കൊച്ചി ; കേരളത്തിലെ മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും മതാടിസ്ഥാനത്തില്‍ സാമുദായിക സംവരണം നല്‍കുന്നുണ്ടെന്ന ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ചെയര്മാന് ഹന്സ്രാജ് അഹാറിന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമെന്നു കെ. ആര്. എല്‍. സി. സി. വൈസ് പ്രസിഡന്റും ലത്തീന്‍ സമുദായ വക്താവുമായ ജോസഫ് ജൂഡ് പ്രസ്താവിച്ചു.
ഇന്ത്യന്‍ ഭരണഘടനയില്‍ ഒരിടത്തും മതാടിസ്ഥാനത്തിലുള്ള സംവരണത്തെ കുറിച്ച് പറയുന്നില്ല. ഭരണഘടനയുടെ 15(4), 16(4) അനുച്ഛേദങ്ങള്‍ പ്രകാരം വിദ്യാഭ്യാസം ഉദ്യോഗം എന്നീ മേഖലകളില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിദ്ധ്യം ലഭിച്ചിട്ടില്ലാത്ത പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിദ്ധ്യവും നീതിയും ലഭിക്കുന്നതിന് ഏര്പ്പെടുത്തപ്പെട്ടിട്ടുള്ളതാണ് സാമുദായിക സംവരണം.
ഇതനുസരിച്ചാണ് രാജ്യത്തെ പട്ടിക ജാതി, പട്ടിക വര്‍ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് സാമുദായിക സംവരണം ലഭിച്ചു വരുന്നത്. അല്ലാതെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല സംവരണം ലഭിക്കുന്നത്.
കേരളത്തിലെ ക്രൈസ്തവരില്‍ മുന്നാക്ക ക്രൈസ്തവരും ദലിത് – ആദിവാസി ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക ക്രൈസ്തവരും ഉണ്ട്. ഇവരില്‍ മുന്നാക്ക ക്രൈസ്തവര്‍ക്ക് സാമുദായിക സംവരണം ഇല്ല. അവര്‍ക്ക് ലഭിക്കുന്നത് ഇ ഡബ്ലിയു എസ് സംവരണമാണ്. ആദിവാസി ക്രൈസ്തവര്‍ക്ക് എസ്. ടി. സംവരണം ലഭിക്കുന്നുണ്ട്. ഇതര പിന്നാക്ക ക്രൈസ്തവര്‍ക്കാണ് ഒ ബി സി സംവരണം ലഭിക്കുന്നത്. ഇതില്‍ ദലിത് ക്രൈസ്തവക്ക് എസ് സി പദവി ലഭിക്കുന്നതിനുള്ള കേസിന്റെ വിചാരണ സുപ്രീം കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
കേരളത്തില്‍ മാത്രമല്ല ഇതര സംസ്ഥാനങ്ങളിലും കേന്ദ്രസര്‍ക്കാരിലും ഈ രീതിയിലാണ് ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും മാത്രമല്ല എല്ലാ മതസ്ഥര്‍ക്കും സാമുദായിക സംവരണം ലഭിച്ചുവരുന്നത്. ഇത്തരം അടിസ്ഥാന കാര്യങ്ങള്‍ അറിയാത്ത ഒരാളാണ് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ചെയര്‍മാനെന്നു കരുതാനാവില്ല. അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ മറ്റേതെങ്കിലും ഗൂഢ താത്പര്യങ്ങള്‍ ഉണ്ടോയെന്നു സംശയിക്കേ ണ്ടിയിരിക്കുന്നു.
സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പ് തന്നെ കേരളത്തില്‍ പിന്നാക്ക വിഭാഗ സംവരണം ഉണ്ട്. അത് സമരങ്ങളിലൂടെ പിന്നാക്ക വിഭാഗങ്ങള്‍ നേടിയെടുത്തിട്ടുള്ളതാണ്. ഭരണഘടനാ മൂല്യങ്ങള്‍ക്കായി ഭരണഘടനാ സ്ഥാനങ്ങളില്‍ ഉള്ളവര്‍ പ്രതിബന്ധതയോടെ നിലനില്‍ക്കുന്നതാണ് ഉചിതം, ജോസഫ് ജൂഡ് അഭിപ്രയപ്പെട്ടു.
Joseph Jude, Spokes Person, KRLCC

