനെയാണ് ഗാനത്തിന്റെ അടുത്ത വരികള്‍. മലയാള ക്രിസ്തീയഗാനചരിത്രത്തിലെ എണ്ണപ്പെട്ട ഗാനങ്ങളില്‍ ഒന്നായാണിത് പരിഗണിക്കപ്പെടുന്നത്.
നമ്മുടെ ദിവ്യബലികളില്‍ കാഴ്ചയര്പ്പണസമയത്ത് ഏറ്റവും കൂടുതല്‍ ആലപിക്കപ്പെട്ട ഗാനങ്ങളില്‍ ഒന്നെഴുതിയത് ഫാ. മൈക്കിള്‍ പനക്കലാണ്.
‘സാദരമങ്ങേ പാവനപാദം
തേടിവരുന്നു ഞങ്ങളിതാ
കാഴ്ചകളേന്തും താലവുമായി
നില്പ്പൂ നിന്നുടെ സന്നിധിയില്‍
നിന്തിരുമാംസവും രക്തവുമായ്
തീര്‍ക്കണമേ ഈ കാഴ്ചകളെ
ഞങ്ങടെ പ്രാര്‍ത്ഥന കൈക്കൊള്ളണേ
പാപം സര്‍വം പോക്കണമേ’
പാട്ടുപുസ്തകമില്ലാതെ തന്നെ ദിവ്യബലിയില്‍ പങ്കുചേരുന്നവര്‍ പാടുന്ന അപൂര്‍വം ഗാനങ്ങളില്‍ ഈ ഗാനവുമുണ്ട്. ഡോ. കെ.ജെ. യേശുദാസിന്റെ സംഗീത കച്ചേരിയില്‍ പതിവായി പാടുന്നൊരു ക്രിസ്തീയ ഭക്തിഗാനമെഴുതിയത് ഫാ.മൈക്കിള്‍ പനക്കലാണ്.
‘സദാമന്ദഹാസം പൊഴിഞ്ഞെന്റെ നാഥന്
മനോജ്ഞപ്രകാശം വിരിഞ്ഞെന്റെയുളളില്
വിലാപം നിലച്ചെന്റെ കണ്ണീരു മാഞ്ഞു
നിതാന്തപ്രമോദം വളര്ന്നങ്ങുവന്നു’
ഈ ഗാനം ദൈവപുത്രന് എന്ന പേരില്‍ പ്രകാശനം ചെയ്ത എല്‍.പി. റെക്കോര്‍ഡിലാണ് ചേര്‍ത്തിരുന്നത്.

ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമശുശ്രൂഷയുടെ ഭാഗമായി നടന്ന സംഗീതാര്‍ച്ചനയില്‍ യേശുദാസ് തന്നെ ഡല്‍ഹിയില്‍ ഈ ഗാനം ആലപിച്ചു. ജോബ് മാസ്റ്ററുടെ പാട്ടുകള്‍ പുതുതലമുറക്കായി വീണ്ടും റിലീസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി അജയ് ജോസഫ് ഡിജിറ്റല്‍ മീഡിയ കഴിഞ്ഞ വര്‍ഷം ഈ ഗാനവും പുറത്തിറക്കിയിട്ടുണ്ട്. ഗായത്രിയാണ് ആലപിച്ചിട്ടുള്ളത്. ഫാ. ബോസ്കോ പനക്കല്‍ മുന്‍കൈയെടുത്തു മൈക്കിളച്ചന്റെ തെരഞ്ഞെടുത്ത പന്ത്രണ്ടു ഗാനങ്ങളുടെ സമാഹാരം പുറത്തിറക്കിയിരുന്നു. അന്ന് ഈ ഗാനം ആലപിച്ചത് കെസ്റ്ററാണ്.
കാലാതീതമായ ഈ ഗാനങ്ങളിലൂടെ മൈക്കിളച്ചന് ഇന്നും ജീവിക്കുകയാണ്.

