പുരാണം / ജയ്സണ്‍ ടി. ജോണ്‍
*വിശ്രുത മരിയന്‍ ഭക്തി ഗീതമായ ‘റോസാപ്പൂവേ’ എന്ന ഗാനത്തിന്റെ 25-ാം വാര്‍ഷിക വേളയില്‍ ആ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് രചയിതാവ് ജോബി മലേക്കുടി.
ഭക്തിമാര്‍ഗത്തെ പരിഹസിച്ചിരുന്ന യൗവനകാലത്ത്, മൂവാറ്റുപുഴ നിര്‍മ്മല കോളജില്‍ ഡിഗ്രിക്ക് പഠിച്ചിരുന്ന യുവാവ് ആദ്യമായി കലാലയത്തില്‍ സംഘടിപ്പിച്ച വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്തു. ആ ധ്യാനം അദ്ദേഹത്തിന്റെ ചിന്തകളെ മാറ്റിമറച്ചു.
അന്നു തുടങ്ങിയതാണ് മരിയഭക്തിയുടെ പ്രചാരകനായ അടിമാലി മാങ്കുളം സ്വദേശി ബ്രദര്‍ ജോബി മലേക്കുടിയുടെ പ്രയാണം. ‘ആ യാത്രക്കിടെ മാതാവ് കാതില്‍ വരികള്‍ പറഞ്ഞു തന്ന, ഈണം മൂളിത്തന്ന ചില പാട്ടുകള്‍ ഞാന്‍ കടലാസിലേക്ക് പകര്‍ത്തുകയുണ്ടായി’ ജോബിയുടെ വാക്കുകളാണിത്. അത്തരത്തില്‍ തൃശൂര്‍ കാല്‍വരി ധ്യാനകേന്ദ്രത്തില്‍ ജോബി ‘പകര്‍ത്തിയെഴുതി’ ഈണമിട്ട ഗാനമാണ് വിവിധ യൂട്യൂബ് ചാനലുകളിലായി ഒരുകോടിയിലധികം ആസ്വാദകര്‍ ശ്രവിച്ച ‘റോസാപ്പൂവേ’ എന്ന മരിയന്‍ ഭക്തി ഗീതം.

സുജാത മോഹന്‍
ഗാനം പുറത്തിറങ്ങിയതിന്റെ 25-ാം വാര്‍ഷികം കൂടിയാണിത്. ആദ്യ വരികള്‍ എഴുതിയ ശേഷം ദിവസങ്ങള്‍ക്കുശേഷം വീട്ടിലെ കൃഷിപ്പണിക്കിടെയാവും അടുത്ത വരികള്‍ മനസ്സില്‍ മൂളിയെത്തുന്നത്. ഏതാണ്ട് മൂന്നുമാസങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കിയതാണ് ‘റോസാപ്പൂവേ’ എന്ന ഈ ഗാനം. മറിയത്തിന്റെ വിശേഷണമായി ബൈബിള്‍ ബിംബങ്ങള്‍ ഒന്നൊന്നായി മനസ്സില്‍ തെളിഞ്ഞത്, പരിശുദ്ധ അമ്മ പറഞ്ഞു തന്നതാണൈന്ന് ജോബി വിശ്വസിക്കുന്നു. ആബാ പിതാവിന് സമര്‍പ്പിച്ചിട്ടുള്ള പരിസമാപ്തിയും. തിരുവെഴുത്തുകള്‍ മാത്രമല്ല, ചിലപ്പോള്‍ സാധാരണക്കാരന് കുറിച്ചുവയ്ക്കുന്ന പാട്ടുകളും ദൈവനിവേശിതമാവാം എന്നാണ് ഈ രചയിതാവിന്റെ പക്ഷം.
