തിരുവനന്തപുരം: ഷെയ്ൻ നിഗം നായകനായ ഹാൽ എന്ന സിനിമ, പരിശോധിച്ച സെൻസർ ബോർഡ് പ്രദർശനാനുമതിക്കു മുമ്പ് റിവൈസിംഗ് കമ്മിറ്റിക്കു വിട്ടതു, ഗൗരവമായ പ്രശ്നങ്ങളുടെ പേരിലെന്നു സൂചന. ഇതരമതസ്ഥനുമായുള്ള പ്രണയവിവാഹത്തെ പ്രോത്സാഹിപ്പിക്കാൻ ക്രിസ്ത്യൻ ബിഷപ് ശ്രമിക്കുന്നതായുള്ള സിനിമയിലെ ആഖ്യാനത്തിനു പിന്നിൽ തെറ്റിദ്ധാരണ പരത്തുകയെന്ന നിക്ഷിപ്ത താത്പര്യമുണ്ട്.
ഹിന്ദു യുവാക്കളെ അവരുടെ കുടുംബ തൊഴിലിന്റെ പേരിൽ അപമാനിക്കുന്ന രംഗങ്ങളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുസ്ലിങ്ങൾ ഒഴികെ മറ്റ് വിഭാഗത്തിലെ കഥാപാത്രങ്ങളെ മദ്യപാനികളായി ചിത്രീകരിക്കുന്നു. പൊതുവേദികളിൽ ക്രിസ്തീയ വിശ്വാസം ഉയർത്തിപ്പിടിച്ചു സംസാരിക്കുന്ന ജോണി ആൻ്റണി എന്ന നടൻ അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രം തന്നെ മുസ്ലിം യുവാവുമായുള്ള ക്രിസ്ത്യൻ യുവതിയുടെ പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതും ആസൂത്രിമാണ് എന്ന ആരോപണമുണ്ട്.
ബീഫ് ബിരിയാണിയും ധ്വജപ്രണാമവും മറ്റും ആണ് സെൻസർ ബോർഡിന്റെ നിയന്ത്രണം ഉണ്ടായതിനു പിന്നിൽ എന്നാണു നിർമ്മാതാക്കൾ അറിയിച്ചിരുന്നതെങ്കിലും, സിനിമ തികച്ചും ആസൂത്രിത മത സ്പർദ്ധ വളർത്തുന്നതിനും ഇതര മതങ്ങളെ ഇകഴ്ത്തുന്ന രീതിയിലും ആണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.