പുസ്തകം / ബോബൻ വരാപ്പുഴ
‘അറിയാത്ത അദ്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ അറിയുന്ന എന്റെ നിളാനദിയെയാണ് എനിക്കിഷ്ടം.’ (എം.ടി). ‘സാധുവും ബുദ്ധിഹീനനുമായ അടിയൻ, തമ്പുരാക്കന്മാർ സമക്ഷം സമർപ്പിക്കുന്ന ദയാഹർജി …..തമ്പുരാക്കന്മാർ അടിയനോട് ക്ഷമിക്കണം, തലകൊയ്യൽ കൈ വെട്ടൽ തുടങ്ങിയ ശിക്ഷകളൊന്നും അടിയന് വിധിക്കുമാറാകരുത്…’
പണ്ടൊരിക്കൽ, അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് മാതൃഭൂമിയിൽ നിന്നുമെടുത്ത മെഡിക്കൽ ലീവ് സമയത്ത്, അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ പോയതിന്റെ പേരിൽ ലഭിച്ച കാരണം കാണിക്കൽ നോട്ടിസിന് മാതൃഭൂമിക്ക് നൽകിയ മറുപടിയാണിത്.
എം.ടിയുടെ രാജിക്കത്തു കൂടിയായിരുന്നത്. എം.ടി. മാതൃഭൂമിയുടെ പടിയിറങ്ങിയെന്ന് ലളിതമായി പറഞ്ഞു പോകാൻ ബുദ്ധിമുട്ടാണ്. കാരണം അവിടെ ജോലി ചെയ്യുകയെന്നത് അദ്ദേഹത്തിന്റെ ജന്മാഭിലാഷംപോലെയുള്ള ആഗ്രഹമായിരുന്നു.
അതിന് മുമ്പ്, ഗ്രാമ റൂറൽ ഡവലപ്മെന്റ് ഓഫീസറായി ലഭിച്ച സർക്കാർ ജോലി എം.ടി ഒരേയൊരു ദിവസം കൊണ്ട് മതിയാക്കി.. ജീവിതോപാധിയായി ഒരുജോലി അനിവാര്യമായിരുന്നെങ്കിലും എവിടെയും ആധിപത്യങ്ങളെ എം.ടി യെന്ന സാഹിത്യകാരൻ വെറുത്തു. കലഹിച്ചു. കോപത്താൽ വിറച്ചു.
എന്നിട്ടും, 1956-1981 /1989 – 1999എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി നീണ്ട മൂന്നരപ്പതിറ്റാണ്ട് എം.ടി മാതൃഭൂമിയുടെ ഭാഗമായി. മാതൃഭൂമി എം.ടി യിലൂടെ ശോഭനമായൊരു സ്ഥിതിവിശേഷത്തിലേയ്ക്കെത്തി എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി. കാരണം, എം.ടി പടിയിറങ്ങിയപ്പോഴെല്ലാം ആഴ്ച്ചപ്പതിപ്പിന്റെ സർക്കുലേഷൻ കൂപ്പുകുത്തി. തിരിച്ചു വരവിൽ അത് വീണ്ടും ഉന്നതിയിലായി. ലഭിക്കുന്ന മാറ്ററുകളെ സസൂക്ഷ്മം നിരീക്ഷിച്ച് മാറ്റം വേണ്ടവയിൽ കൃത്യമായി അത് ചെയ്ത് മാറ്റുള്ളതാക്കാൻ എം.ടി യെന്ന പത്രാധിപർ കാണിച്ചിട്ടുള്ള നിതാന്ത ജാഗ്രതയും ദീർഘക്ഷമയും സമാനതകളില്ലാത്തതാണ്. ഈ ആത്മാർത്ഥമായ സർഗ്ഗാത്മ ധൈര്യമാണ് എം.ടി യെന്ന മനുഷ്യനെ വേറിട്ടു നിറുത്തുന്നത്.
