മാഡ്രിഡ്: ഒരു കൗമാരക്കാരിയുടെ സന്യാസ ജീവിതത്തിലേക്കുള്ള ചുവടുവെയ്പ്പിനെ പ്രമേയമാക്കി നിര്‍മ്മിച്ച അവാര്‍ഡ് ചലച്ചിത്രം “ലോസ് ഡൊമിംഗോസ്” സ്പെയിനിൽ പ്രദര്‍ശനത്തിന്. അലാവുഡ റൂയിസ് ഡി അസുവ സംവിധാനം ചെയ്ത ഈ ചിത്രം സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ പുരസ്ക്കാരം ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ‘വേൾഡ് കാത്തലിക് അസോസിയേഷൻ ഫോർ കമ്മ്യൂണിക്കേഷന്റെ (SIGNS) സിഗ്നിസ് അവാർഡും സിനിമയ്ക്കു ലഭിച്ചിരിന്നു.
ഐനാര എന്ന കൗമാരക്കാരിയുടെ കഥ പറയുന്നതാണ് “ലോസ് ഡൊമിംഗോസ്” എന്ന സിനിമ. സന്യാസ ജീവിതത്തിലേക്കുള്ള ചിന്തകള്‍ ഉരുതിരിയുന്നതും ഇതിനെ ചൊല്ലി കുടുംബത്തിൽ നിന്നും അധ്യാപകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങൾ നേരിടുന്നതും ഉള്‍പ്പെടെ ഐനാരയുടെ സമര്‍പ്പിത ജീവിതത്തിലേക്കുള്ള വിളിയില്‍ നേരിടുന്ന പ്രതിബന്ധങ്ങളും വിശ്വാസം നല്കുന്ന ബലവും സിനിമയില്‍ പ്രമേയമാകുന്നുണ്ട്.
വിശ്വാസത്തെയും സമര്‍പ്പണത്തെയും തെറ്റിദ്ധരിക്കുന്ന ഒരു ലോകത്തിനിടയിൽ ജീവിതത്തിന്റെ അര്‍ത്ഥം, സ്നേഹം എന്നിവയ്ക്കായുള്ള അവളുടെ അന്വേഷണവും വൈകാരികവും ആത്മീയവുമായ തലങ്ങളും സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്.
സമഗ്രമായ ഗവേഷണത്തിന് ശേഷം സമര്‍പ്പിത ജീവിതത്തിലേക്കുള്ള യാത്രയെ കണിശതയോടെയും സഹാനുഭൂതിയോടെയും ചിത്രീകരിക്കാനാണ് താൻ ലക്ഷ്യമിട്ടതെന്ന് സംവിധായികയായ റൂയിസ് ഡി അസൂവ പറയുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ ശ്രദ്ധ നേടിയിരിന്നു.

