കവർ സ്റ്റോറി /
പ്രകാശത്തിന്റെ ആരംഭം
സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിക്കേണ്ടതില്ലെന്ന ധാരണ സമൂഹത്തിന്റെ സിരകളില്‍ രൂഡമൂലമായിരുന്ന കിടന്നിരുന്ന കാലത്ത്, ചില ദിവ്യഹൃദയങ്ങള് ധൈര്യമായി മുന്നോട്ട് വന്നു. 1925-ല്‍, സിഎസ്എസ്ടി (കാര്‍മ്മലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ) സഭയിലെ സന്ന്യാസിനികള്‍, എറണാകുളത്ത് അറിവിന്റെ വിത്ത് വിതച്ചു. 41 വിദ്യാര്‍ഥികളുമായി ആരംഭിച്ച കലാലയം നാലായിരത്തി മുന്നൂറോളം വിദ്യാര്‍ഥിനികളുമായി ശതാബ്ദിയില്‍ എത്തിയിരിക്കുന്നു. കോളജിന്റെ നൂറുവര്‍ഷത്തെ നാള് വഴികളിലൂടെ കടന്നുപോകുമ്പോള്‍, ഒരു ദേശത്തിന്റെയും കാലഘട്ടത്തിന്റെയും ചരിത്രവികാസം കൂടി കാണാം.
രാജഭരണത്തിന്റെയും ബ്രിട്ടീഷ് അധിനിവേശത്തിന്റെയും ജനാധിപത്യത്തിന്റെയും കാലത്തുണ്ടായ മാറ്റങ്ങള്‍, അക്കാലത്തെ വിദ്യാഭ്യാസരീതിയില്‍ സംഭവിച്ച പരിണാമം, സ്ത്രീ വിദ്യാഭ്യാസത്തിലൂടെയുണ്ടായ ശാക്തീകരണത്തിന്റെയും നവോത്ഥാനത്തിന്റെയും ഫലങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെ പ്രകടമാകുന്നു. അത് ഒരു വിദ്യാഭ്യാസ സ്ഥാപനം മാത്രമായിരുന്നില്ല; മറിച്ച്, സ്ത്രീയുടെ ആത്മമൂല്യവും മാനവികതയും തിരിച്ചറിയാനുള്ള ഒരു വിപ്ലവം തന്നെയായിരുന്നു. സഭാസ്ഥാപകയായ ദൈവദാസി മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമയുടെ ജീവിതദര്‍ശനമാണ് കോളജിന്റെ അന്തര്‍ധാര.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കോളജ് സന്ദര്‍ശിച്ചപ്പോള്‍
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ മദിരാശിയിലെ ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തില്‍നിന്നും കേരളത്തിലെത്തിയ അധ്യാപികയായ മേരി ഗ്രേസ് ദിലീമ, പില്ക്കാലത്ത് മദര്‍ തെരേസ ഓഫ് ലിമയായി മാറുകയും ശിഷ്ടജീവിതം ഈ നാടിന്റെ സാമൂഹികനന്മയ്ക്കായി ചെലവഴിക്കുകയുമായിരുന്നു. ജാതിയുടെയും നിറത്തിന്റെയും പേരില്‍ താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ അടിച്ചമര്‍ത്തപ്പെടുകയും അടിമജീവിതം നയിക്കുകയും ചെയ്തിരുന്ന കാലത്തായിരുന്നു കൊച്ചിയിലേക്കുള്ള മദര്‍ തെരേസ ഓഫ് ലിമയുടെ ആഗമനം. വിദ്യാഭ്യാസത്തിനുള്ള അവസരം പോലും താഴ്ന്ന ജാതിക്കാര്‍ക്ക് അക്കാലത്ത് ഉണ്ടായിരുന്നില്ല. സവര്ണ്ണര്ക്കിടയില് ആണെങ്കില്‍ അത് പുരുഷകേന്ദ്രീകൃതവും ആയിരുന്നു. സ്ത്രീവിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കാനുള്ള മദറിന്റെ തീരുമാനം ഈ സാഹചര്യത്തിലാണുണ്ടായത്. ഇതിലൂടെ വലിയൊരു അളവില്‍ സാമൂഹികനവോഥാനം സാധ്യമാകുമെന്നും മദര്‍ തെരേസ ലിമ വിശ്വസിച്ചു.