ഒരു സംഭവമുണ്ടായി. വ്യവസായ സംരംഭങ്ങളെല്ലാം തകർന്നൊരാൾ ആത്മഹത്യ ചെയ്യാൻ ആലോചിക്കുന്ന കാലത്താണ് വിഖ്യാതമായ രണ്ടാമൂഴം, കലാകൗമുദിയിൽ വരുന്നത്. ഒരു ലക്കം കാണാനിടയായ അയാൾ അടുത്ത ലക്കം കൂടി വായിച്ചിട്ട് മതി തന്റെ മരണമെന്ന തീരുമാനത്തിലെത്തി. അതും പുറത്തുവന്നപ്പോൾ അടുത്തതും കൂടി വായിച്ചിട്ട് മതിയെന്നായി. ഒടുവിൽ നോവൽ തീർന്നപ്പോൾ അയാൾ തന്റെ മരണമോഹം വിട്ടു കഴിഞ്ഞിരുന്നു. കേരള സ്കൂൾ കലോത്സവ വേദികളിൽ പാരമ്പര്യത്തിന്റെ സദ്യവട്ടമൊരുക്കി പ്രശസ്തനായ പഴയിടം മോഹനൻ നമ്പൂതിരിക്കാണ് രണ്ടാമൂഴം ജീവിതം തിരിച്ചു നൽകിയത്. ഒരിക്കൽ ഒരു കലോത്സവ വേദിയിൽ എം.ടിക്ക് സദ്യവിളമ്പി പഴയിടം തന്റെ ആജിവനാന്ത കടപ്പാട് അറിയിച്ചു.
അനുഭവങ്ങളിൽ നിന്നാണ് ഭാവനകളുണ്ടാകുന്നത്. എരിയുന്ന വയറും തോരാത്ത വ്യാധിയും നാളേയ്ക്കായുള്ള നിക്ഷേപമാക്കുന്നവന്റെ കാലഗണന പൂക്കുന്ന പൂന്തോപ്പ്. അവിടെ അയാൾ കഥാപ്രവാഹം നിപതിക്കുന്ന വറ്റാത്തൊരു മാനസസരോവരത്തിലിരുന്ന് നിരന്തരം കഥകളെഴുതി ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചു. അയാളെഴുതിയതെല്ലാം അയാളെക്കുറിച്ചും തന്നെ താനാക്കിയ തന്റെ പരിസരങ്ങളെയും കുറിച്ചായിരുന്നു. അവിടെയുള്ള സത്യവാൻമാരായ മനുഷ്യർ നാമഭേദങ്ങൾ സ്വീകരിച്ച് അയാളുടെ കഥാപാത്രങ്ങളായി മാറി. ജീവിതഗന്ധമുള്ള ആ കഥാപാത്രങ്ങളെ സൃഷ്ടിച്ചതിന്റെ പേരിൽ കൈവന്നത് ജ്ഞാനപീഠം മുതൽ പത്മഭൂഷൺ, പത്മവിഭൂഷൺ, മുതലായ എണ്ണമറ്റ അംഗീകാരങ്ങൾ. ഇന്നിപ്പോൾ അതൊരു സംസ്കാരികചരിത്രമായി മാറുകയാണ്.
1081 പേജുകളിലായി പരന്നു കിടക്കുന്ന സുദീർഘവും സമഗ്രവുമായ ഈ ജീവചരിത്രരേഖ ഒരു കാലഘട്ടത്തിന്റെ സാക്ഷിപത്രവും കൂടിയാണ്. എം.ടിയെ നിഴലെന്നപോലെ പിൻതുടരുന്നൊരാൾക്ക് മാത്രം എഴുതാൻ സാധിക്കുന്ന ഒരു പുസ്തകം. ഡോ. കെ. ശ്രീകുമാർ അതിനേറ്റം യോഗ്യനായ ഗ്രന്ഥകാരനാണെന്ന് ഇതിലെ ഓരോ പേജും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
വായനയെ അലസോരപ്പെടുത്താത്ത, ശാന്തമായൊഴുകുന്നൊരു നദി പോലെ അനുഭവവേദ്യമാകുന്ന എഴുത്തിന്റെ സൗന്ദര്യം.
അപൂർവ്വമായെങ്കിലും വാക്കുകളെ അളന്നുതൂക്കി സംസാരിച്ചിരുന്ന അദ്ദേഹത്തിന്റെ ഉള്ളിലെ നിഗൂഢമായൊരു മോഹമായിരുന്നിരിക്കണം ഈ പുസ്തകം കാണണമെന്നത്. പക്ഷേ, ഇതിന്റെ പൂർണ്ണത കാണുവാൻ കാലം ആ മഹാസാഹിത്യകാരനെ അനുവദിച്ചില്ല.
