പാരിസ്: ബോക്സ് ഓഫീസിൽ വൻ ഹിറ്റായി ഈശോയുടെ തിരുഹൃദയത്തെ കുറിച്ചുള്ള ഫ്രഞ്ച് സിനിമ. ഒക്ടോബർ ഒന്നിന് റിലീസ് ചെയ്ത ‘സേക്രഡ് ഹാർട്ട്’ (Sacré Coeur – സാക്രേ കൂർ) എന്ന ഫ്രഞ്ച് ഫീച്ചർ ഫിലിമിൻ്റെ 1,95,023 ടിക്കറ്റുകൾ ആണ് ഇതിനോടകം വിറ്റഴിഞ്ഞത്.
പാരയ്-ലെ-മോണിയലിലുള്ള സ്റ്റീവൻ ജെ. ഗണ്ണൽ-സബ്രീന ദമ്പതികളാണ് പതിനേഴാം നൂറ്റാണ്ടിൽ ഈശോയുടെ തിരുഹൃദയ ഭക്തയായ വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിൻ്റെ കഥ അടിസ്ഥാനമാക്കി ഈ സിനിമ നിർമിച്ചിരിക്കുന്നത്. 90 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുഡ്രാമ ഇന്നുവരെയുമുള്ള തിരുഹൃദയ ഭക്തിയുടെ ചരിത്രം രേഖപ്പെടുത്തുന്ന ഒന്നാണ്.
ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ. റിലീസ് ചെയ്ത് മൂന്നാമത്തെ ആഴ്ചയിൽ 74,688 ടിക്കറ്റുകളാണ് വിറ്റു പോയത്.ഫ്രാൻസിലുടനീളം ഒക്ടോബർ 21 ന് മാത്രം 10,108 ടിക്കറ്റ് വിൽപന നടന്നു. ഈ ആഴ്ച ഫ്രാൻസിൽ 347 തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. 155 തിയേറ്ററുകളിൽ മാത്രമായിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്തത്.