കാല്‍വരി ധ്യാനകേന്ദ്രത്തിലാണ് ഈ പാട്ട് ആദ്യമായി പാടിയത്. പുറമേ നിന്നും വന്ന അക്രൈസ്തവനായ ഒരു യുവാവാണ് ആലപിച്ചത്. അന്നു തന്നെ ഈ പാട്ട് അദ്ഭുതങ്ങള്ക്കിടയാക്കിയെന്ന് പല സാക്ഷ്യങ്ങളെത്തി. ഓരോ തവണ ആലപിക്കുമ്പോഴും അദ്ഭുതങ്ങള്‍ ഒപ്പമെത്തി. പിന്നീടായിരുന്നു ഗാനത്തിന്റെ റൊക്കോര്‍ഡിങ്ങ്. ഇപ്പോള്‍ കോട്ടയം ഉരുളികുന്നില്‍ സേവനം ചെയ്യുന്ന ഫാ. ജേക്കബ് വെള്ളിമരുതിങ്കലാണ് തൃശൂരിലെ ഒരു സ്റ്റുഡിയോയില്‍ റെക്കോര്‍ഡിങ്ങ് ഏര്‍പ്പാടാക്കിയത്. കാസറ്റിലെ പത്താമത്തെ പാട്ടായി ‘റോസാപ്പൂവേ’ ഉള്‍പ്പെടുത്തിയിരുന്നു. സാധാരണ ഫ്ളാഗ്ഷിപ്പ് ട്രാക്ക് അവസാനമായി ഉള്‍പ്പെടുത്തുന്ന പതിവുപോലെ. ഓര്ക്കസ്ട്രേഷനെത്തിയ ജോസ് കുണ്ടുകുളം എന്ന യുവാവ് പറഞ്ഞു – റോസാപ്പൂവേ എന്ന ഗാനം സുജാത മോഹനെക്കൊണ്ട് തന്നെ പാടിക്കണം.
സുജാതയെങ്കില് ചെന്നൈയില്‍ പോവേണ്ടേ, എല്ലാവരും ഒരേസ്വരത്തില്‍ ചോദിച്ചു. ഇവിടത്തെ റെക്കോഡിങ് പോലും ഒരു വ്യക്തിയുടെ ഔദാര്യത്തിലാണ് നടക്കുന്നത്. ഈ അവസ്ഥയില്‍ ചെന്നൈയില്‍ പോയി റെക്കോഡ് ചെയ്യാന്‍ ചിലവ് ആരു വഹിക്കും? ജോസ് നിര്‍ബന്ധം പിടിച്ചു – ഈ പാട്ടിന്റെ ഫീല്‍ അതേപോലെ വേണമെങ്കില്‍ സുജാത മോഹന്‍ തന്നെ പാടണം. വെള്ളിമരുതിങ്കല് അച്ചന് ഒടുവില്‍ പറഞ്ഞു – ചെന്നൈ എങ്കില്‍ ചെന്നൈ, ബാക്കി കാര്യങ്ങള്‍ മാതാവ് നോക്കിക്കോളും. ആദ്യം ഗായികയുടെ ഡേറ്റ് നോക്ക്. എിന്നുവേണം ട്രെയിന്‍ ബുക്ക് ചെയ്യാന്‍.

ജോബി മലേക്കുടി
എല്ലാം ഉറപ്പാക്കി ജോസ് കുണ്ടുകുളം സുജാത മോഹന്‍ ഫോണ്‍ ചെയ്തു. അവര്‍ ഫോണ്‍ എടുത്തില്ല. അല്പനേരം കഴിഞ്ഞ് ദാ സുജാത തിരികെവിളിക്കുന്നു.
സുജാത പറഞ്ഞു: ഞാന്‍ െൈചന്നയിലില്ല. രോഗിയായ ഒരു ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുന്നുവെന്ന്. ട്രെയിന്‍ ഇപ്പോള്‍ തൃശൂര്‍ സ്റ്റേഷന് അടുക്കാറായി. കാര്യമറിഞ്ഞ സുജാത അടുത്ത സ്റ്റേഷനിലിറങ്ങി. അന്നു തന്നെ ആ റെക്കോര്‍ഡിങ് പൂര്‍ത്തിയായി. ഇങ്ങനെ ഇങ്ങനെ അദ്ഭുതങ്ങള്‍ അകമ്പടി സേവിച്ച ഗാനമാണിത്. ജോബി മലേക്കുടി പറയുന്നു. വിവിധ യൂട്യൂബ് ചാനലുകളിലായി പാട്ടിനു താഴെയുള്ള കമന്റുകളിലും നിരവധി അദ്ഭുതങ്ങളുടെ സാക്ഷ്യം കാണാം.
ഏഴുമക്കളുള്പ്പെടുന്ന പതിനൊംഗ കുടുംബത്തിന്റെ നാഥനായ ജോബി ഇടുക്കി രൂപത ഫാമിലി അപ്പസ്തോലേറ്റ് ചുമതലക്കാരന് കൂടിയാണ്. ‘റോസാപ്പൂവേ’ എന്ന ഗാനത്തിന്റെ 25-ാം വാര്‍ഷിക വേളയില്‍ ആ ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ കഴിഞ്ഞതും മാതാവിന്റെ ഇടപെടലായി ജോബി ഉറച്ചു വിശ്വസിക്കുന്നു.