മലയാള ഭാഷയെ മനോഹരവും ശ്രേഷ്ഠവുമാക്കിയ സാഹിത്യ സൃഷ്ടികൾ പിറന്നതെങ്ങിനെയെന്നതും അതിൽ മാടത്ത് തെക്കേപ്പാട്ടിൽ വാസുദേവൻ നായരെന്ന എം.ടി യുടെ മഹത്തായ സംഭാവനകളും തിരിച്ചറിയുമ്പോൾ മലയാളം ആ ശ്രേഷ്ഠ ഗുരുനാഥന്റെ മുമ്പിൽ കൂപ്പുകയ്യോടെ നിൽക്കുന്നു. മലയാളത്തിന്റെ യശസ്സുയർത്തിയ അനേകം കാവ്യ, ചെറുകഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ, ആത്മകഥ, നാടകം, തിരക്കഥകൾ… വകഭേദങ്ങൾ ഏതുമാകട്ടെ അത്തരം ഗണങ്ങളിൽപ്പെട്ട അനേകംസൃഷ്ടികളെ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കാൻ നിയുക്തനായ ഒരാളായിരുന്നു എം.ടിയെന്ന പത്രാധിപർ.

എഴുതുന്നവരെ അന്വേഷിച്ച് അങ്ങോട്ട് തേടിച്ചെന്ന് അവരിൽ നിന്ന് എഴുതി വാങ്ങാൻ സന്മനസ് കാണിച്ച വലിയ മനുഷ്യൻ. അവയിൽ മിക്കതിനെയും ചവറ്റുകൊട്ടയിലെറിഞ്ഞില്ല. പകരം തേച്ച് മിനുക്കി മികവുള്ളതാക്കി തന്റെ വാരികയിൽ അച്ചടിച്ചു. അപ്പോൾ സ്വന്തം സൃഷ്ടിയുടെ രൂപമാറ്റം കണ്ട് അന്ന് ഞെട്ടിയവരിൽ ചിലർ ഇന്ന് വലിയ സാഹിത്യകാരൻമാരാണ്.
എണ്ണമറ്റ ചെറുകഥകൾ, ലേഖനങ്ങൾ, സ്മരണകൾ, 10 നോവലുകൾ, 62 തിരക്കഥകൾ, സംവിധാനം ചെയ്ത 5 സിനിമകൾ, എം.ടി സാഹിത്യം അനേകം പരദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2002 ന് ശേഷം എം.ടി യിൽ നിന്നും നോവലുകളൊന്നും പുറത്തുവന്നില്ല.
നോവലാക്കാവുന്ന ഒന്നിലധികം പ്രമേയങ്ങൾ ആ മനസിലുണ്ടായിരുന്നു. 2024-ൽ അതിനായി ഒരു ശ്രമം നടത്തി നോക്കി. അപ്പോഴേക്കും വയ്യായ്കയുടെ അവശതയിലേക്ക് വീണുപോയിരുന്നു.
എം.ടി യെന്നത് ആഖ്യാനസൗന്ദര്യത്തെ ദ്യോതിപ്പിക്കുന്ന രണ്ടക്ഷരമാണ്. ജീവിതം കൊണ്ട് കഥ പറഞ്ഞ് കഥയെ ജീവിതമാക്കുന്ന നൈസർഗികതയുടെ രണ്ടക്ഷരം. ആ സർഗ്ഗധനന്റെ ജീവിതചരിത്രം കാലഭേദങ്ങൾക്കപ്പുറവും വായിക്കേണ്ട വിശേഷമാണ്. അപ്പോൾ എം.ടി. കാലപ്രവാഹങ്ങളെയും അതിജീവിക്കേണ്ട അറിവിന്റെ പാതയാണ്. വരുംതലമുറകളും ആ ദീപ്തിയിൽ നിന്നും പുതുവ്യാഖ്യാനത്തിന്റെ കണ്ടെത്തലുകളെ പ്രഖ്യാപിക്കേണ്ട അനിവാര്യതയാണ്. അതാണ് ഈ ജീവചരിത്രത്തിന്റെ പ്രസക്തി.