ദൈവദാസി മദര്‍ തെരേസ ഓഫ് സെന്റ് റോസ് ലിമ
1887-ല്‍ കൊച്ചി രാജ്യത്തെ പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ആദ്യവിദ്യാലയമായ സെന്റ് തെരേസാസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സ്ഥാപിതമായി. ഓരോ വര്‍ഷവും ഇവിടെ പഠിക്കാനെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുവന്നു. ഇവരുടെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചിന്തയും മദറിനുണ്ടായിരുന്നു. ഏറ്റവും മികച്ച രീതിയില്‍ അത് സാധ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം അതിനുവേണ്ടി കോളേജ് ആരംഭിക്കാനുള്ള ശ്രമം തുടങ്ങി. ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാകണമെങ്കില്‍ മികച്ച അധ്യാപകര്‍ വേണമെന്നായിരുന്നു മദറിന്റെ കാഴ്ചപ്പാട.് വൈജ്ഞാനികത യിലും ജീവിതദര്‍ശനത്തിലും മികവാര്‍ന്ന പുതുതലമുറയെ സൃഷ്ടി
ക്കാനായാല്‍ സ്ത്രീശാക്തീകരണത്തിലും സാമൂഹിക നവോത്ഥാനത്തിലും ചരിത്രമെഴുതാന്‍ കഴിയുമെന്ന കാര്യത്തില്‍ മദര്‍ തെരേസ് ലിമയ്ക്ക് സംശയമുണ്ടായിരുന്നില്ല.

സെന്റ് തെരേസാസ് കോളജിന്റെ ആദ്യകെട്ടിടം
ആദ്യകാലത്ത് ചെറിയൊരു കെട്ടിടത്തില്‍ തുടങ്ങി വളര്‍ന്ന ഈ സ്ഥാപനത്തിന് പിന്നില്‍ നിന്നത് സന്ന്യാസിനികളുടെയും അധ്യാപകരുടെയും നിരന്തര പരിശ്രമമായിരുന്നു. വിദ്യാര്‍ഥിനികള്‍ക്ക് പാഠപുസ്തകങ്ങള്‍ക്കപ്പുറത്ത് ജീവിതത്തിന്റെ മൂല്യങ്ങള്‍ പഠിപ്പിച്ച അധ്യാപികമാര്‍, അറിവിനൊപ്പം കരുതലും ആത്മവിശ്വാസവും നല്കി. സമൂഹത്തിന്റെ പരിമിതികളില്‍ നിന്നും മാറി സ്വന്തം കഴിവുകള്‍ തെളിയിച്ച അനേകം സ്ത്രീകള്‍ക്ക് ഈ കോളജ് ആയിരുന്നു അവരുടെ ആദ്യ ചിറകുകള് വളര്‍ത്തിയ ആകാശം.

എന്നാല്‍, വനിതാ കോളജ് ആരംഭിക്കുകയെന്ന തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കും മുന്‍പേ, 1902-ല്‍ ഇന്നത്തെ ആന്ധ്രാ പ്രദേശിന്റെ ഭാഗമായ മംഗപട്ടണത്തുണ്ടായ ട്രെയിന്‍ അപകടത്തില്‍ മദര്‍ മരണമടഞ്ഞു. ഈ ആകസ്മിക ദുരന്തത്തില്‍ സിഎസ്എസ്ടി സഭയാകെ ഉലഞ്ഞുപോയി, ഇതില്‍ നിന്നൊരു തിരിച്ചു വരവിന് നാളുകളെടുത്തു. ആത്മധൈര്യം വീണ്ടെടുത്ത ശേഷം സെന്റ് തെരേസാസ് കോളജിന് തുടക്കമിട്ടതിലൂടെ മദറിന്റെ ജീവിതവീക്ഷണവും സേവനതല്‍പ്പരതയും ഇച്ഛാശക്തിയും മാഞ്ഞുപോയിട്ടില്ലെന്ന് സഭാംഗങ്ങള്‍ തെളിയിച്ചു.

പെണ്‍കുട്ടികള്‍ക്കായി കോളേജ് സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന ക്രമീകരണങ്ങള്‍ക്ക് തുടക്കമിട്ടതും മദര്‍ തന്നെയാണ്. കോളജിന് ആവശ്യമായ ഭൂമി വാങ്ങിയതും, സ്വദേശത്തും വിദേശത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സഭാംഗങ്ങളെ അധ്യാപക പരിശീലനത്തിന് അയച്ചതും മദര്‍ തന്നെ. 1902-ല്‍ മരണമടഞ്ഞ മദര്‍ തെരേസ ലിമ, 1925-ല്‍ ആരംഭിച്ച സെന്റ് തെരേസാസ് കോളജിന്റെ സ്ഥാപകയായതിന്റെ കാരണവും ഇതുതന്നെയാണ്. സഭയും സഭാംഗങ്ങളും അതിനൊരു നിമിത്തമായെന്ന് മാത്രം.
