കൊച്ചി: ലയണൽ മെസിയും അർജന്റീന ടീമും ഇന്ത്യയിലേക്കെത്തുന്നത് കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇതിനായി വലിയ തയ്യാറെടുപ്പുകൾ കേരളത്തിലടക്കം നടക്കവെയാണ് നിരാശപ്പെടുത്തുന്ന റിപ്പോർട്ട് പുറത്തുവന്നത്.
മെസിയും സംഘവും നവംബർ 17ന് കേരളത്തിലേക്ക് വരുമെന്നായിരുന്നു റിപ്പോർട്ടുണ്ടായിരുന്നത്. അർജന്റീനയും ഓസ്ട്രേലിയയും തമ്മിലുള്ള സൗഹൃദ മത്സരം കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുമെന്നായിരുന്നു പ്രഖ്യാപനമുണ്ടായിരുന്നത്. ഇതിന്റെ ഭാഗമായി കൊച്ചി സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനങ്ങളടക്കം ആരംഭിച്ചിരുന്നു.
വലിയ പ്രതീക്ഷയോടെ മെസിക്കായി ആരാധകർ കാത്തിരിക്കവെയാണ് നിരാശപ്പെടുത്തുന്ന വാർത്ത പുറത്ത് വരുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അർജന്റീന ടീമിന്റെ ഇന്ത്യൻ പര്യടനം റദ്ദാക്കിയിരിക്കുകയാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) വൃത്തങ്ങളെ ഉദ്ധരിച്ച് അർജന്റീനയിലെ പ്രമുഖ പത്രമായ ദ നേഷനാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ കരാർ പ്രകാരമുള്ള കാര്യങ്ങൾ നിരന്തരം ലംഘിച്ചുവെന്നും അതിനാൽ എഎഫ്എ കരാർ പ്രകാരമുള്ള മത്സരം മറ്റൊരു തീയ്യതിയിലേക്ക് പരിഗണിച്ചേക്കുമെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
അർജന്റീന ടീമിന്റെ ഇന്ത്യൻ ഷെഡ്യൂൾ മാറ്റം വരുമെന്ന റിപ്പോർട്ട് നേരത്തെ തന്നെ പ്രമുഖ സ്പോർട്സ് ചാനലായ ടിവെെസി സ്പോർട്ടും മുൻഡോ ആൽബിസെലസ്റ്റെയും റിപ്പോർട്ട് ചെയ്തിരുന്നു. വലിയ അഭ്യൂഹങ്ങൾക്കൊടുവിലായിരുന്നു അർജന്റീന ടീമിന്റെ ഇന്ത്യൻ പര്യടനം സംബന്ധിച്ച് സ്ഥിരീകരണം വന്നത്. ലയണൽ മെസി തന്നെ ഇന്ത്യ സന്ദർശിക്കാൻ പോകുന്ന കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇതോടെ ആരാധകരെല്ലാം ആവേശത്തിലായിരുന്നു.