സ്ത്രീശക്തിയുടെ പാഠശാല
കൊച്ചി രാജ്യത്തെ ആദ്യത്തെയും കേരളത്തിലെ രണ്ടാമത്തെയും വനിതാ കോളജാണ് സെന്റ് തെരേസാസ്. നൂറുവര്‍ഷം മുന്‍പ് സെക്കന്‍ഡ് ഗ്രേഡ് ആര്‍ട്സ് കോളജ് എന്ന നിലയിലായിരുന്നു തുടക്കം. പ്രൈമറി സ്കൂളിലെ ഹാളില്‍ പ്രവര്‍ത്തനം തുടങ്ങിയ കോളജ് 1926-ല്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറി. ആദ്യ ബാച്ച് കുട്ടികളുടെ ഉന്നതവിജയത്തെ തുടര്‍ന്ന് 1928-ല്‍ ഫസ്റ്റ് ഗ്രേഡ് കോളജായി. 1942-ല്‍, രണ്ടാംലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കോളജ് കെട്ടിടം മിലിട്ടറി ആശുപത്രിക്കായി വിട്ടുകൊടുത്ത് പ്രവര്‍ത്തനം തൃശൂരിലേക്ക് മാറ്റി. 1944-ല്‍ എറണാകുളത്ത് തിരിച്ചെത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കേരളത്തിന്റെ വനിതാവിദ്യാഭ്യാസരംഗത്ത് കൂടുതല്‍ മഹത്തായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സെന്റ് തെരേസാസിന് കഴിഞ്ഞു. അടിസ്ഥാനസൗകര്യം വലിയ തോതില്‍ വികസിച്ചു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള പെണ്‍കുട്ടികള്‍ പഠിക്കാനെത്തി. നൂതനമായ നിരവധി കോഴ്സുകള്‍ വന്നു. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. കാമ്പസിന്റെ വിസ്തൃതിയിലും വികാസമുണ്ടായി. മാര്‍ക്കറ്റ് റോഡിനും ടി.ഡി. റോഡിനും ഇടയില്‍ പുതിയ കാമ്പസ് രൂപപ്പെടുത്തി.

ശതാബ്ദി സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു
ആധുനിക കെട്ടിടങ്ങള്‍ നിര്‍മ്മിക്കപ്പെട്ട 1926ലെ രണ്ടുനില കെട്ടിടത്തിന് പുറമേ മൂന്നുമുതല്‍ 11 നിലവരെയുള്ള വിവിധ കെട്ടിടങ്ങളുണ്ടായി.
സെന്റ് തെരേസാസ് കോളജ് വിദ്യാര്‍ഥിനികളെ വെറും ബിരുദധാരികളാക്കാതെ, ചിന്തിക്കുന്നവരാക്കുകയും സ്വയം നിലകൊള്ളാനുള്ള ധൈര്യം പകര്‍ന്നു കൊടുക്കുകയും ചെയ്തു. രാഷ്ട്രീയ രംഗത്തും, സാമൂഹിക പ്രവര്‍ത്തനങ്ങളിലും, കലാസാഹിത്യ ലോകത്തും, ഈ സ്ഥാപനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ നിരവധി പ്രമുഖര്‍ അവരുടെ നിലപാടുകള്‍ കൊണ്ട് സ്ത്രീയുടെ വാക്ക് ശക്തമായിത്തീര്ക്കാന് സഹായിച്ചു. തെരേസിയന്‍ ആത്മാവ് എന്ന് വിളിക്കപ്പെടുന്ന അതുല്യമായ ആ അന്തരീക്ഷം നന്മയും വിനയവും ഉറച്ച വിശ്വാസവും ഓരോ വിദ്യാര്‍ഥിനിയിലും വളര്‍ത്തിയെടുത്തു.
സാംസ്കാരിക പുനരുജ്ജീവനത്തിന്റെ സ്മാരകം
മദ്രാസ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനില്‍ ആരംഭിച്ച കോളജ്, 1957-ല്‍ കേരള സര്‍വ്വകലാശാലയുടെയും 1983-ല്‍ എംജി സര്‍വ്വകലാശാലയുടെയും കീഴിലായി. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വന്ന എല്ലാ മാറ്റങ്ങള്‍ക്കും സെന്റ് തെരേസാസ് സാക്ഷ്യം വഹിച്ചു. ഇതിലൂടെ ഈ മേഖലയിലെ പരിഷ്കരണത്തിന്റെ ഭാഗമാകാനും കഴിഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ രാജ്യത്തുതന്നെ അറിയപ്പെടുന്ന സ്ഥാപനമാണ് ഇന്ന് സെന്റ് തെരേസാസ്കോളജ്.
വിദ്യാഭ്യാസത്തിനൊപ്പം കലയും സംസ്കാരവും ഉള്‍ക്കൊള്ളിച്ച സെന്റ് തെരേസാസ്, കൊച്ചിയിലെ സാംസ്കാരിക നവോത്ഥാനത്തിന്റെ മുഖ്യകേന്ദ്രങ്ങളില് ഒന്നായി. കോളജ് മേളകളും, നാടകങ്ങളും, കലാപ്രകടനങ്ങളും നഗരത്തിന്റെ സാംസ്കാരിക ഭൂപടത്തില്‍ നിറം പകര്‍ന്നു. കവിതകളിലും ഗാനങ്ങളിലും തീര്‍ന്ന ആ സ്വപ്നങ്ങള്‍, സ്ത്രീകളുടെ സൃഷ്ടിപരത്വത്തിന് ഒരു വേദിയായി മാറി.
ഈ കലാലയത്തിന്റെ നൂറുവര്‍ഷത്തെ ചരിത്രമെന്നത് കേരളത്തിലെ സ്ത്രീശാക്തീകരണത്തിന്റെ ഭാഗം കൂടിയാണ്.
അക്കാമ്മ ചെറിയാന്, കെ.ആര്.ഗൗരിയമ്മ എന്നിവരെ പോലെയുള്ള പ്രശസ്തരായ അനേകം പേര് ഇവിടത്തെ പൂര്‍വ്വവിദ്യാര്‍ഥി സമ്പത്തിലുണ്ട്. ജനാധിപത്യത്തിന്റെ മേല്‍ത്തട്ടായ ഭരണനിര്മ്മാണസഭയിലെ അംഗങ്ങള്‍, ചരിത്രത്തിന്റെ ഭാഗമായ ബ്യൂറോക്രാറ്റുകള്‍, ഹൈക്കോടതി ജഡ്ജിമാര്‍, ജയശ്രീ മിശ്രയെയും പ്രീതി ഷേണോയിയെയും പോലെ ശ്രദ്ധേയരായ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാര്‍, ഗായികമാര്‍, ചലച്ചിത്രതാരങ്ങള്‍, കലാകാരികള്‍, കായികതാരങ്ങള്‍ തുടങ്ങിയവരെല്ലാം ഇതില്‍ ഉള്‍പ്പെടും.
നൂറ് വര്‍ഷം പിന്നിട്ടിട്ടും സെന്റ് തെരേസാസ് അതിന്റെ ദൗത്യത്തില്‍ ഉറച്ചു നില്ക്കുന്നു. അറിവിന്റെ വെളിച്ചം കൂടുതല്‍ മനസ്സുകളിലേക്ക് പടരട്ടെ എന്ന പ്രതിജ്ഞയോടെ.
പുതിയ സാങ്കേതിക വിദ്യകളെ സ്വീകരിച്ചും, പരിസ്ഥിതി ബോധവും സാമൂഹിക ഉത്തരവാദിത്തവും വളര്‍ത്തിയും, ഈ കോളജ് കാലാനുസൃതമായ മാറ്റങ്ങളിലൂടെ മുന്നേറുകയാണ്. നൂറ് വര്‍ഷങ്ങള്‍ക്കു ശേഷവും, സെന്റ് തെരേസാസ് കോളജിന്റെ ദീപം മങ്ങിയിട്ടില്ല. അത് ഇന്നും അനവധി പെണ്‍കുട്ടികളുടെ ഹൃദയങ്ങളില്‍ തെളിയുന്ന പ്രതീക്ഷയുടെ തീയാണ്. സമൂഹത്തെ മാറ്റാന്‍ അറിവാണ് ഏറ്റവും വലിയ ആയുധമെന്ന് ഈ കലാലയം തെളിയിച്ചിരിക്കുന്നു.

